അതിഥിയുടെ കടി ഏറ്റെങ്കിലും... വാവ സുരേഷിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധ്യത; ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കു സുരേഷ് കൃത്യമായി മറുപടി പറഞ്ഞതോടെ ജീവിതം സാധാരണ നിലയിലേക്കെന്നു സൂചന; പാമ്പുകടിയായതിനാല്‍ അല്‍പനാള്‍ കൂടി നിര്‍ണായകം

മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനായി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥിച്ചു. സര്‍പ്പ ദൈവങ്ങള്‍ കാത്തു എന്നുവേണം പറയാന്‍. ഈയൊരു കടി വേറെയാള്‍ക്കാണ് കിട്ടിയെങ്കില്‍ ജീവിച്ചിരിക്കാന്‍ സാധ്യത കുറവാണ്.
വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. ഡോക്ടര്‍മാരുടെ സഹായത്തോടെ സുരേഷ് അല്‍പം നടന്നു. ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കു സുരേഷ് കൃത്യമായി മറുപടി പറഞ്ഞതോടെ ജീവിതം സാധാരണ നിലയിലേക്കെന്നു സൂചന.
'ഞാന്‍ സുരേഷ്, വാവ സുരേഷ്' ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പേരു ചോദിച്ചപ്പോള്‍ ഇങ്ങനെ മറുപടി നല്‍കി. ഓര്‍മ തിരിച്ചുകിട്ടിയോ എന്ന് അറിയുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.
പാമ്പു കടിച്ചതിനെപ്പറ്റി ചോദിച്ചില്ല. ഹൃദയസ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നും ഡോ. ജയകുമാര്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വാവ സുരേഷിനെ ഇന്ന് വാര്‍ഡിലേക്കു മാറ്റിയേക്കും. തിങ്കളാഴ്ചയാണു വാവ സുരേഷി(48)നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാട്ടാശേരിക്കാരുടെ കണ്‍മുന്നിലായിരുന്നു വാവ സുരേഷിനു പാമ്പു കടിയേറ്റത്. 2 ദിവസമായി എല്ലാവരും കാത്തിരിക്കുന്നത് സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി അറിയാനാണ്. തിങ്കളാഴ്ച പാട്ടാശേരി നിജു വാണിയപ്പുരയ്ക്കലിന്റെ വീട്ടുവളപ്പില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുമ്പോഴാണു സുരേഷിന് കടിയേറ്റത്. നിജുവിന്റെ വീട്ടിലേക്കു പലരും ഫോണ്‍ വിളിക്കുന്നുണ്ട്. എന്റെ മോനെപ്പോലെയാണ് ആ കുഞ്ഞും. ഒരാപത്തും ആ കുഞ്ഞിന് ഉണ്ടാവില്ല. ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്. എന്നാണ് പാട്ടാശേരിക്കാരുടെ പ്രതികരണം.
ചങ്ങനാശേരി തോടിന്റെ സമീപത്താണു പാട്ടാശേരി പ്രദേശം. ചുറ്റും പാടശേഖങ്ങളും ജലാശയങ്ങളുമുള്ള ഇവിടെ പാമ്പുകളുടെ ശല്യം പതിവാണ്. ആളുകളുടെ അനക്കം കേട്ടാല്‍ പാടത്തേക്കോ തോട്ടിലേക്കോ പാമ്പിറങ്ങും. തിങ്കളാഴ്ചയാണ് വാവയ്ക്കു കടിയേറ്റത്.
ചൊവ്വാഴ്ച രാത്രിയും ഈ പ്രദേശത്തു പാമ്പിനെ കണ്ടിരുന്നു. സര്‍പ്പ ആപ്പില്‍ അറിയിച്ചതനുസരിച്ചു വൊളന്റിയര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കിട്ടിയില്ല. എന്നാല്‍ ഒരു മൂര്‍ഖന്റെ പടവും മുട്ടകളുടെ അവശിഷ്ടവും കണ്ടെത്തി. ഇവിടെ മറ്റൊരു പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്നു വാവ സുരേഷ് പറഞ്ഞിരുന്നു. എന്നാല്‍ ആദ്യത്തെ പാമ്പിനെ പിടിച്ചപ്പോള്‍ത്തന്നെ സുരേഷിനു കടിയേറ്റു.
ഞങ്ങളുടെ വാവയുമായി നടന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങണം എന്നാണ് വാവ സുരേഷിന്റെ മൂത്ത സഹോദരന്‍ സത്യദേവന്റെ വാക്കുകള്‍. വാവ ആശുപത്രിയിലായതറിഞ്ഞു സഹോദരി ലാലിയെയും കൂട്ടി തിരുവനന്തപുരത്തു നിന്ന് എത്തിയതാണു സത്യദേവന്‍. തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കല്‍ ഗ്രാമത്തിലാണ് ഇവരുടെ വീട്.
അയല്‍വീടുകളില്‍ മലയാള മാസം ഒന്നാം തീയതി കയറാന്‍ പലരും വിളിച്ചിരുന്നതു വാവയെയാണെന്നു സഹോദരന്‍ പറയുന്നു. ഒന്നാം തീയതി ആദ്യം വീട്ടില്‍ക്കയറി വന്നാല്‍ ആ മാസം ഐശ്വര്യമുണ്ടാകുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ക്ഷണം. ആദ്യ നടീലിനും വിളിക്കുന്നവരുണ്ടായിരുന്നു. വാവയുടെ കൈ പൊലിക്കും എന്നായിരുന്നു വിശ്വാസം. ആളുകള്‍ ഉപേക്ഷിച്ചു പോകുന്ന നായ്ക്കുട്ടികള്‍, പൂച്ചകള്‍ എന്നിവയെ വീട്ടിലേക്കു കൊണ്ടുവരികയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതു വാവയുടെ ശീലമായിരുന്നെന്നു സത്യദേവന്‍ പറഞ്ഞു.
12ാം വയസ്സ് മുതല്‍ പാമ്പിനെ പിടിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വീട്ടുകാര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള വാവയ്ക്ക് ഇഴജന്തുക്കളെക്കുറിച്ചു പഠിച്ചവരെക്കാള്‍ അറിവുണ്ടെന്നു സത്യദേവന്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























