വർഷങ്ങളായി രാജു ഭാര്യ ഷീജയുമൊത്ത് ഇംഗ്ലണ്ടിലാണ്.. മക്കളെയും ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി രണ്ടുമാസം മുമ്പ് നാട്ടിലെത്തി! കൂട്ടുകാരുമൊത്ത് റോഡരികിൽ സംസാരിച്ച് നിൽക്കവെ എത്തിയ ദുരന്തം; തത്ക്ഷണം കാല് ചിന്നിച്ചിതറി; ബോംബാക്രമണത്തിൽ ലക്‌ഷ്യം വെച്ചത് മറ്റൊരു യുവാവിനെ.. ആക്രമണത്തിന് പിന്നാലെ ജസ്റ്റ് മിസ് എന്ന ഫേസ്ബുക്ക് പോസ്റ്റ്; ക്വട്ടേഷൻ സംഘത്തിലെ തലവൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

കഴക്കൂട്ടം മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞ് കാൽ തകർത്ത സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആക്രമണം നടത്തിയ അഖിൽ, രാഹുൽ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്. ശേഷിക്കുന്നവരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്. ലഹരി വിൽപ്പനക്കാരനും നിരവധി കേസുകളിലെ പ്രതിയുമായ അജിത് ലിയോൺ എന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. തുമ്പ സ്വദേശിയായ രാജന്‍ ക്ലീറ്റസിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇയാളുടെ വലതുകാൽ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഓടിമാറിയതിനാൽ ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കളായ സിജുവും സുനിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കഴക്കൂട്ടം മേനംകുളം കിൻഫ്രയ്ക്ക് സമീപം ഇന്നലെ രാത്രി എട്ടോടെയായിരുന്നു ബോംബേറ്. വീട്ടിൽ നിന്ന് ആക്ടീവ സ്‌കൂട്ടറിൽ എ.ടി.എം കൗണ്ടറിലേക്ക് പോകുന്നതിനിടെ വഴിയരികിൽ വച്ച് സിജുവിനെയും സുനിലിനെയും കതോടെ വാഹനം നിറുത്തുകയായിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് മൂവർ സംഘം ബൈക്കിലെത്തി ബോംബെറിഞ്ഞത്. ബൈക്കിലെത്തിയവർ എന്തോ വലിച്ചെറിയുന്നതുകണ്ട് മൂവരും ഓടി മാറാൻ ശ്രമിച്ചെങ്കിലും രാജുവിന്റെ കാലിലേക്ക് ബോംബ് വീഴുകയായിരുന്നു. തിരക്കൊഴിഞ്ഞ സ്ഥലമായതിനാൽ റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല.ശബ്ദവും നിലവിളിയും കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്.
തുമ്പ സ്വദേശി ലിയോൺ ജോൺസന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും പ്രദേശത്തെ ലഹരിമാഫിയക്കെതിരെ പൊലീസിലും എക്‌സൈസിലും പരാതി നൽകിയ സുനിലിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു. ബോംബേറിനുശേഷം ലിയോൺ ജോൺസൺ ' ജസ്റ്റ് മിസെന്ന് ' ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സുനിലിനെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസിന് കൂടുതൽ വ്യക്തമായി. ഇംഗ്ലണ്ടിലായിരുന്ന രാജു ക്ലീറ്റസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. വർഷങ്ങളായി രാജു ഭാര്യ ഷീജയുമൊത്ത് ഇംഗ്ലണ്ടിലാണ്. ഇരുവർക്കും അവിടെ ജോലിയുണ്ട്. ഒമ്പതും അഞ്ചും വയസുള്ള മകളെയും മകനെയും ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് രാജു രണ്ടുമാസം മുമ്പെത്തിയത്. പോകാനുള്ള നടപടികൾ നീണ്ടതോടെ വെൾഡിംഗ് തൊഴിൽ വശമുള്ള രാജു നാട്ടിൽ ജോലിക്ക് പോയി. ഇന്നലെ ജോലിക്ക് പോയി വീട്ടിലെത്തിയ ശേഷമാണ് അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ പുറത്തേക്ക് പോയത്. രണ്ടാഴ്ചക്കുള്ളിൽ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നാണ് രാജു വീട്ടുകാരോട് പറഞ്ഞിരുന്നത്. രാജു ക്ലീറ്റസിന് രണ്ടു സഹോദരങ്ങളുണ്ട്.
റോഡുവക്കിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാർക്കുമെതിരെ ബോംബെറിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ക്ലീറ്റസ് ഉൾപ്പടെയുള്ളവർക്കെതിരെ അജിത് നേരത്തേ സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കിയിരുന്നുവെന്നും ഇത് പൊലീസ് കാര്യമാക്കാത്തതാണ് ഇപ്പോഴത്തെ ആക്രമണത്തിന് ഇടയാക്കിയതെന്നുമാണ് നാട്ടുകാരിൽ ചിലരുടെ ആരോപണം.
https://www.facebook.com/Malayalivartha