ആല്‍ത്തറ വിനീഷ് കൊലക്കേസ്:തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകല്‍ ശോഭാ ജോണിന്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസ്:പ്രതികളെ വിചാരണ ചെയ്യാനാവാതെ സെഷന്‍സ് കോടതി, തൊണ്ടിമുതലുകള്‍ മിസ്സിംഗ് ആയതിനാല്‍ വിചാരണ നിര്‍ത്തിവച്ചു, തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ കമ്മിറ്റല്‍ മജിസ്‌ട്രേട്ടിന് ഓര്‍മപ്പെടുത്തല്‍ കത്തയക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു

ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകള്‍ ജൂലൈ 15 ന് ഹാജരാക്കാന്‍ കമ്മിറ്റല്‍ മജിസ്‌ട്രേട്ടിന് ഓര്‍മ്മപ്പെടുത്തല്‍ കത്തയക്കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. തൊണ്ടിയുമായി ബന്ധപ്പെട്ട മുന്‍ നടപടിക്രമങ്ങള്‍ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
തൊണ്ടി മുതലുകള്‍ മിസ്സിംഗ് ആയതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. തൊണ്ടി റൂം പരിശോധിച്ച് തൊണ്ടി വകകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന മജിസ്‌ട്രേട്ട് കോടതി ജൂനിയര്‍ സൂപ്രണ്ടിന്റെ അപേക്ഷ തള്ളിയാണ് വിചാരണ കോടതി ജഡ്ജി എസ്. രാധാകൃഷ്ണന്‍ മജിസ്‌ട്രേറ്റിന് റിമൈന്‍ഡര്‍ കത്തയക്കാന്‍ ഉത്തരവിട്ടത്. ജനുവരി 17 മുതല്‍ ജൂനിയര്‍ സൂപ്രണ്ട് സമയം തേടുകയായിരുന്നു. ഇക്കാരണത്താല്‍ ജനുവരി മുതല്‍ വിചാരണ മുടങ്ങിയിരിക്കുകയാണ്.
കേരള പോലീസിന്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയും നിലവിലെ ഭര്‍ത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍ , ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍ , ശോഭാ ജോണ്‍ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമല്‍ , രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.
2010 ല്‍ കേസ് റെക്കോര്‍ഡുകള്‍ കമ്മിറ്റ് ചെയ്ത് വിചാരണക്കോടതിക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് കോടതിയിലെ അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് തൊണ്ടിമുതലുകള്‍ അയച്ചിരുന്നില്ല. തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഒരു മാസം സമയം വേണമെന്ന് ഇപ്പോഴത്തെ ജൂനിയര്‍ സൂപ്രണ്ട് സെഷന്‍സ് കോടതിയില്‍ സാവകാശം തേടിയുള്ള അപേക്ഷാ കത്ത് സമര്‍പ്പിക്കുകയായിരുന്നു.
അപേക്ഷ അനുവദിച്ച മുന്‍ സെഷന്‍സ് ജഡ്ജി സി.ജെ. ഡെന്നി ഫെബ്രുവരി 22 നകം തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. കേസ് വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് നിര്‍ണ്ണായക തൊണ്ടി മുതലുകള്‍ മിസ്സിംഗ് ആയ വിവരം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോണ്‍ അടക്കം എട്ടു പ്രതികളെ വിചാരണ ചെയ്യാനായി വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് തൊണ്ടി മുതലുകളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്താന്‍ വിചാരണ കോടതി ഓഫീസിനോട് നിര്‍ദേശിച്ചത്.
അപ്രകാരം നടത്തിയ പരിശോധനയിലാണ് കമ്മിറ്റല്‍ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും തൊണ്ടിമുതലുകള്‍ മാത്രം വിചാരണക്കോടതിയില്‍ എത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha






















