സ്കൂളിൽ വച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയെ അണലി കടിച്ചു! പ്രവേശനോത്സവത്തിന് പിന്നാലെ... വടക്കാഞ്ചേരിയിലാണ് സംഭവം

ഇന്നലെയായിരുന്നു ജൂൺ ഒന്ന്, അതായത് സ്കൂൾ പ്രവേശനോത്സവം. വളരെ ആഹ്ലാദത്തോടെയാണ് കുട്ടികൾ സ്കൂളുകളിലേക്ക് ഓടിയെത്തിയത്. എന്നാൽ സന്തോഷകരമായ വാർത്തകൾ വരേണ്ടതിന് പകരം ഇപ്പോൾ എല്ലാ കുട്ടികളും രക്ഷകർത്താളേയും ആശങ്കയിലും സങ്കടത്തിലുമാക്കുന്ന വിവരമാണ് ലഭിക്കുന്നത്.
സ്കൂൾ തുറന്ന് രണ്ടാം ദിവസം വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. കുമരനെല്ലൂർ സ്വദേശി അദേശിനാണ് പാമ്പ് കടിയേറ്റത്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പാമ്പ് കടിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സ്‌കൂൾ വാനിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയെ കടിച്ചത് അണലിയാണെന്ന് കൂടെയുണ്ടായിരുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. വടക്കാഞ്ചേരി ബോയ്‌സ് എൽപി സ്‌കൂളിലാണ് പാമ്പ് കടിയേറ്റ ഈ കുട്ടി പഠിക്കുന്നത്. അവിടെ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ സമീപത്തെ സ്‌കൂളിലേക്ക് ഇവരുടെ ക്ലാസ് മാറ്റിയിരുന്നു.
വാനിൽ വന്നിറങ്ങി ക്ലാസിലേക്ക് പോകുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാരും മറ്റും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇവിടെ പാറക്കെട്ടുകളുടെ ഇടയിൽ നിന്ന് പാമ്പ് പുറത്തിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടിയുടെ കാലിൽ പോറൽ ഏറ്റിട്ടുണ്ടെങ്കിലും ആരോഗ്യനിലയിൽ ആശങ്ക വേണ്ട എന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, രണ്ട് വർഷത്തിന് മുൻപ് സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് ഒരു കുട്ടി മരിച്ച സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു. സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. കടിയേറ്റ് കുറച്ച് നേരം കഴിഞ്ഞപ്പോൾ കുട്ടിയുടെ കാലിൽ നീല നിറം പടർന്നു. കുട്ടി തളർന്ന് വീണു. അപ്പോഴാണ് കുട്ടിയുടെ അച്ഛൻ വന്നത്.
തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. അപ്പോൾത്തന്നെ കുട്ടി തളർന്നിരുന്നു. എന്നാലവിടെ പീഡിയാട്രിക് വെന്‍റിലേറ്ററടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. അവിടെ നിന്ന് വൈത്തിരി താലൂക്കാശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്തു. അവിടെ എത്തിച്ച ശേഷം കുട്ടി ഛർദ്ദിച്ചു, തീരെ അവശയാകുകയും ചെയ്തു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷെഹ്‍ല ഷെറിൻ മരിച്ചത്.
https://www.facebook.com/Malayalivartha

























