കേരളത്തിൻ്റെ വികസനം മുടങ്ങിയാലും തരക്കേടില്ല; ഇടതുപക്ഷത്തെ ഇല്ലാതാക്കണം എന്ന ദുരാഗ്രഹത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റൊന്നും കൊണ്ടല്ല; ചീമേനി സഖാക്കളുടെ ജീവനെടുത്ത അവരുടെ നീച രാഷ്ട്രീയം ഇന്ന് കേരളത്തിൻ്റെ മുന്നോട്ടു പോക്കിന് തന്നെ ഭീഷണിയായി മാറുകയാണ്; ചീമേനി സഖാക്കളുടെ ജീവത്യാഗത്തിനു ഇന്നു 35 വർഷം തികയുന്നു

ചീമേനി സഖാക്കളുടെ ജീവത്യാഗത്തിനു ഇന്നു 35 വർഷം തികയുകയാണ്. ഈ ദിനത്തിൽ അവരെ കുറിച്ച് സ്മരിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചീമേനി സഖാക്കളുടെ ജീവത്യാഗത്തിനു ഇന്നു 35 വർഷം തികയുകയാണ്. കോൺഗ്രസുകാരുടെ പൈശാചികമായ രാഷ്ട്രീയ വൈരാഗ്യത്തിൽ ചുട്ടെരിക്കപ്പെട്ടത് കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ചു സഖാക്കളുടെ ജീവനാണ്.
1987ലെ നിയമസഭാ തെരഞ്ഞെടുപ്പുദിവസം വൈകീട്ട് ചീമേനിയിലെ പാർടി ഓഫീസിൽ സ്ത്രീകൾ ഉൾപ്പെടെ അറുപതോളം പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുന്ന സമയത്തായിരുന്നു പ്രകോപനങ്ങളൊന്നുമില്ലാതെ കോൺഗ്രസ് അക്രമികൾ ഈ നിഷ്ഠുര കൃത്യം നടത്തിയത്. തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽനിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി അക്രമം അഴിച്ചു വിടുകയായിരുന്നു.
വാതിലടച്ചു രക്ഷപ്പെടാൻ സഖാക്കൾ ശ്രമിച്ചപ്പോൾ അവർ ഓഫീസിനു തീകൊളുത്തി. വെന്തു മരിക്കാതിരിക്കാൻ പുറത്തു ചാടിയവരെ വെട്ടി വീഴ്ത്തി. പലരെയും മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. വിവരണാതീതമായ ഈ ക്രൂരതയെ അപലപിക്കാനോ മാപ്പു പറയാനോ ഇക്കാലമത്രയും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. സമീപകാല കേരളം കണ്ട ഏറ്റവും മൃഗീയമായ ഈ രാഷ്ട്രീയ കൂട്ടക്കൊലയ്ക്ക് കാരണക്കാരായ കോൺഗ്രസുകാർ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ ചമയുന്നതിലും വലിയ വിരോധാഭാസം എന്താണുള്ളത്.
ഇന്നും ആ രാഷ്ട്രീയ വൈരത്തിൻ്റെ മറയില്ലാത്ത പ്രകടനമാണ് അവർ തുടരുന്നത്. അതുകൊണ്ടാണ് ഒരു സമ്മേളനത്തിൻ്റെ ഭാഗമായി പൊതു വിഷയങ്ങളിൽ നടക്കുന്ന സെമിനാർ പോലും അവർക്ക് നിരോധിത വസ്തു ആകുന്നത്. ജനാധിപത്യപരമായ രാഷ്ട്രീയ ചർച്ചയിൽ പങ്കെടുക്കാനുള്ള മാന്യമായ ക്ഷണം സ്വീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല.
കേരളത്തിൻ്റെ വികസനം മുടങ്ങിയാലും തരക്കേടില്ല; ഇടതുപക്ഷത്തെ ഇല്ലാതാക്കണം എന്ന ദുരാഗ്രഹത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ചീമേനി സഖാക്കളുടെ ജീവനെടുത്ത അവരുടെ നീച രാഷ്ട്രീയം ഇന്ന് കേരളത്തിൻ്റെ മുന്നോട്ടു പോക്കിന് തന്നെ ഭീഷണിയായി മാറുകയാണ്. ഈ കുടില രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇത്തരം ഹീനനീക്കങ്ങൾക്കെതിരെ നാടിൻ്റെ പ്രതിരോധമുയർത്തുമെന്ന് ചീമേനി രക്തസാക്ഷി സ്മരണയെ മുൻനിർത്തി നമുക്ക് പ്രതിജ്ഞ ചെയ്യാം.
https://www.facebook.com/Malayalivartha