അങ്ങാടിയിലെ കേക്ക് കഫേയില്‍ നിന്നും ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചു; അവസാനത്തെ കഷണം കാണിച്ചിട്ട് ഇതിന് പഴകിയ രുചിയുണ്ടെന്ന് യുവാക്കൾ; ഉടമയുടെ നമ്പർ വാങ്ങി ഫോണിലൂടെ ഭീഷണി; പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ചോദിച്ചു; ഭക്ഷ്യവിഷബാധയുണ്ടായെന്ന് കള്ളം പറഞ്ഞ് പണം തട്ടുന്ന സംഘത്തെ പിടികൂടിയത് ഇങ്ങനെ

ഹോട്ടലുകളില്‍ കയറി വയറു നിറയെ ഭക്ഷണം കഴിക്കും. ബില്ല് കൊടുക്കാറാകുമ്പോൾ ഭക്ഷ്യവിഷബാധയുണ്ടായെന്ന് കള്ളം പറഞ്ഞ് പണം തട്ടും. ഒടുവിൽ യുവാക്കളെ തൂക്കിയെടുത്ത് പോലീസ്. വേങ്ങരയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരാണ് അറസ്റ്റിലായത്. സംഭവം ഇങ്ങനെ; വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍ നിന്നും ബ്രോസ്റ്റഡ് ചിക്കൻ നാലംഗസംഘം കഴിക്കുകയായിരുന്നു.
അവസാനത്തെ കഷണം കാണിച്ചിട്ട് ഇതിന് പഴകിയ രുചിയുണ്ടെന്ന് ഇവർ പറഞ്ഞു. ഉടമയുടെ നമ്പർ വാങ്ങി ഇവർ ഹോട്ടലില്‍ നിന്നും മടങ്ങി പോയി. ഫോണിലൂടെ ഉടമയെ വിളിച്ചിട്ട് പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ഭീഷണിപ്പെടുത്തി ചോദിച്ചു. പിന്നെ വിലപേശൽ തുടങ്ങി.
25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയുമായി ഒത്ത് തീർപ്പിലെത്തും. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നാണ് ഇവർ പ്രധാനമായും ഉയർത്തുന്ന ഭീഷണി.
അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് ഇവർ പൂട്ടിച്ചിരുന്നു. അതിന്റെ ഉത്തരവാദിത്തം ഈ സംഘം ഏറ്റെടുക്കുകയുണ്ടായി.
സി.ഐ. ജോബി തോമസ്, എസ്.ഐ. ഷൈലേഷ്ബാബു, എ.എസ്.ഐ.മാരായ സിയാദ് കോട്ട, മോഹന്‍ദാസ്, ഗോപി മോഹന്‍, സി.പി.ഒ.മാരായ ഹമീദലി, ഷഹേഷ്, ജസീര്‍, വിക്ടര്‍, സിറാജ്, ആരിഫ എന്നിവരാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്.
https://www.facebook.com/Malayalivartha

























