കോടതിയെ കൊള്ളയടിച്ച് ഉദ്യോഗസ്ഥർ.... തൊണ്ടിമുതൽ കളവ് പോയി! ഇരുട്ടിൽ തപ്പി പോലീസ്; കള്ളക്കളി... ദിലീപിൻ്റെ പെൻഡ്രൈവും കോടികളുടെ സ്വർണ്ണവും ആവിയായി!

സംസ്ഥാനത്തെ കോടതികളുടെ താക്കോൽ കുറുക്കനെയാണോ ഏൽപ്പിച്ചിരിക്കുന്നത്? ഇങ്ങനെയൊരു സംശയം ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവുമോ? ഒടുവിൽ കോഴികളെയൊക്കെ വിഴുങ്ങി കള്ളൻ സ്ഥലം വിട്ടുവെന്നാണ് പോലീസ് പറയുന്നത്. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് നടന്ന സംഭവം നിയമ ലോകത്തെയാകെ ഞ്ഞെട്ടിച്ചു.
തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്നുമാണ് തൊണ്ടിമുതലുകള്‍ നഷ്ടമായത്. സംഭവത്തിൽ സീനിയര്‍ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. തട്ടിപ്പ് നടന്നത് 2019നു ശേഷമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രാഥമിക അന്വേഷണത്തിനു ശേഷം ജീവനക്കാര്‍ക്കെതിരായ നടപടി നിശ്ചയിക്കുമെന്ന് കലക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി.
തിരുവനന്തപുരം കലക്ടറേറ്റിലെ ആര്‍ഡിഒ കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിലാണ് വന്‍ കവര്‍ച്ച നടന്നത്. 69 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും 45,000ത്തോളം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പുറമെ നിന്നാരും ലോക്കറുകള്‍ തുറന്നിട്ടില്ല. അതിനാല്‍ ജീവനക്കാര്‍ തന്നെയാണ് പ്രതിസ്ഥാനത്ത്.
തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശ ചുമതലയുള്ളത് സീനിയര്‍ സൂപ്രണ്ട് എന്ന ഉദ്യോഗസ്ഥനാണ്. 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഈ കാലയളവില്‍ 26 സീനിയര്‍ സൂപ്രണ്ടുമാര്‍ ജോലി നോക്കി. പക്ഷേ പല ഘട്ടങ്ങളിലല്ലാതെ, ഒറ്റയടിക്കാവാം മോഷണമെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ 2019നു ശേഷമാവാം അതെന്നും വിലയിരുത്തുന്നു.
അതുകൊണ്ട് 2019നു ശേഷമുള്ള അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെ കണ്ടെത്തി ഉടന്‍ ചോദ്യം ചെയ്യും. പേരൂര്‍ക്കട പൊലീസിനെ കൂടാതെ എഡിഎമ്മിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവുമുണ്ട്. കോടതികളുടെ സുരക്ഷ ശിരസ്താറിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ശിരസ്താർ അറിയാതെ കോടതിയിൽ ഒന്നും നടക്കില്ല. തൊണ്ടിമുതൽ നഷ്ടമായെങ്കിൽ അതിൻ്റെ ഉത്തരവാദി ശിരസ്താർ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ശിരസ്താർ എന്നാൽ സൂപ്രണ്ട് ആണ്.
നടിയെ ആക്രമിച്ച കേസിലും സമാനമായ സംഭവമാണ് നടന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോടതിയിലെ ശിരസ്തദാർ, തൊണ്ടിമുതലുകളുടെ ചുമതലയുള്ള ക്ലാർക്ക് എന്നിവരെ ചോദ്യംചെയ്യാനാണ് എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയത്. എന്നിട്ടും വിചാരണ കോടതി സമ്മതിച്ചില്ല.
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ചോർന്നു എന്നായിരുന്നു നേരത്തെ ഉയർന്ന പരാതി. ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിരുന്നതായി ഫൊറൻസിക് റിപ്പോർട്ടും ലഭിച്ചിരുന്നു. ദിലീപ് ഈ ദൃശ്യങ്ങൾ കണ്ടതായി സംവിധായകൻ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. മാത്രമല്ല, ദിലീപിന്റെ ഫോണിൽനിന്ന് ചില കോടതിരേഖകൾ കണ്ടെടുത്തത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
കോടതി ജീവനക്കാരുടെ സ്വാധീനഫലമായാണ് ചോദ്യം ചെയ്യൽ നടക്കാതിരുന്നത്. മജിസ്ട്രേറ്റുമാരും കോടതി ജീവനക്കാരും തമ്മിൽ സുശക്തമായ സൗഹൃദം നിലവിലുണ്ട്. ചോദ്യം ചെയ്ത് കഴിഞ്ഞാൽ അതിജീവിതയുടെ ആരോപണം തെളിയിക്കാൻ കഴിയുമെന്ന് ക്രൈംബ്രാഞ്ച് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ വിചാരണ കോടതി മജിസ്ട്രേറ്റിൻ്റെ അനുവാദമില്ലാതെ ജീവനക്കാരെ ചോദ്യം ചെയ്യൽ നടക്കില്ല.
കോടതിയുടെ കാര്യം ഇത്തരത്തിൽ മുന്നോട്ടു പോകുമ്പോൾ പോലീസ് സ്റ്റേഷൻ്റെ കാര്യവും വിഭിന്നമല്ല.അഭയ കേസിലാണ് തൊണ്ടിമുതൽ ഇല്ലാതാക്കിയതിൻ്റെ പേരിൽ കുപ്രസിദ്ധിയാർജിച്ചത്. സ്റ്റേഷനുകളിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്താണ് സർക്കാർ ഒരു ഉത്തരവ് പുറത്തിറക്കിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഏറ്റെടുക്കുന്ന തൊണ്ടിമുതലുകളുടെ സുരക്ഷ എ.ഡി.ജി.പി.മാരുടെ ചുമതലയിലാക്കിയാണ് ഉത്തരവിറങ്ങിയത്. ഇക്കാര്യത്തിൽ ഡി.ജി.പിയാണ് നിർദേശം നൽകിയത്. കേസ് നടത്തിപ്പിന് ഏറ്റെടുക്കുന്ന തൊണ്ടിമുതലുകൾ സുരക്ഷിതമാണോയെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി., ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എന്നിവർ നിരന്തരം ഉറപ്പാക്കണമെന്നാണ് നിർദേശം. സിസ്റ്റർ അഭയക്കൊലക്കേസിന്റെ വിധിയിൽ നിർദേശിച്ചതുപ്രകാരമാണ് ഈ ഉത്തരവ്.
അഭയക്കേസിൽ അക്കാലത്തെ ക്രൈംബ്രാഞ്ച് എസ്.പി., ഡിവൈ.എസ്.പി. എന്നിവർ തൊണ്ടിമുതൽ നശിപ്പിച്ചതായി സി.ബി.ഐ. കോടതിവിധിയിൽ പറയുന്നുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കോടതി വിധിപ്പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചുകൊടുത്തിരുന്നു.
ഉത്തരവിൽ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് അറിയാൻ അഭയക്കേസിൽ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കൽ ഡി.ജി.പി.ക്ക് 2021 ഫെബ്രുവരി 17-ന് പരാതി നൽകിയിരുന്നു. പരാതിയിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്തുവോ എന്നറിയാൻ ജോമോൻ വിവരാവകാശപ്രകാരം അപേക്ഷ നൽകുകയും ചെയ്തു.
എന്നാൽ, പരാതി കിട്ടിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് ജോമോൻ സി.ബി.ഐ. കോടതി ഉത്തരവ് നടപ്പിലാക്കാൻ മുഖ്യമന്ത്രിക്കും മറ്റും വർഷം ജനുവരിയിൽ പരാതി നൽകി. ഇതിലാണ് ഇപ്പോൾ പോലീസ് നിർദേശം വന്നത്. ഇതെല്ലാം കേരളത്തിലെ തൊണ്ടിമുതലുകളുടെ കാര്യം.
രാജസ്ഥാനിൽ നടന്ന മറ്റൊരു സംഭവം പറയാം.
ഒരു കൊലപാതകിയെ രക്ഷിക്കാൻ കുരങ്ങൻ ഇറങ്ങിത്തിരിക്കുമോ? രാജസ്ഥാൻ പോലീസ് ഇത്തരത്തിൽ ഒരു വിചിത്രവാദവുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കൊലപാതകക്കേസിൽ പ്രതിയെ കുടുക്കുന്നതിനായി പോലീസ് ശേഖരിച്ച തെളിവുകൾ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൻ എടുത്ത് കൊണ്ടുപോയെന്നായിരുന്നു കണ്ടുപിടുത്തം.
കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് രാജസ്ഥാൻ പോലീസിൻെറ കയ്യിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഇതിന് കുറ്റവാളിയായിരിക്കുന്നത് ഒരു കുരങ്ങനാണ്. ഒരു യുവാവിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജെയ്പൂരിലെ കീഴ്ക്കോടതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പോലീസ് കോടതിയെ അറിയിച്ചത്.
2016 സെപ്തംബറിൽ ജെയ്പൂരിലെ ചാന്ദ്വാജി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. ശശികാന്ത് ശർമയെന്ന യുവാവിനെ കാണാതാവുകയും പിന്നീട് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. മരണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ശശികാന്തിനെ കാണാതായിരുന്നു.
ബന്ധുക്കൾ പരമാവധി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമുയർന്നു. ശശികാന്തിൻെറ ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമെല്ലാം ചേർന്ന് ജെയ്പൂർ - ഡൽഹി ഹൈവേ പോലും സ്തംഭിപ്പിച്ച് സമരം നടത്തിയിരുന്നു.
ചാന്ദ്വാജി പ്രദേശവാസികളായ രണ്ട് പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശശികാന്ത് ശർമയുടെ മൃതദേഹം കിട്ടിയതിന് ശേഷം അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. രാഹുൽ കന്ദേര, മോഹൻലാൽ കന്ദേര എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയടക്കം തൊണ്ടിമുതലുകളെല്ലാം പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു. ഇരുവരെയും അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതികൾക്ക് മതിയായ ശിക്ഷ നൽകാൻ പറ്റാവുന്ന സാഹചര്യം ഒരുങ്ങിയപ്പോഴാണ് നാടകീയമായ കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. തെളിവുകൾ സൂക്ഷിക്കാനായി പോലീസ് സ്റ്റേഷനിൽ തന്നെ പ്രത്യേകമായി സ്ഥലമുണ്ട്. എന്നാൽ അവിടെ സ്ഥലം ഇല്ലാതിരുന്നതിനാൽ ഈ കേസിലെ തൊണ്ടിമുതലുകൾ സ്റ്റേഷൻ വളപ്പിലെ മരത്തിന് താഴെയാണ് സൂക്ഷിച്ച് വെച്ചിരുന്നതെന്നാണ് പോലീസ് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.
എഴുതിത്തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് പോലീസ് കുരങ്ങൻ തൊണ്ടിമുതലുമായി കടന്നുകളഞ്ഞെന്ന് അറിയിച്ചിരിക്കുന്നത്. കത്തിയടക്കമുള്ള വസ്തുക്കളെല്ലാം ഭദ്രമായി കെട്ടി മരച്ചുവട്ടിലാണ് വെച്ചത്. പെട്ടെന്ന് ഒരു കുരങ്ങൻ വന്ന് ഇതെല്ലാം കൊണ്ട് കടന്നുകളയുകയാണ് ചെയ്തത്. 2016ൽ തന്നെയാണ് ഇത് സംഭവിച്ചതെന്നും പോലീസ് പറയുന്നു.
പോലീസിൻെറ വിശദീകരണത്തിൽ തൃപ്തിയില്ലെന്ന് കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടറും ഈ വാദത്തെ ശക്തമായി എതിർത്തു. തൊണ്ടിമുതൽ കുരങ്ങൻ കൊണ്ടുപോയെന്നത് വളരെ വിചിത്രമായ വാദമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.
രാജസ്ഥാനിൽ നിന്നും കണ്ണൂരിലെ തളിപ്പറമ്പിലെത്തിയാൽ രസകരമായ ഒരു മാപ്പപേക്ഷ കാണാം. കുറേക്കാലം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ കാണിച്ച സന്മനസ്സ് സിനിമയെ പോലും വെല്ലും. മോഷ്ടിച്ച തൊണ്ടിമുതലുകളും മാപ്പപേക്ഷയുമാണ് മോഷണത്തിനെതിരെ പരാതി നല്‍കിയ വാര്‍ഡ് മെമ്പറുടെ വീട്ടുവരാന്തയില്‍ വെച്ച് കള്ളൻ മുങ്ങിയത്.
കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങൾ നടത്തിയ കള്ളനാണ് തൊണ്ടിമുതലും മാപ്പപേക്ഷയും തിരുവട്ടൂര്‍ വാര്‍ഡ് മെമ്പര്‍ അഷ്‌റഫ് കൊട്ടോലടെ അരിപ്പാമ്പ്രയിലെ വീട്ടുവരാന്തയില്‍ കൊണ്ടുവെച്ചത്. താന്‍ മോഷണം നടത്തിയ വീടുകളിലുള്ളവരുടെ പേരുകളും മോഷണ മുതലിന്റെ മുല്യവും മാപ്പപേക്ഷയുമാണ് കത്തിലുള്ളത്. 1,91,500 രൂപയും 4.5 പവന്‍ സ്വര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണ തരികളും മൂന്ന് കവറുകളിലാക്കിയാണ് വരാന്തയില്‍ വെച്ചത്.
കൊറോണ കാലത്ത് പറ്റിയ തെറ്റിന് മാപ്പ് ചോദിക്കുന്നു.ഞങ്ങള്‍ ഏഴുപേരും പ്രയാസത്തിലാണ് ഞങ്ങള്‍ക്ക് ഉംറ നിര്‍വ്വഹിക്കണം ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു ഇതാണ് കത്തിലെ ഉള്ളടക്കം. കത്തില്‍ പേരുള്ളവര്‍ക്ക് ഇവ തിരിച്ചു നല്‍കണമെന്നും പറയുന്നുണ്ട്. ഒന്നരവര്‍ഷമായി സമീപ പ്രദേശങ്ങളില്‍ വ്യാപകമായി മോഷണം നടന്നിരുന്നു. കള്ളനെ കൊണ്ട് നാട്ടുകാര്‍ സാഹി കേട്ടതോടെ വാര്‍ഡ് മെമ്പറും പരിയാരം പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനുമായ അഷ്‌റഫും ചേര്‍ന്ന് പരിയാരം പോലീസില്‍ ഏതാനും മാസം മുന്‍പ് പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും കള്ളനെ പിടികൂടാനായില്ല.
അടുത്തിടെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് കൗതുകകരമായ സംഭവം. പ്രദേശത്തെ ചന്ദ്രിക ഏജന്റ് ആയ അഷ്‌റഫ് തലേന്നുരാത്രി തളിപ്പറമ്പിലെ ഭാര്യ വീട്ടില്‍ ആയിരുന്നു. പത്ര വിതരണത്തിനായി വീട്ടിലെത്തിയപ്പോഴാണ് തൊണ്ടിമുതലും മാപ്പപേക്ഷയും അടങ്ങിയ കവറുകളും ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ പരിയാരം ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചു.തുടര്‍ന്ന് തൊണ്ടിമുതലുകളും കത്തും പോലീസിലേല്‍പ്പിച്ചു. സംഭവം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കത്ത് അന്വേഷണം വഴിതെറ്റിക്കാനുള്ള കുതന്ത്രം ആയാണ് പോലീസ് കരുതുന്നത്. തളിപ്പറമ്പ് കോടതിയില്‍ തൊണ്ടി മുതലുകള്‍ ഏല്‍പ്പിച്ചു.
തൊണ്ടിമുതലുകൾ അടിക്കടി നഷ്ടമായതും തൊണ്ടി മുതലായ പെൻ ഡ്രൈവ് പ്രതികൾ കണ്ടതും കോടതികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതി ഇക്കാര്യത്തിൽ ബന്ധപെട്ട കോടതികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ ശരിയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. ഏതായാലും ഹൈക്കോടതി വിജിലൻസ് ഇക്കാര്യം ഗൗരവത്തോടെ കണ്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























