ശബരിമലപോലെ സില്‍വര്‍ലൈന്‍... ശബരിമലപോലെ സര്‍ക്കാരിന് അഗ്നി പരീക്ഷയായി സില്‍വര്‍ലൈന്‍; ശബരിമലയില്‍ വന്‍ നഷ്ടം സംഭവിച്ചപ്പോള്‍ പുറകോട്ട് പോയി; സില്‍വര്‍ ലൈനില്‍ ഒറ്റ നഷ്ടം സംഭവിച്ചതോടെ മെല്ലെ പുറകോട്ട് പോകാന്‍ സാധ്യത; തിരിച്ചുവരവിന്റെ തുടക്കമെന്ന് കോണ്‍ഗ്രസ്; പിഴവ് പരിശോധിച്ച് നടപടിക്ക് സി.പി.എം

ശബരിമല പോലെ സില്‍വര്‍ലൈനും മാറിയെന്നാണ് ഒരുവിഭാഗം സിപിഎം അണികള്‍ വിശ്വസിക്കുന്നത്. ശബരിമല വിഷയം കാരണം 19 ലോക്‌സഭാ സീറ്റാണ് പോയത്. എന്നാല്‍ സില്‍വര്‍ ലൈന്‍ കാരണം ഒരു നിയമസഭാ സീറ്റാണ് പോയത്. അതും തൃക്കാക്കര വലിയ മാര്‍ജിനോടെ. എന്തായാലും തോറ്റെങ്കില്‍ തീരുമായിരുന്ന കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കിയത്. റെക്കാഡ് ഭൂരിപക്ഷത്തിളക്കവുമായി മണ്ഡലം നിലനിറുത്തിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം.
ക്യാപ്ടന്‍ പിണറായിയെ തമ്പടിപ്പിച്ച് തൃക്കാക്കര പിടിക്കാന്‍ പണിപ്പെട്ട സി.പി.എമ്മിന് സെഞ്ച്വറി കണക്കുകൂട്ടല്‍ തെറ്റിയതിലെ നടുക്കമാണുള്ളത്. കേരളക്കരയാകെ ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഇതാണ്. ഉരുക്കുകോട്ടയായ തൃക്കാക്കരയില്‍ ഇക്കുറി ജയം പതിനായിരം വോട്ടില്‍ താഴെയാകുമെന്ന് ഭയന്ന കോണ്‍ഗ്രസിന്റെയും ജയിച്ചാലും തോറ്റാലും അയ്യായിരം മാത്രം വ്യത്യാസമെന്ന സി.പി.എമ്മിന്റെയും കണക്കുകളാണ് തകിടം മറിഞ്ഞത്.
കോണ്‍ഗ്രസില്‍ സതീശന്‍ സുധാകരന്‍ നേതൃത്വത്തിന് വമ്പന്‍ ജയം വര്‍ദ്ധിത വീര്യം പകരുമ്പോള്‍, ജയം അപ്രാപ്യമാക്കിയ പാര്‍ട്ടിയിലെ പിഴവുകള്‍ ഗൗരവത്തോടെ പരിശോധിക്കാനാണ് സി.പി.എം തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ കൂട്ടനടപടിക്കും സാദ്ധ്യത. തൃക്കാക്കരയില്‍ പരാജയം ഭരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി.പി.എമ്മിന് ന്യായീകരിക്കാം. പക്ഷേ, ഒന്നാം വാര്‍ഷികവേളയിലേറ്റ ഷോക്ക് തുടര്‍ഭരണത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചു.
തൃക്കാക്കരയില്‍ 2244 വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഏറ്റുപറഞ്ഞത് പാളിച്ചയിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ്. 2009ല്‍ മണ്ഡലമുണ്ടായ ശേഷം നടന്ന മൂന്ന് നിയമസഭാ, മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും തൃക്കാക്കര യു.ഡി.എഫിനെയാണ് വരിച്ചത്. മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ, സാമൂഹ്യ സ്ഥിതിക്കൊപ്പം അന്തരിച്ച പി.ടി. തോമസിനോടുള്ള സഹതാപവും ട്വന്റി20യുടെ നിഷ്പക്ഷ നിലപാടും ഉമയുടെ ഭൂരിപക്ഷം 25,016ല്‍ എത്തിച്ചു.
സ്വന്തം പ്രവര്‍ത്തകനെ സി.പി.എമ്മുകാരന്‍ കൊലപ്പെടുത്തിയതിന്റെ കണക്ക് ട്വന്റി20 തീര്‍ത്തെന്നും വ്യാഖ്യാനിക്കാം. രാഷ്ട്രീയ, സാമുദായിക അടിയൊഴുക്കുകള്‍ നിര്‍ണായകമാകുമെന്ന് കരുതിയെങ്കിലും എല്ലാ ഘടകങ്ങളും യു.ഡി.എഫിനൊപ്പമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സാമുദായിക പരീക്ഷണം ഇടതുമുന്നണിക്ക് പാളി. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തിട്ടും ഗുണമുണ്ടായില്ല. അപ്പുറത്ത് നേരിട്ട് ചുക്കാന്‍ പിടിച്ച വി.ഡി.സതീശന്‍ മികച്ച താരവുമായി.
പാര്‍ട്ടിയില്‍ സതീശന്റെ സ്വാധീനം കൂട്ടാന്‍ ഇത് വഴിതുറക്കും. കെ.സുധാകരന്റെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതുമാകും. വരുന്ന കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലടക്കം ഇത് പ്രതിഫലിക്കാം. സില്‍വര്‍ലൈന്‍ കല്ലിന് സര്‍ക്കാരിന് കിട്ടിയ തിരിച്ചടിയായി തൃക്കാക്കര ഫലത്തെ വിലയിരുത്തുന്ന യു.ഡി.എഫ് വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.
പ്രചാരണത്തിനിടെ കല്ലിടല്‍ നിറുത്തി, എതിര്‍പ്പുള്ളിടത്ത് ഡിജിറ്റല്‍ സര്‍വേയെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിന് കൂടുതല്‍ കരുതലടെയേ ഇനി മുന്നോട്ടു പോകാനാകൂ. ജനക്ഷേമ പ്രഖ്യാപനങ്ങളും ഉടന്‍ വേണ്ടിവന്നേക്കും.
തുടക്കം മുതല്‍വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡോടെ ഉമാ തോമസ് മുന്നേറി. കഴിഞ്ഞതവണ പി.ടി. തോമസ് നേടിയതിന്റെ ഇരട്ടിയോളം വോട്ടുമായാണ് ആദ്യറൗണ്ട് മുതല്‍ വിജയം ഉറപ്പിച്ചത്. 239 ബൂത്തുകളില്‍ 20ല്‍ മാത്രമാണ് എല്‍.ഡി.എഫിന് ലീഡ് നേടാനായത്. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇടപ്പള്ളി മേഖലയിലെ ബൂത്തുകളിലെ വോട്ടാണ് ആദ്യം എണ്ണിയത്. കഴിഞ്ഞതവണ ആദ്യറൗണ്ടില്‍ പി.ടി നേടിയ 1,258 മറികടന്ന് ഉമ നേടിയത് 2,150 വോട്ട്. എന്തായാലും ഉമയ്ക്ക് മുമ്പും ശേഷവും എന്ന പോലെ തൃക്കാക്കര മാറും.
"
https://www.facebook.com/Malayalivartha
























