ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കെഎസ്ഇബി ലാഭിച്ചത് 20 കോടി; വൈദ്യുതി വാങ്ങുന്ന നടപടികളും ചെലവു ചുരുക്കല്‍ പദ്ധതികളും കാര്യക്ഷമമാക്കിയാല്‍ നഷ്ടത്തില്‍ നിന്ന് വേഗം കരകയറാന്‍ സാധിക്കുമെന്ന് സൂചന

സംസ്ഥാനത്ത് ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കെഎസ്ഇബി 20 കോടി ലാഭിച്ചതായി അധികൃതർ. 2020-21 വര്‍ഷത്തിലാണ് കെഎസ്ഇബി ഇത്തരത്തിൽ ഒരു ലാഭമുണ്ടാക്കിയത്. റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിന്‍രാജ് പ്രവര്‍ത്തനലാഭത്തെ കുറിച്ച് (റെഗുലേറ്ററി ഓപ്പറേഷന്‍ പ്രോഫിറ്റ്) അറിയിക്കുകയുണ്ടായി. വൈദ്യുതി വാങ്ങുന്ന നടപടികളും ചെലവു ചുരുക്കല്‍ പദ്ധതികളും കാര്യക്ഷമമാക്കിയാല്‍ നഷ്ടത്തില്‍ നിന്ന് വേഗം കരകയറാന്‍ സാധിക്കുകയും ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ റെഗുലേറ്ററി കമ്മീഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് അധിക ജീവനക്കാരാണ് ഇപ്പോള്‍ കെഎസ്ഇബിയിൽ ഉള്ളത്. ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 33,600 പേര്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരാണ്. കമ്മീഷന്‍ 27,175 ജീവനക്കാരെ മാത്രമാണ് ഇപ്പോൾ അനുവദിച്ചത്. പ്രവര്‍ത്തന ലാഭം 20 കോടിയുണ്ടെങ്കിലും സിഎജി ഉള്‍പ്പെടെ ഓഡിറ്റ് നഷ്ടമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ജലവൈദ്യുതി ഉല്‍പാദനവും ശുഭസൂചന നല്‍കുകയാണ്. ആഭ്യന്തര വൈദ്യുതി ഉല്‍പാദനശേഷിയില്‍ തന്നെ 156.16 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 38.5 മെഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുതി പദ്ധതികളും 117.66 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്. ഇതുമൂലം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പവര്‍കട്ട് ഉണ്ടായിരുന്നില്ല. ചട്ടപ്രകാരം ഇപ്പോള്‍ ലഭിച്ച ലാഭം ഉപഭോക്താക്കള്‍ക്ക് നൽകേണ്ടതുമാണ്.
എന്നാല്‍ പെന്‍ഷന്‍ ഫണ്ടില്‍ ഉള്‍പ്പെടെ വലിയ തുക കുടിശ്ശികയാണ് ഉള്ളത്. അത് പൂര്‍ണമായും നിക്ഷേപിച്ച ശേഷമേ ലാഭം വീതം വയ്ക്കാനാകുകയുള്ളു. വൈദ്യുതി നിരക്ക് യൂണിറ്റിന് 32 പൈസ വര്‍ധിപ്പിച്ചതിലൂടെ 1000 കോടി അധിക വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023 വരെയാണ് അധിക നിരക്ക് ഉഭപോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്.
https://www.facebook.com/Malayalivartha






















