ലോകായുക്ത നിയമം ഭേദഗതിചെയ്യാനുള്ള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനം നീളുന്നു; രാജ്ഭവനിൽ മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞെങ്കിലും ഓർഡിനൻസുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ആലോചന നടത്തി തുടങ്ങിയില്ല

ലോകായുക്ത നിയമം ഭേദഗതിചെയ്യാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ ഇല്ലയോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ ഗവർണറുടെ നിലപാട് കഴിഞ്ഞദിവസം അറിയാൻ സാധിക്കും എന്നായിരുന്നു നിഗമനങ്ങൾ. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടും തീരുമാനവും വൈകുകയാണ്.
രാജ്ഭവനിൽ മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞെങ്കിലും ഓർഡിനൻസുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ആലോചന നടത്തി തുടങ്ങിയില്ല. ഗവർണറുടെ ഈ തീരുമാനം നീളുന്ന സാഹചര്യത്തിൽ മറ്റ് നീക്കങ്ങൾ നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുവാനാണ് സർക്കാർ നീക്കം.
ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമല്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഈ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് പുതിയ കത്തുനൽകുകയുണ്ടായി. സർക്കാരിന്റെ വാദങ്ങളെ വീണ്ടും തടഞ്ഞു കൊണ്ടാണ് ഇത്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നൽകിയ കത്തിന് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിക്കുകയുണ്ടായി.
ഓർഡിനൻസ് ഗവർണർക്കു സമർപ്പിച്ച് കഴിഞ്ഞ് ഇത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്ന വ്യവസ്ഥയൊന്നുമില്ല. ഏത് സമയത്ത് ചെയ്യണമെന്ന് ഗവർണർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. മൂന്നുമാസം മുന്നേ സർക്കാർ നൽകിയ മറ്റൊരു ഓർഡിനൻസും രാജ്ഭവനിൽ ഉണ്ട്. തീരുമാനം കാത്തു കിടക്കുകയാണ് ആ ഓർഡിനൻസും. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചാണ് ഇതുള്ളത് .
അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുന്ന സമയം ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്ന വ്യവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത് . ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്. ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഒരു ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്നു. കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്.
ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ നിയമസഭാ സമ്മേളനം ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കുകയും സർക്കാരിന് ബില്ലായി കൊണ്ടുവരാനും സാധിക്കും. ഓർഡിനൻസായി നിയമഭേദഗതി കൊണ്ടുവന്നതിനെയാണ് സി.പി.ഐ. ഇപ്പോൾ എതിർത്തിരിക്കുന്നത് . നിയമത്തിന്റെ ഉള്ളടക്കത്തെ ഇത് വരെ എതിർത്തിട്ടില്ല.
ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് കാര്യങ്ങൾ അനുകൂലമായി മാറും . എന്നാൽ അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും എന്ന ദൃഢനിശ്ചയത്തിലാണ്. ഗവർണർ ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനേൽക്കുന്ന കനത്ത പ്രഹരമായി അത് മാറും . ലോകായുക്ത നിയമം ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട് സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു തിരിച്ചടി തന്നെയാണ് .
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണ്. ഇതാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടുതന്നെ ലോകായുക്ത സംസ്ഥാന വിഷയമാണ്. നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും വിശദമാക്കിയിട്ടുണ്ട്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവർണറുടെ തീരുമാനം വന്നയുടൻ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സർക്കാറിന്റെ നീക്കം . നിയമസഭ സമ്മേളന തീയതി ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചില്ല. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറാം തീയതി തിരിച്ചെത്തും. ഗവര്‍ണറുടെ തീരുമാനവും കൂടി അറിഞ്ഞശേഷം തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സര്‍ക്കാർ പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha























