ഞെട്ടല്‍ മാറും മുമ്പ്... ടെക്‌സസിലെ സ്‌കൂളിലുണ്ടായ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് യുഎസില്‍ വീണ്ടും വെടിവയ്പ്; അക്രമി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു

ടെക്‌സസിലെ സ്‌കൂളിലെ വെടിവയ്പ്പ് അടുത്തിടെയാണ് നടന്നത്. അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് യുഎസില്‍ വീണ്ടും വെടിവയ്പ്. ഓക്‌ലഹോമയിലെ ടള്‍സയില്‍ സെന്റ് ഫ്രാന്‍സിസ് ആശുപത്രി വളപ്പിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ യുവാല്‍ഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്‌കൂളില്‍ 18 വയസ്സുള്ള അക്രമി സാല്‍വദോര്‍ റാമോസ് നടത്തിയ വെടിവയ്പില്‍ 2,3,4 ക്ലാസുകളില്‍ പഠിക്കുന്ന 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 7 മുതല്‍ 10 വയസ്സ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍.
ഇത് യുഎസിനെ വല്ലാതെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം. അക്രമി സ്വയം വെടിയുതിര്‍ത്തതാണോ അതോ പൊലീസ് വധിച്ചതാണോ എന്നു വ്യക്തമല്ല. പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്നു പുറത്തുവന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ സ്‌കൂളിലെ വെടിവയ്പ് സമയത്തുള്ള വീഴ്ചയും ചര്‍ച്ചയാകുന്നു. ടെക്‌സസിലെ സ്‌കൂളില്‍ വെടിവയ്പു നടക്കുമ്പോള്‍ അകത്തു കടക്കാതെ ഗേറ്റിനു പുറത്തു സായുധ പൊലീസ് സംഘം ഒരു മണിക്കൂറിലേറെ കാത്തുനിന്നത് വീഴ്ചയായിപ്പോയെന്ന് അധികൃതര്‍ സമ്മതിച്ചു. വിദ്യാര്‍ഥികള്‍ അടിയന്തര സഹായത്തിനായി 911 ല്‍ വിളിച്ചു കേണുകൊണ്ടിരിക്കെ, പൊലീസ് സംഘം ഗേറ്റിനു പുറത്തു നില്‍ക്കുകയായിരുന്നു.
അക്രമി ക്ലാസ്മുറിയില്‍ അടച്ചിരിക്കുകയാണെന്നും കുട്ടികള്‍ക്ക് ഉടന്‍ ആപത്തില്ലെന്നുമുള്ള വിശ്വാസത്തില്‍ യുവാള്‍ഡി സ്‌കൂള്‍ ജില്ലാ പൊലീസ് മേധാവിയാണു പൊലീസ് സംഘത്തെ തടഞ്ഞത്. ഈ തീരുമാനം തെറ്റായിപ്പോയെന്നു ടെക്‌സസ് പൊലീസ് മേധാവി സ്റ്റീവന്‍ മക്‌റോ സമ്മതിച്ചു.
അക്രമിയെ ഭയന്ന് ക്ലാസ് മുറികളില്‍ കഴിഞ്ഞ കുട്ടികള്‍ വിളിച്ചിട്ടും പൊലീസ് നടപടി വൈകിയതു സംബന്ധിച്ചു പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ ഉണ്ടായതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് 3 ദിവസത്തിനുശേഷം സംഭവങ്ങള്‍ വിശദീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
പതിനെട്ടുകാരനായ അക്രമി സാല്‍വദോര്‍ റാമോസ് സ്‌കൂളിനുള്ളില്‍ പ്രവേശിച്ചു 2 മിനിറ്റിനകം സ്‌കൂള്‍ സുരക്ഷയ്ക്കുള്ള 3 പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് സ്‌കൂളിനുള്ളില്‍ കയറിയിരുന്നു. അടുത്ത അരമണിക്കൂറിനകം 19 സായുധ ഓഫിസര്‍മാര്‍ കൂടി ഗേറ്റിനു പുറത്തെത്തി. എന്നാല്‍, 47 മിനിറ്റ് കൂടി അവര്‍ ഗേറ്റിനു പുറത്ത് ഒന്നും ചെയ്യാതെ നിന്നു.
ഒരു മണിക്കൂറിലേറെ കഴിഞ്ഞ് ബോര്‍ഡര്‍ പട്രോള്‍ കമാന്‍ഡോകള്‍ എത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നാണു അക്രമിയെ വെടിവച്ചുവീഴ്ത്തിയത്. പൊലീസ് ഒന്നും ചെയ്യാതെ നില്‍ക്കുമ്പോള്‍ സ്‌കൂളിനു പുറത്ത് രക്ഷിതാക്കള്‍ വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരെ വിലങ്ങു വച്ചു നീക്കം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പിന്നിടു പുറത്തുവന്നു. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്‌കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പില്‍ 2 അധ്യാപകരും 19 വിദ്യാര്‍ഥികളുമാണു കൊല്ലപ്പെട്ടത്.
ഇതില്‍ 19 പേര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍. ജീവിതത്തിലേക്കു കാലുപോലും വച്ചുതുടങ്ങാത്ത പത്തുവയസ്സുകാര്‍. വെറും 18 വയസ്സ് മാത്രമുള്ളയാളാണ് വെടിവയ്പ് നടത്തിയ സാല്‍വദോര്‍ റാമോസ്. ജനങ്ങള്‍ക്കു തോക്കുകള്‍ വാങ്ങാനും അവ കൈവശം വയ്ക്കാനും അവകാശമുള്ള രാജ്യമാണ് യുഎസ്. ഇവിടത്തെ വെടിവയ്പ് സംഭവങ്ങളില്‍ മരണങ്ങള്‍ സംഭവിക്കുന്നവ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മറ്റ് പലത് ശ്രദ്ധിക്കാറുപോലുമില്ല. യുഎസില്‍ യുദ്ധമില്ലെങ്കിലും ഒരു യുദ്ധത്തിന്റെ ഭീതിയാണുള്ളത്.
"
https://www.facebook.com/Malayalivartha

























