രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ നിലപാട് സ്വീകരിച്ചിട്ടും; കോൺഗ്രസ് അക്രമം നിർത്തിയില്ലെന്ന് മുഖ്യമന്ത്രി

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്നത് അനിഷ്ടസംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അതിനെ അപലപിച്ചതാണ്. അത്തരമൊരു അക്രമസംഭവത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. എസ്.എഫ്.ഐ മാർച്ചുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ പാർട്ടി ജില്ലാ കമ്മിറ്റി അപലപിക്കുകയാണ് ചെയ്തത്. സിപിഎം സംസ്ഥാന കമ്മിറ്റിയും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും അപലപിച്ചു. സർക്കാർ കർശനമായ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൺകുട്ടികളെ അടക്കം 24 പേരെ അറസ്റ്റ് ചെയ്തു. ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു. കാര്യങ്ങൾ അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തി. തെറ്റായ ആ സംഭവത്തിനെതിരെ ആരുചെയ്തു എന്ന് നോക്കാതെ നിലപാടെടുക്കുകയാണ് സർക്കാരും പാർട്ടിയും മുന്നണിയും ചെയ്തത്.
എന്നാൽ ഇതിനെ മുതലെടുത്ത് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനും കലാപം നടത്താനുമാണ് കോൺഗ്രസ് ശ്രമിച്ചത്. പത്ര ഓഫീസുകൾക്ക് നേരെയും രാഷ്ട്രീയ പാർട്ടികളുടെ കെട്ടിടത്തിന് നേരെയും ആക്രമം നടത്താനാണ് കോൺഗ്രസ് തുനിഞ്ഞത്. ഈ വിഷയത്തിൽ പാർട്ടിയും മുന്നണിയും സർക്കാരും നിലപാട് സ്വീകരിച്ചിട്ടും ആക്രമണം നടത്താനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
https://www.facebook.com/Malayalivartha
























