ലോകായുക്തയും ഹൈക്കോടതിയും പറഞ്ഞതുപോലെ തെളിവുകളുമായി വന്നാൽ ഇനി ഞാനും പരിഗണിക്കാം; സ്നേഹപൂർവ്വം നിയമജ്ഞാനമില്ലാത്ത പണിക്കർ; ജോമോൻ പുത്തൻപുരയ്ക്കലിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

ജോമോൻ പുത്തൻപുരയ്ക്കലിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രിയപ്പെട്ട ജോമോൻ പുത്തൻപുരയ്ക്കൽ, അവസാനമാണ് ക്ളൈമാക്സ് എങ്കിലും മൊത്തം വായിക്കുക. ക്ലൈമാക്സിലേക്ക് പോയിട്ട് തിരികെ വന്ന് വായിച്ചാലും മതി.
ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ താങ്കളുടെ ആരോപണം അബദ്ധവും തെളിവില്ലാത്തതും ആണെന്ന് ഞാൻ പറഞ്ഞതിന് എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുന്നതുകൊണ്ട് കാര്യമില്ല. എന്നെ ന്യായീകരണ തൊഴിലാളി അഖിലേന്ത്യാ പ്രസിഡന്റ് എന്നൊക്കെ വിളിക്കുന്നതിനു മുൻപേ താങ്കളുടെ ആരോപണങ്ങളിൽ ആവർത്തിച്ചു കടന്നുവരുന്ന അബദ്ധങ്ങൾ മനസ്സിലാക്കുന്നതല്ലേ നല്ലത്?
ആദ്യമേ പറയട്ടെ ജസ്റ്റിസ് ജോസഫ് ലാബ് സന്ദർശിച്ച് റിപ്പോർട്ട് അട്ടിമറിച്ചെന്ന ആരോപണം പൊളിഞ്ഞതാണ്. കാരണം റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് 7 മാസം കഴിഞ്ഞാണ് ജസ്റ്റിസ് ജോസഫ് ലാബ് സന്ദർശിച്ചത്.
ജസ്റ്റിസ് ജോസഫ് തന്റെ പൊതുപ്രസ്താവന ദി ഹിന്ദുവിനെ സ്വാധീനിച്ച് നൽകിയതാണെന്ന ആരോപണവും പൊളിഞ്ഞതാണ്. കാരണം ദി ഹിന്ദുവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.
മേല്പറഞ്ഞ രണ്ടു കാര്യങ്ങളും ഞാൻ ചർച്ചയിൽ പറഞ്ഞിരുന്നു. ജസ്റ്റിസ് ജോസഫ് അഭയാ കേസ് പ്രതിക്ക് നാർക്കോ സിഡിയിലെയും റിപ്പോർട്ടിലെയും വിവരങ്ങൾ ചോർത്തിയെന്ന താങ്കളുടെ പുതിയ ആരോപണത്തിന് യാതൊരു തെളിവുകളും ഇല്ല. ഏത് മാർഗത്തിൽ എന്ന് ചോർത്തിക്കൊടുത്തു എന്നത് പറയാൻ ആവശ്യപ്പെട്ടതിന് താങ്കൾ മറുപടി നൽകിയിട്ടില്ല.
ജസ്റ്റിസ് ജോസഫ് വിവരങ്ങൾ ചോർത്തിയില്ലെങ്കിൽ തന്നെ, കുറ്റപത്രം സമർപ്പിക്കപ്പെട്ട ശേഷം, വിചാരണയ്ക്ക് വളരെ മുൻപുതന്നെ സിഡിയും റിപ്പോർട്ടും സിആർപിസി 207 പ്രകാരം പ്രതിയ്ക്ക് കിട്ടുമെന്ന് ഞാൻ പറഞ്ഞത് വസ്തുതയാണ്. താങ്കളുടെ ആ വാദം അബദ്ധമാണെന്ന് തെളിഞ്ഞപ്പോൾ പകരം താങ്കൾ ഉന്നയിച്ച വാദം അതിലേറെ അബദ്ധമാണ്.
ജസ്റ്റിസ് ജോസഫ് റിപ്പോർട്ട് ചോർത്തിയത് 2008ൽ ആണെന്നും കുറ്റപത്രം സമർപ്പിക്കപ്പെട്ടത് 2009ൽ ആണെന്നും, അതിനാൽ ചോർത്തിക്കിട്ടിയ വിവരങ്ങൾ പ്രതികൾക്ക് നേരത്തേ തയ്യാറാകാൻ ഗുണമായി എന്നുമൊക്കെയാണ് താങ്കളുടെ വാദം. അത് ശുദ്ധ അബദ്ധമാണ്. കാരണം 2009ൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടെങ്കിലും വിചാരണ ആരംഭിച്ചത് 2019ൽ ആണ്. അതായത് കുറ്റപത്രം സമർപ്പിക്കപ്പെട്ട് 10 വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിക്കുന്നത്.
10 കൊല്ലം സമയം കിട്ടിയില്ലെങ്കിലും പ്രതികൾക്ക് ആവശ്യമായ സമയം നൽകിയ ശേഷമാണ് വിചാരണ ആരംഭിക്കുന്നതെന്ന് നിയമപരിജ്ഞാനം ഉള്ളവർക്ക് അറിയാം. കാരണം അത് പ്രതിയുടെ നിയമപരമായ അവകാശമാണ്. ഞാൻ പറഞ്ഞത് തെറ്റെന്ന് തെളിയിക്കാൻ സിബിഐ റിപ്പോർട്ട് പുറത്തുവിട്ടു എന്നാണ് താങ്കളുടെ അടുത്ത വാദം. അതും അബദ്ധമാണ്. താങ്കൾ പുറത്തുവിട്ടത് നാർക്കോ ലാബിലെ ഡോ. മാലിനി സിബിഐക്ക് നൽകിയ സെക്ഷൻ 161 പ്രകാരമുള്ള മൊഴിയാണ്. അതെങ്ങനെ സിബിഐ റിപ്പോർട്ട് ആകും?
എന്തിനാണ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്? 161 പ്രകാരമുള്ള മൊഴിക്ക് യാതൊരു തെളിവ് സാധുതയും ഇല്ലെന്ന് താങ്കൾക്ക് അറിയില്ലേ? കർണാടക ജുഡീഷ്യൽ അക്കാഡമിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ലാബിന്റെ ക്ഷണം സ്വീകരിച്ചാണ് ജസ്റ്റിസ് ജോസഫ് അവിടെ എത്തിയത് എന്നാണ് ദി ഹിന്ദു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. എന്റെ ആ വാദം പൊളിച്ചെന്നൊക്കെ എന്തടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്?
ജസ്റ്റിസ് ജോസഫ് ലാബിൽ എത്തിയെന്നാണ് ഡോ. മാലിനിയുടെ മൊഴിയിൽ ഉള്ളത്. അത് ജസ്റ്റിസ് ജോസഫും നിഷേധിക്കുന്നില്ലല്ലോ. കർണാടക ജുഡീഷ്യൽ അക്കാഡമിയുടെ പരിപാടിയിൽ പങ്കെടുക്കാനല്ല അദ്ദേഹം എത്തിയതെന്നൊന്നും ഡോ. മാലിനി പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടി ഉണ്ടായിരുന്നില്ല എന്നൊക്കെ തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു വാദമെന്ന നിലയിലെങ്കിലും അത് പരിഗണിക്കാമായിരുന്നു. മറ്റ് തെളിവുകൾ അപ്പോഴും ആവശ്യമാണ്.
അഭയാ കേസിലെ സിഡി താൻ കണ്ടിട്ടില്ലെന്നാണ് ജസ്റ്റിസ് ജോസഫിന്റെ വിശദീകരണം. എന്നാൽ അദ്ദേഹം ലാബ് സന്ദർശിക്കുകയും രജിസ്റ്ററിൽ എഴുതുകയും ചെയ്തിട്ടുണ്ടെന്നും പറയുന്നു. അദ്ദേഹം അവിടെയുള്ള ചിത്രം ഉള്ളതുകൊണ്ട് അദ്ദേഹം സിഡി കണ്ടെന്ന് തെളിയിക്കാൻ ആവില്ല. തന്നോടൊപ്പം നാല് ജഡ്ജുമാരും മാധ്യമങ്ങളും ഉണ്ടായിരുന്നെന്ന് ജസ്റ്റിസ് ജോസഫ് പറയുകയും ചെയ്യുന്നുണ്ട്.
സിഡി അദ്ദേഹം കണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ അത് കണ്ടാലും റിപ്പോർട്ടിനെയും വിചാരണയെയും അട്ടിമറിക്കാൻ സാധിക്കില്ലെന്ന സാമാന്യയുക്തിയാണ് ഞാൻ പറഞ്ഞത്. താങ്കളുടെ അടുത്ത അബദ്ധം നോക്കൂ. നാർക്കോ സിഡി എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന ജസ്റ്റിസ് ഹേമയുടെ വിധിയെ കുറിച്ച് ഞാൻ പറയുമ്പോൾ താങ്കൾ പറയുന്നു അഭയാ കേസിലെ പ്രതികൾ നിരപരാധികൾ ആണെന്നും ആ വിധിയിൽ പറയുന്നുണ്ടെന്ന്.
അതായത് ഞാൻ ഉന്നയിച്ച വസ്തുതയെ ചോദ്യം ചെയ്യാൻ ആവില്ലെന്ന് മനസ്സിലാക്കിയ താങ്കൾ മറ്റൊരു വിഷയത്തിലേക്ക് ചർച്ചയെ വഴിമാറ്റാൻ ഒരു സ്ട്രോമാൻ വാദം ഇറക്കുകയാണ്. അത് രണ്ടും രണ്ട് വിഷയമാണ്. അഭയാ കേസിന്റെ മെറിറ്റിനെ കുറിച്ചല്ല നമ്മൾ ചർച്ച ചെയ്തുവന്നത്. നമ്മുടെ വിഷയം നാർക്കോ അനാലിസിസും അതെങ്ങനെ ജസ്റ്റിസ് ജോസഫ് ചോർത്തിയെന്നതും ആയിരുന്നു. അതിലേക്ക് വരൂ.
സിഡിയിൽ എഡിറ്റിങ് നടന്നെന്ന തന്റെ ബോധ്യം അതുപോലെ അവതരിപ്പിക്കാനല്ല ജസ്റ്റിസ് ഹേമ ശ്രമിച്ചതെന്ന് താങ്കൾ മനസ്സിലാക്കണം. സിഡികൾ പരിശോധനയ്ക്കായി സി-ഡിറ്റിന് കൈമാറിയത് എറണാകുളം സിജെഎം കോടതിയാണ്. സിഡികൾ എഡിറ്റ് ചെയ്തതാണെന്ന് സി-ഡിറ്റ് പരിശോധനാ റിപ്പോർട്ടും കൈമാറി. അപ്പോൾ എന്റെ വാദം നിലനിന്നല്ലോ അല്ലേ? ഇനിയും പറയാം. നാർക്കോ സിഡി തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് കേരളാ ഹൈക്കോടതിയിലെ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് പറഞ്ഞത്.
അതിനെ പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തതും വിജയിച്ചില്ല. ജസ്റ്റിസ് തോമസിന്റേതുൾപ്പടെയുള്ള വിധികൾ താങ്കൾ എടുത്ത് വായിച്ചു നോക്കുക. വിഖ്യാതമായ സെൽവി കേസിലെ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബെഞ്ചിന്റെ വിധിയെ അവലംബിച്ചാണ് ജസ്റ്റിസ് തോമസ് ഉൾപ്പടെയുള്ളവർ നാർക്കോ സിഡി തെളിവായി സ്വീകരിക്കില്ലെന്ന് പ്രസ്താവിച്ചത്.
താങ്കൾക്ക് ജസ്റ്റിസ് ബാലകൃഷ്ണനുമായി നല്ല ബന്ധം ഉണ്ടാവുമല്ലോ. അദ്ദേഹത്തോട് ചോദിച്ചാൽ ഞാൻ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞുതരും. ഇനി മറ്റൊന്ന്. ജസ്റ്റിസ് ഹേമ അഭയാ കേസിലെ പ്രതികൾ നിരപരാധികൾ ആണെന്ന് പറഞ്ഞെന്നും അതിനാൽ സിഡിയിലെ എഡിറ്റിങ് എന്ന കണ്ടെത്തൽ അസ്വീകാര്യമാണെന്നുമുള്ള താങ്കളുടെ വാദത്തെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ?
താങ്കൾ പറയുന്നത് ഫാദർ ജോസ് പുതൃക്കയിലും ഈ കേസിൽ കുറ്റവാളി ആണെന്നല്ലേ? ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റവാളികൾ ആണെന്ന് കണ്ടെത്തിയ കോടതി തന്നെ ഫാദർ പുതൃക്കയിൽ കുറ്റക്കാരൻ അല്ലെന്നുകണ്ട് വെറുതെ വിട്ടിരുന്നല്ലോ. ജസ്റ്റിസ് ഹേമയുടെ കാര്യത്തിൽ താങ്കൾ സ്വീകരിച്ച അതേ നിലപാട് ഈ വിഷയത്തിലും സ്വീകരിച്ചാൽ താങ്കളുടെ ഭാഗം പൊളിയും. അതായത് വിധിയെ അംഗീകരിച്ചാൽ ഫാദർ പുതൃക്കയിൽ കുറ്റവാളിയാണെന്ന വാദം പൊളിയും.
അങ്ങനെയൊരു അഭിപ്രായം താങ്കൾക്കുണ്ടോ? സിബിഐ കോടതിയും, ഹൈക്കോടതിയും, സുപ്രീംകോടതിയും വിചാരണ പോലും ആവശ്യമില്ലെന്ന് കണ്ടെത്തിയ ആളാണ് ഫാദർ പുതൃക്കയിൽ എന്നോർക്കണം. ഒന്നാം പ്രതിക്കും മൂന്നാം പ്രതിക്കും ശിക്ഷ നൽകിയ കാര്യം മാളോകർ മൊത്തം അറിഞ്ഞിട്ടും പണിക്കർ അറിഞ്ഞില്ലെന്ന് താങ്കൾ പറയുമ്പോൾ ആ രണ്ടാം പ്രതിയായ ഫാദർ പുതൃക്കയിലിന്റെ കാര്യം കൂടി പറയണം.
താങ്കളുടെ വാദത്തിനു വിരുദ്ധമായ നിലപാടാണ് കോടതി അദ്ദേഹത്തിന്റെ കാര്യത്തിൽ സ്വീകരിച്ചത്. എന്റേത് ചെറിയ ചോദ്യമാണ് — ആ കോടതി വിധി താങ്കൾ അംഗീകരിക്കുന്നുണ്ടോ? അപ്പോൾ ജസ്റ്റിസ് ഹേമയുടെ വിധിയിലേത് പോലെ ചില കാര്യങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് മനസ്സിലായല്ലോ അല്ലേ?
താങ്കളുടെ തെറ്റായ ശൈലി ഞാനും സ്വീകരിച്ചാൽ എനിക്ക് വേണമെങ്കിൽ ഡോ. മാലിനിക്ക് എതിരായ മറ്റ് വാദങ്ങളും ഉയർത്താം. ജനനവർഷം തിരുത്തി ജോലിയിൽ പ്രവേശിച്ചെന്ന ആരോപണത്തിന് മേൽ കർണാടക സർക്കാർ അവരെ പിരിച്ചുവിട്ടതും കോടതിവിധി നേടി അവർ തിരികെ കയറിയതും തനിക്കെതിരായ പരാതി റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അത് സാധ്യമല്ലെന്ന് കോടതി പറഞ്ഞതും ഒക്കെ എനിക്ക് പറയാം. പക്ഷെ നമ്മൾ നിലവിൽ പറയുന്ന വിഷയവും അതുമായി നേരിട്ട് ബന്ധമില്ലാത്തതു കൊണ്ടാണ് ഞാൻ അതൊന്നും പറയാത്തത്.
താങ്കളുടെ ശൈലിയല്ല എന്റേത് എന്ന് പറഞ്ഞുവെന്നു മാത്രം. അവസാനത്തെ താങ്കളുടെ വാദം ഈ കേസുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഉന്നയിച്ച സ്ഥിതിക്ക് മറുപടി പറയാം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. അത് പുറത്തുവിടേണ്ടതും അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടതും സർക്കാരിന്റെ ജോലിയാണ്, ജസ്റ്റിസ് ഹേമയുടേതല്ല. "ഇത്തരത്തിലുള്ള ന്യായാധിപൻമാരിൽ നിന്നും ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന ശ്രീജിത്ത് പണിക്കരുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ” എന്ന താങ്കളുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്.
ആ ന്യായാധിപയിൽ നിന്നല്ല നീതി കിട്ടേണ്ടത്. അവർ അവരുടെ ജോലി ചെയ്തു. സർക്കാരാണ് റിപ്പോർട്ട് പുറത്തുവിടേണ്ടതും നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടതും. താങ്കളുടെ പരിമിത നിയമജ്ഞാനത്തിന് ഇനിയും തെളിവുകൾ ആവശ്യമില്ലല്ലോ. സ്വന്തം വാദങ്ങൾ പരാജയപ്പെടുമ്പോൾ ഒരു പരാജിതൻ പ്രകടിപ്പിക്കുന്ന എല്ലാ അസ്വസ്ഥതയും താങ്കൾ പ്രകടിപ്പിക്കുന്നത് തുടർച്ചയായി കാണേണ്ടി വരുന്നതിൽ സങ്കടമുണ്ട്. ഞാൻ പറയുന്ന കാര്യങ്ങൾ താങ്കളുടെ വാദങ്ങളെ ദുർബലമാക്കുമെന്ന് ബോധ്യമായപ്പോൾ താങ്കൾ ഏഷ്യാനെറ്റിലെ ചർച്ചയിൽ ബഹളം വച്ച് എന്നെ തടസ്സപ്പെടുത്തി.
ഇപ്പോൾ താങ്കൾ പറയുന്നത് ശ്രീജിത് പണിക്കർ ഒരു പൊതുകാര്യത്തിൽ എങ്കിലും ഇടപെട്ട് ഒരു കേസിലെങ്കിലും ജയിച്ചു വന്നാൽ താങ്കളുമായി സംവദിക്കാം എന്നാണ്. അതെന്തൊരു വാദമാണ്? ഒരു സിനിമ കണ്ടിട്ട് അതിനെ വിമർശിക്കാൻ സ്വന്തമായി സിനിമ സംവിധാനം ചെയ്തവർക്ക് മാത്രമേ കഴിയുകയുള്ളോ?
താങ്കൾ മുഖ്യമന്ത്രിയെയും ജഡ്ജിനെയും ലോകായുക്തയെയും കുറ്റം പറയുന്നത് താങ്കളും മുൻപ് മുഖ്യമന്ത്രിയും ജഡ്ജും ലോകായുക്തയും ഒക്കെ ആയിരുന്നത് കൊണ്ടാണോ? താങ്കൾ അസ്വസ്ഥനാണ് എന്നതിന് ഇതിലും വലിയ സൂചന ആവശ്യമില്ല.
അടുത്ത പ്രസ്താവനയും കാണിക്കുന്നത് താങ്കളുടെ അസ്വസ്ഥത തന്നെയാണ് — “ഞാൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിൽ നിയമപോരാട്ടം നടത്തി കോടതിയിൽ നിന്നും വിജയിച്ച്, കേരളത്തിന്റെ പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയിട്ടുള്ള ആളാണ്. 53 വയസ്സ് കഴിഞ്ഞ എനിക്ക് ഇനി ശ്രീജിത്ത് പണിക്കരുടെ സർട്ടിഫിക്കറ്റ് വേണ്ട.” ഞാൻ താങ്കൾക്ക് സർട്ടിഫിക്കറ്റ് തരാൻ ആളല്ല.
ആയിരുന്നെങ്കിൽ തരികയും ഇല്ലായിരുന്നു. കേരളത്തിന്റെ പൊതുസമൂഹത്തിലെ സ്വീകാര്യത ഒക്കെ പൊതുസമൂഹം പറയേണ്ട കാര്യങ്ങളാണ്. താങ്കളെ കുറിച്ച് പൊതുസമൂഹം എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ലോകായുക്ത താങ്കളെക്കുറിച്ച് പറഞ്ഞത് എന്താണെന്ന് പൊതുസമൂഹത്തിന് അറിയാം. എഞ്ചിനീയറിങ്-മെഡിക്കൽ റാങ്ക് ലിസ്റ്റുകളിൽ കൃത്രിമം നടന്നുവെന്ന് കാട്ടി താങ്കൾ ലോകായുക്തയ്ക്ക് ഒരു പരാതി കൊടുത്തിരുന്നു. ഇന്നല്ല, 2001ൽ.
പരാതിയിൽ ആരോപണങ്ങൾ മാത്രമാണെന്നും അത് സമർത്ഥിക്കാനായി താങ്കളുടെ പക്കൽ യാതൊരു തെളിവും ഇല്ലെന്നും ലോകായുക്ത കണ്ടെത്തി. എങ്കിലും പരാതി സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും രേഖകൾ സ്വീകരിച്ച് ലോകായുക്ത വിഷയം അന്വേഷിച്ചു. അവസാനം താങ്കൾ പറഞ്ഞത് വെറും ആരോപണം മാത്രമാണെന്നും വസ്തുതകളുമായി നിരക്കുന്നതല്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് താങ്കളുടെ പരാതി ലോകായുക്ത തള്ളി. 2001ൽ ആണെന്ന് ഓർക്കണം.
വെറുതെയങ്ങ് തള്ളുകയല്ല ചെയ്തത്. താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ലോകായുക്ത എഴുതി. ഏകദേശ തർജ്ജമയാണ് താഴെ: “ഉത്തമബോധ്യത്തിലല്ല വെറും പബ്ലിസിറ്റിക്കു വേണ്ടിയാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഈ പരാതി നൽകിയതെന്ന് ഞങ്ങൾ കരുതുന്നു. പരാതിക്കു ശേഷം ഈ കോടതി എന്തെങ്കിലും പ്രസ്താവിക്കുന്നതിനു മുൻപുതന്നെ ഇതു സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ വന്നു. രേഖകൾ ഹാജരാക്കാൻ ഞങ്ങൾ നിർദ്ദേശിച്ച ശേഷവും കോടതി നോട്ടീസ് അയക്കുന്നില്ലെന്ന് വിമർശിക്കാനാണ് ജോമോൻ ശ്രമിച്ചത്.
പബ്ലിസിറ്റിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആശങ്ക അദ്ദേഹത്തിന്റെ ഔചിത്യം, അന്തസ്സ്, മര്യാദ, കോടതിയോടും പൊതുസമൂഹത്തോടുമുള്ള ഉത്തരവാദിത്തം എന്നിവയെയൊക്കെ മറികടന്നിരിക്കുന്നു. തന്റെ തെറ്റായ ധാരണകളുടെ പേരിൽ അദ്ദേഹം പ്രകോപനപരമായ പ്രസ്താവനകളും അഭിമുഖങ്ങളും നൽകി. ഈ പരാതി നൽകിയതിനു ശേഷം പബ്ലിസിറ്റിയുടെ ഭാഗമായി അദ്ദേഹം അനാവശ്യവും അവാസ്തവവുമായ പ്രസ്താവനകൾ ടിവിയിൽ നടത്തി.
അതിന്റെ പേരിൽ കൈരളി ചാനൽ മൂന്നുതവണ പരസ്യമായി മാപ്പ് പറഞ്ഞു. അതുകൊണ്ടുമാത്രം അദ്ദേഹത്തിനെതിരെ ഞങ്ങൾ കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നില്ല. ഞങ്ങൾ അതിനു ശ്രമിച്ചാലും ചീപ്പ് പബ്ലിസിറ്റി കിട്ടുകയെന്ന അദ്ദേഹത്തിന്റെ ഉദ്ദേശത്തെയേ അത് സഹായിക്കൂ. പൊതുതാല്പര്യ വിഷയങ്ങളിൽ നോട്ടീസ് അയക്കുന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ തെറ്റാണ്. എല്ലാ പൊതുതാല്പര്യ ഹർജികളും സ്വീകരിക്കപ്പെടില്ല എന്നൊന്നും അദ്ദേഹത്തിന് അറിയില്ല, അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുന്നു.
തനിക്ക് 10 ലക്ഷം രൂപയുടെ വാഗ്ദാനം ഉണ്ടായെന്ന് അദ്ദേഹം പറയുന്നതും പബ്ലിസിറ്റിക്കു വേണ്ടിയാണ്.” പൊതുസമൂഹത്തിന്റെ കാര്യം ഈ വിധിയിൽ പറഞ്ഞിട്ടുണ്ട്. താങ്കൾ ഇതിനെതിരെ പരാതിയുമായി ഹൈക്കോടതിയിൽ പോയപ്പോൾ അത് ഹൈക്കോടതിയും തള്ളി. താങ്കളുടെ പക്കൽ നിന്ന് ചെലവ് ഈടാക്കാമെങ്കിലുംതൽക്കാലം അത് ചെയ്യുന്നില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അന്ന് താങ്കളോട് ലോകായുക്ത താങ്കളുടെ പ്രായവും ശ്രീജിത് പണിക്കരുടെ കയ്യിൽ നിന്നുള്ള സർട്ടിഫിക്കറ്റും ചോദിച്ചില്ലല്ലോ അല്ലേ? പൊതുസമൂഹം എന്ത് ചിന്തിക്കുന്നുവെന്നും ചോദിച്ചില്ലല്ലോ അല്ലേ? ലോകായുക്ത ആയിട്ടോ ഹൈക്കോടതി ജഡ്ജ് ആയിട്ടോ വന്നാൽ പരിഗണിക്കാം എന്നും പറഞ്ഞില്ലല്ലോ അല്ലേ? ലോകായുക്‌തയും ഹൈക്കോടതിയും പറഞ്ഞതുപോലെ തെളിവുകളുമായി വന്നാൽ ഇനി ഞാനും പരിഗണിക്കാം.
സ്നേഹപൂർവ്വം നിയമജ്ഞാനമില്ലാത്ത പണിക്കർ.
https://www.facebook.com/Malayalivartha
























