ചിന്തിക്കും മുമ്പ് പാക് ഭൂമി തകര്‍ത്തു... പാകിസ്താനിലേക്ക് ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്‌മോസ് അബദ്ധത്തില്‍ മിസൈല്‍ അയച്ച സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ; മാനുഷികമായ പിഴവാണ് അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തല്‍

പാകിസ്താനിലേക്ക് ശബ്ദത്തിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്‌മോസ് അയച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ഇന്ത്യ. അച്ചടക്ക നടപടികള്‍ക്കാണ് ഒരുങ്ങുന്നത്. മിസൈല്‍ പാകിസ്താന്‍ അറിയാതെ അവരുടെ മണ്ണില്‍ പതിച്ചത് അവര്‍ക്കും ക്ഷീണമായിരുന്നു. ഇന്ത്യയോട് കളിച്ചാല്‍ ഇതാണ് സ്ഥിതിയെന്ന കണക്കിന് പ്രചരണവും വന്നു.
കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് ഇന്ത്യന്‍ മിസൈല്‍ പാക് മണ്ണില്‍ പതിച്ചത്. പാക് അതിര്‍ത്തി ഭേദിച്ച് ഇന്ത്യയില്‍ നിന്നും മിസൈല്‍ വിക്ഷേപിച്ച സംഭവത്തില്‍ പാകിസ്ഥാന്‍ തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചും മിസൈല്‍ അയച്ച് പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് പാകിസ്ഥാന്‍ ആദ്യം തീരുമാനിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തിരിച്ചടിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്കിടയില്‍ എന്തോ തകരാര്‍ സംഭവിച്ചതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തിന് കോട്ടം തട്ടിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇപ്പോള്‍ ഇമ്രാനും പുറത്തായി.
അതിനിടെ ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനിലേക്ക് അയച്ച സംഭവത്തില്‍ മിസൈല്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറുള്‍പ്പെടെ ഉത്തരവാദികളായ സൈനികോദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടിക്ക് ശുപാര്‍ശ. ഗുരുതരമായ കൃത്യവിലോപമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതിര്‍ത്തിക്കപ്പുറത്തുനിന്ന് സൈനികതിരിച്ചടിക്കുവരെ ഇടയാക്കാമായിരുന്ന സംഭവമാണതെന്നും അന്വേഷണം നടത്തിയ സമിതി വ്യക്തമാക്കി. അഭൂതപൂര്‍വമെന്നാണ് മിസൈല്‍പാളിച്ചയെ സൈനികതല അന്വേഷണത്തില്‍ വിലയിരുത്തിയത്. സംഭവത്തില്‍ ബ്രഹ്‌മോസ് യൂണിറ്റിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഥമദൃഷ്ട്യാ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
രാജസ്ഥാനിലെ വ്യോമസേനാ താവളത്തില്‍നിന്ന് 290 കിലോമീറ്റര്‍ സഞ്ചാരശേഷിയുള്ള ആണവേതര മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക് അതിര്‍ത്തിയില്‍നിന്ന് 124 കിലോമീറ്റര്‍ ഉള്ളിലായാണ് മിസൈല്‍ പതിച്ചത്. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകള്‍ തകര്‍ന്നു. മിസൈലില്‍ സ്‌ഫോടകവസ്തു ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി.
സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇന്ത്യ ഖേദവുമറിയിച്ചു. മാനുഷികമായ പിഴവാണ് അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപണത്തിന് ഇടയാക്കിയതെന്ന് അന്വേഷണസമിതി വിലയിരുത്തി. സാങ്കേതികമായ തകരാറുകളൊന്നും കണ്ടെത്താനായില്ല. മിസൈലിന്റെ യന്ത്രപ്രവര്‍ത്തിതവും ഇലക്ട്രോണികവുമായ പൂട്ടുകള്‍ മറികടന്നാണ് വിക്ഷേപണം നടത്തിയതെന്നും വ്യക്തമായി.
ശബ്ദത്തെക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള മിസൈലാണ് അതിര്‍ത്തികടന്ന് പാകിസ്താനിലെ മിയാന്‍ ചുന്നു പട്ടണത്തില്‍ പതിച്ചത്. പാകിസ്താനിലേക്ക് ബ്രഹ്‌മോസ് മിസൈല്‍ വിക്ഷേപിച്ച സംഭവത്തില്‍ ഒന്നിലധികം ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് വ്യോമസേനയുടെ അന്വേഷണ റിപ്പോര്‍ട്ടും വന്നു. ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പാകിസ്ഥാനിലേക്ക് മിസൈല്‍ പ്രയോഗിച്ചത് ഖേദകരമാണെന്നും, സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധ മന്ത്രിപാര്‍ലമെന്റില്‍ പറഞ്ഞു. പരിശോധനയ്ക്കിടെ ആകസ്മികമായ മിസൈല്‍ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതാണ് അതെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.
മിസൈല്‍ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികള്‍ക്കും പരിശോധനയ്ക്കിടെ, വൈകുന്നേരം ഏഴ് മണിയോടെ, ഒരു മിസൈല്‍ അബദ്ധത്തില്‍ വിട്ടു. മിസൈല്‍ പാകിസ്ഥാന്‍ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിയുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം ഖേദകരമാണ്. എന്നാല്‍ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും, സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണത്തില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























