വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... യുവതിയുടെ ഫോട്ടോ കണ്ട് ഓട്ടോ ഡ്രൈവര്‍ യുവതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു, പോത്തന്‍കോട് നിന്ന് ഓട്ടോയില്‍ കയറി ബീച്ച് ബീച്ച് എന്ന് സവാരി ചെയ്യവേ സ്‌മോക്കിംഗ് ചെയ്‌തോട്ടേയെന്ന് ചോദിച്ച് പുകവലിച്ചതായും കോവളം ബീച്ചില്‍ ഇറക്കിയതായും ഓട്ടോ ഡ്രൈവര്‍; യുവതിയുടെ കൈയ്യിലിരുന്ന 750 രൂപ ഓട്ടോ ചാര്‍ജ് തന്നതായും 50 രൂപ തിര്യെ കൊടുക്കവേ കീപ്പ് ഇറ്റ് അപ് എന്നു പറഞ്ഞ് പോയതായും സാക്ഷിമൊഴി, പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

കൂട്ട ബലാല്‍സംഗ - ക്രൂര കൊലപാതകത്തിനിരയായ ലാത്വിയന്‍ യുവതിയുടെ ഫോട്ടോ കണ്ട് ഓട്ടോ ഡ്രൈവര്‍ യുവതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു സാക്ഷി മൊഴി നല്‍കി.
വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് അഞ്ചാം സാക്ഷിയായ പോത്തന്‍കോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ വട്ടപ്പാറ സ്വദേശി ഷാജി എന്ന സന്തോഷ് കുമാര്‍ മൊഴി നല്‍കിയത്.
പോത്തന്‍കോട് ആയുര്‍വ്വേദ റിസോര്‍ട്ടിന് സമീപമുള്ള മരുതംമൂട് ജംഗ്ഷനില്‍ നിന്ന് ഓടി വന്ന് ഓട്ടോയില്‍ കയറി ' ബീച്ച് ബീച്ച് '' എന്നാവശ്യപ്പെട്ട് സവാരി ചെയ്യവേ കോവളം ബീച്ചില്‍ എത്തിക്കണമെന്നാവശ്യപ്പെടുകയും യാത്രക്കിടയില്‍ തന്റെ തോളില്‍ തട്ടി സ്‌മോക്കിംഗ് ചെയ്‌തോട്ടേയെന്ന് ചോദിച്ചതായും താന്‍ നോ പ്രോബ്ലം എന്ന് പറയവേ പുകവലിച്ചതായും കോവളം ബീച്ചില്‍ ഇറക്കിവിടുകയും ചെയ്തു..
യുവതിയുടെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന 750 രൂപ ഓട്ടോ ചാര്‍ജ് തന്നതായും 50 രൂപ തിര്യെ കൊടുക്കവേ '' കീപ്പ് ഇറ്റ് അപ് '' എന്നു പറഞ്ഞ് കോവളം ഗ്രോ ബീച്ച് മുസ്ലീം പള്ളി ഭാഗത്തേക്ക് പോയതായും മൊഴി നല്‍കി. ടീ ഷര്‍ട്ടും കാല്‍ മുട്ടിന് താഴെ വരുന്ന പൈജാമയുമാണ് ധരിച്ചിരുന്നത്. സാക്ഷി തിരിച്ചറിഞ്ഞ യുവതിയുടെ ഫോട്ടോ വിചാരണ കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ പ്രോസിക്യൂഷന്‍ ഭാഗം ആറാം രേഖയാക്കി തെളിവില്‍ സ്വീകരിച്ചു.
2018 മാര്‍ച്ചു മാസം ചന്ത ദിവസമായ ബുധനോ ശനിയാഴ്ചയോ ആണ് യുവതി ഓട്ടോയില്‍ സവാരി വന്നത്. രാവിലെ 7 മണിക്കാണ് യുവതി ഓട്ടോയില്‍ കയറിയത്. 8.15 മണിയോടെയാണ് ബീച്ചിലെത്തിയത്. അന്ന് ഉച്ചക്ക് 12.30 മണിയോടെ തന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് താന്‍ സവാരി കൊണ്ടു പോയ യുവതി പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സക്ക് വന്നതാണെന്നും റിസോര്‍ട്ടുകാരുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് കടന്നതാണെന്നും റിസോര്‍ട്ടുകാര്‍ യുവതിയെ തിരക്കി വന്നിട്ടുണ്ടെന്നും പറഞ്ഞു.
അന്ന് തന്നെ വൈകിട്ട് 6 മണിക്ക് പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ തന്നെ വിളിപ്പിച്ച് മൊഴിയെടുത്തു. യുവതിയുടെ മൃതദേഹം വീണ്ടെടുത്ത ശേഷം തന്റെ ഓട്ടോ അട്ടക്കുളങ്ങര ഫോര്‍ട്ട് അസി.കമ്മീഷണര്‍ ഓഫീസില്‍ ഹാജരാക്കി. യുവതി ഓട്ടോയില്‍ നിന്നിറങ്ങിയ സ്ഥലം പോലീസിന് കാണിച്ചു കൊടുത്തു.
തുടര്‍ന്ന് കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ തിര്യെ തന്നതിന് താന്‍ ഒപ്പിട്ടു കൊടുത്ത മൂന്നാം സ്ഥാനകച്ചീട്ടാണ് ഇപ്പോള്‍ തന്നെ കാണിച്ചതെന്നും അതില്‍ കാണുന്ന ഒപ്പ് തന്റേതാണെന്നും സാക്ഷിമൊഴി നല്‍കി. മൂന്നാം സ്ഥാനകച്ചീട്ട് പ്രോസിക്യൂഷന്‍ ഭാഗം ഏഴാം രേഖയായി കോടതി തെളിവില്‍ സ്വീകരിച്ചു.
കോടതിയില്‍ സന്നിഹിതയായിരുന്ന യുവതിയുടെ സഹോദരി ഇല്‍സ സാക്ഷിമൊഴി കേട്ട് സങ്കടത്തോടെ വികാരാധീനയായി കാണപ്പെട്ടു. യാതൊരു കൂസലുമില്ലാതെയാണ് പ്രതിക്കൂട്ടില്‍ നിന്ന് പ്രതികള്‍ വിചാരണ വീക്ഷിച്ചത്.
വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആള്‍ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കല്‍) , 342 ( അന്യായമായി തടഞ്ഞു വയ്ക്കല്‍) , 376 എ (പീഡനത്തിനിരയായ ആള്‍ക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യല്‍) , 376 ഡി (കൂട്ടബലാല്‍സംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പലരും കൂടി ചെയ്യുന്ന കൃത്യങ്ങള്‍) എന്നീ കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്.
2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തിയ പ്രതികള്‍ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്നും പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി വിജനമായ കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി കഞ്ചാവ് ബീഡി നല്‍കി മയക്കി പീഡിപ്പിച്ചു. ഉറക്കമുണര്‍ന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തന്‍കോട് ആയുര്‍വ്വേദ കേന്ദ്രത്തില്‍ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സില്‍ കയറി കോവളം തീരത്തെത്തുകയായിരുന്നു.
സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്.
അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്റ്റേഷനതിര്‍ത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
വിദേശ വനിതയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പോക്‌സോ കോടതിയില്‍ കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായത്. ഇതില്‍ നിന്നു തന്നെ പ്രതികള്‍ക്ക് പോലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസില്‍ ഉമേഷ് ഹാജരാകാന്‍ നെയ്യാറ്റിന്‍കര പോക്‌സോ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്‌സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മൃതദേഹം കിടന്ന മീന്‍ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടില്‍ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി അത് നീര്‍നായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീര്‍നായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടില്‍ ചീലാന്തിക്കാട്ടിന് സമീപം മീന്‍ പിടിക്കാന്‍ പോയ കാര്യമോ തന്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നല്‍കി. പ്രതികളുടെ സുഹൃത്തും കാറ്ററിംഗ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളില്‍ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി സൂരജാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ ജഡ്ജി കെ.കെ.ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കോടതിയില്‍ കേസുണ്ടെന്നും സൂരജ് മൊഴി നല്‍കി.
https://www.facebook.com/Malayalivartha






















