ഷാജ് അടിമുടി ദുരൂഹത... സ്വര്‍ണക്കടത്ത് കേസിലെ ഒത്തുതീര്‍പ്പുശ്രമ വിവാദം പൊങ്ങിവന്നപ്പോള്‍ മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഷാജ് കിരണിനെപ്പറ്റിയുള്ള ദുരൂഹത ഏറുന്നു; സ്വപ്ന പ്രതികാരം തീര്‍ക്കാനായി ശബ്ദം പുറത്ത് വിട്ടതും ഈ സുഹൃത്തിന്റെ തന്നെ

അപസര്‍പ്പക കഥയിലെ പ്രതിനായകനെ പോലെ ഷാജ് കിരണന്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സ്വപ്ന സുരേഷിന്റെ രണ്ടാം വരവില്‍ സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള അടിയാണ് ഉയരുന്നത്. സ്വപ്നയെപ്പോലെ ഒരു കുഞ്ഞിനെ വേണമെന്നു ഷാജ് കിരണ്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു താന്‍ കൃത്രിമ ഗര്‍ഭധാരണത്തിനു തയാറായതെന്നു സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
കൃത്രിമ ഗര്‍ഭധാരണത്തിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍, ഒരു സ്ത്രീ എത്രമാത്രം കുഞ്ഞിനെ കൊതിക്കുന്നുണ്ടെന്ന് തനിക്ക് അറിയാം. ഭാര്യ ഗര്‍ഭം ധരിക്കില്ലെന്നു ഷാജ് പറഞ്ഞതോടെയാണ് അതിനു തയാറായതെന്നും സ്വപ്ന പറഞ്ഞു. ആരോഗ്യം സമ്മതിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തയാറാകാമെന്നാണു പറഞ്ഞത്.
അതേസമയം സ്വപ്ന സുരേഷ് റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തില്‍ ഷാജ് കിരണിന്റെ വാക്കുകളില്‍ നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍, എന്നാണ്. സ്വര്‍ണക്കടത്ത് കേസിലെ ഒത്തുതീര്‍പ്പുശ്രമ വിവാദം പൊങ്ങിവന്നപ്പോള്‍ മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷാജ് കിരണ്‍.
അടിമുടി ദുരൂഹമാണ് ഷാജ് കിരണ്‍. മാധ്യമ പ്രവര്‍ത്തകന്‍, കെഎസ്യുകാരന്‍ എന്നിങ്ങനെയൊക്കെയാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധമുള്ളയാളെന്നു പറഞ്ഞു കേസിലെ കൂട്ടുപ്രതി എം.ശിവശങ്കറാണു ഷാജ് കിരണിനെ പരിചയപ്പെടുത്തിയതെന്നും ചര്‍ച്ചിന്റെ ഡയറക്ടര്‍ എന്നു തന്നോടു ഷാജ് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന അവകാശപ്പെടുന്നു.
മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ 2014 ലാണു ഷാജ് ചര്‍ച്ചുമായി ബന്ധപ്പെടുന്നത്. പിന്നീട് ഷാജിന്റെ ഭാര്യ 6 മാസത്തോളം സഭയുടെ ആശുപത്രിയിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തതൊഴിച്ചാല്‍ മറ്റൊരു ബന്ധവും ഇദ്ദേഹവുമായില്ലെന്നാണു ചര്‍ച്ചിന്റെ വിശദീകരണം. ഭാര്യ സ്വയം രാജിവച്ചു. മാധ്യമപ്രവര്‍ത്തകന്‍, പിആര്‍ ഏജന്‍സി നടത്തിപ്പുകാരന്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍, ഇപ്പോള്‍ സ്വപ്നയുടെ ആരോപണമനുസരിച്ച് 'മുഖ്യമന്ത്രിയുടെ ദൂതന്‍'. ഈ വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആളാണ് ഷാജ്.
ഷാജിന്റെ നാട് കൊട്ടാരക്കരയാണ്. ഇവിടെ അമ്മയുടെ വീട്ടിലായിരുന്നു ആദ്യകാലത്ത്. എന്നാല്‍, നാലഞ്ചുവര്‍ഷമായി നാടുമായി ബന്ധമില്ല. പിതാവ് സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായാണു വിരമിച്ചത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍നിന്നു ബിരുദവും കോട്ടയം എംജി സര്‍വകലാശാലാ ക്യാംപസില്‍നിന്നു ജേണലിസത്തില്‍ പിജിയും.
2009 ല്‍ ഇന്ത്യാവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറായി തിരുവനന്തപുരത്ത്. ഇന്നു മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രധാന തസ്തികയിലുള്ള പലര്‍ക്കുമൊപ്പമായിരുന്നു താമസം. ഇന്ത്യാ വിഷനില്‍നിന്നു ജയ്ഹിന്ദിലും പിന്നീട് ഏഷ്യാനെറ്റിലും വീണ്ടും ജയ്ഹിന്ദിലുമെത്തി. മംഗളം ചാനലിലായിരുന്നു അവസാനം. 2016 ല്‍ മാധ്യമപ്രവര്‍ത്തനം വിട്ടു പിആര്‍ മേഖല തിരഞ്ഞെടുത്തു. സാമ്പത്തികശേഷിയുള്ള സെലിബ്രിറ്റികളുടെ പിആര്‍ ആണ് ലക്ഷ്യമിട്ടത്.
ആലപ്പുഴയിലെ സാമുദായിക പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിനൊപ്പമായിരുന്നു ഏറെക്കാലം. പിന്നീടു റിയല്‍ എസ്‌റ്റേറ്റ് രംഗത്ത്. സംശയനിഴലിലുള്ള പല ബിസിനസുകാരുമായും ബന്ധം. അതു സ്വന്തം വളര്‍ച്ചയ്ക്കായി ഉപയോഗിച്ചെന്നു വിമര്‍ശകര്‍. പഠനകാലത്തോ മാധ്യമപ്രവര്‍ത്തനകാലത്തോ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായിരുന്നില്ല. എന്നാല്‍ കേരളത്തിലെ ഇടത്, വലത്, ബിജെപി നേതാക്കളുമായെല്ലാം പരിചയമുണ്ടാക്കി.
ഈ പരിചയം വലിയ സൗഹൃദമായി സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ ജൂബിലി ആഘോഷത്തിനു പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ നിയോഗിക്കപ്പെട്ട സംഘാംഗമായി നരേന്ദ്ര മോദിയെ നേരില്‍ സന്ദര്‍ശിച്ചു. ഈ ചിത്രം ഉപയോഗിച്ചു ബിജെപിയില്‍ സൗഹൃദവലയമുണ്ടാക്കി.
ഉന്നത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമായി വലിയ അടുപ്പമുണ്ടെന്ന് അവകാശപ്പെടുകയും അതു പറഞ്ഞു മേനി നടിക്കുകയും ചെയ്യുമായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറയുന്നു. ചിത്രങ്ങളാണു തെളിവായി കാണിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി നാലിനു സ്വപ്ന സുരേഷിന്റെ ചിത്രം സഹിതം ഷാജ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ: 'എന്റെ ഹീറോ സ്വപ്ന സുരേഷാണ്. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയെ വരെ പറ്റിച്ച ശിവശങ്കരാ നിന്റെ പണി തീര്‍ന്നു. സ്വര്‍ണക്കടത്തല്ല, ലൈഫ് മിഷനിലെ കമ്മിഷനായിരുന്നു ലക്ഷ്യം. സത്യം പുറത്തുവരണം.'
ഉന്നതരുമായി ബന്ധമുണ്ടാക്കി അതു പറഞ്ഞു നടക്കുന്ന ഒരു പൊങ്ങച്ചക്കാരന്‍ മാത്രമാണോ ഷാജെന്ന് ഉടനറിയാം.
"
https://www.facebook.com/Malayalivartha
























