പൾസർ സുനിയുടെ കേസ് നടത്തുന്നത് ദിലീപ് ? സുപ്രീം കോടതിയിൽ ദിലീപിൻ്റെ കോടികൾ.... അകത്തായാൽ കുടുംബം നോക്കും...

പൾസർ സുനിക്ക് വേണ്ടി സുപ്രീം കോടതിയിൽ പണം മുടക്കുന്നത് ദിലീപോ? നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതോടെയാണ് ഇങ്ങനെയൊരു സംശയം പോലീസിനുണ്ടായത്. കേസുമായി ബന്ധപ്പെട്ട് സുനി മാത്രമാണ് ജയിലുള്ളതെന്ന് അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ സുനി. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ അതിജീവിതയുടെ പേര് രേഖപ്പെടുത്തിയത് കുറ്റകരമായ നടപടിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
പൾസർ സുനിക്ക് മാത്രമല്ല ദിലീപ് കോടികൾ ഇറക്കുന്നത്. തൻ്റെ ഇമേജ് നന്നാക്കാൻ വേണ്ടി കോടികളാണ് ദിലീപ് ചെലവഴിക്കുന്നത്. തനിക്ക് അനുകൂലമായി മുൻ ഡി ജി പി യൂട്യൂബ് ചാനലിൽ തൻ്റെ ഭാഗം വിവരിച്ചതും ഇമേജ് വർധനവിൻ്റെ ഭാഗമായിരുന്നു. ഒരു പ്രസിദ്ധീകരണം ദിലീപിൻ്റെ കവർ സ്റ്റോറി അച്ചടിച്ചതും ഇതിൻ്റെ ഭാഗമായിരുന്നു എന്നാണ് ദിലീപ് വിമർശകർ പറയുന്നത്.
ഇമേജ് നന്നാക്കുന്നതിൽ മാത്രമല്ല ദിലീപ് ശ്രദ്ധിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം പുറത്തുവന്നതോടെ ഇതിലും സംശയങ്ങൾ ഉയരുന്നു. ദിലീപ് തന്നെയാണ് ഹാഷ് വാല്യു മാറ്റിയതിന് പിന്നിലെന്ന് വിശ്വസിക്കുകയാണ് പോലീസും.
മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഫോറൻസിക് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി. ഇത് നീട്ടി നൽകാനാണ് സാധ്യത.
അതേസമയം, തുടരന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ശ്രമമെന്നും സർക്കാർ വ്യക്തമാക്കി. പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
പൾസർ സുനിയെ മുന്നിൽ നിർത്തി കേസിൽ നിന്നും ഊരാനാണ് ദിലീപ് ശ്രമിക്കുന്നത്. പൾസറിൻ്റെയും കുടുംബത്തിൻ്റെയും ഭാവി സുരക്ഷിതമാക്കാനുള്ള നടപടികൾ ദിലീപിൻ്റെ ഭാഗത്ത് നിന്നുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ദിലീപും പൾസറും പരസ്പരം ആരോപണം ഉന്നയിക്കുന്നതിൽ ഒത്തു കളിയുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു സംശയം അന്വേഷണ സംഘത്തിന് മുമ്പും ഉണ്ടായിരുന്നു. എന്നാൽ അതിൻ്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൾസർ സുനിയുടെ മെൻ്റർ ആരെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ വിജയിച്ചത്.
പൾസർ സുനി ജയിലിൽ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പൾസർ സുനിയുടെ സെല്ലിൽ പരിശോധന നടത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട് എന്ന് പൾസർ സുനി പറയുന്ന റെക്കോഡിംങുകൾ അടക്കം പുറത്തുവന്നിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പൾസർ സുനിയെന്ന് വിളിക്കപ്പെടുന്ന സുനിൽകുമാർ. കാക്കനാട് സബ് ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.. ഒരു ചെക്ക് കേസിൽപ്പെട്ടാണ് ചങ്ങനാശേരി വിപിൻലാൽ ജയിലിലായത്. ഈ സെല്ലിലേക്കാണ് പിന്നീട് പൾസർ സുനിയെ കൊണ്ടുവന്നത്.
കേസിൽ ഇനി തനിക്ക് ബാക്കി കിട്ടാനുള്ള പണം തരണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പൾസർ സുനി നൽകാൻ ശ്രമിച്ച കത്ത് എഴുതിയത് വിപിൻലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യിൽ കിട്ടിയതോടെ കേസിൽ വിപിൻലാൽ പ്രതി ചേർക്കപ്പെട്ടു. പിന്നീട്, പൊലീസ് അന്വേഷണത്തിനിടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.
എന്നാൽ ഈ കത്ത് എഴുതിയത് പോലീസുകാരാണെന്നാണ് മുൻ ഡി.ജി.ആർ.ശ്രീലേഖ പറഞ്ഞത്. ഇത് വിവാദമായി തുടരുന്നതിനിടെയാണ് പൾസറിന് ജാമ്യം നിഷേധിച്ചത്. ഇത് അന്വേഷണ സംഘത്തിന് ലഭിച്ച തുറുപ്പ് ചീട്ടാണ്. ഇതിൽ തൂങ്ങി മുന്നോട്ടു പോകാനാണ് അന്വേഷണ സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ദിലീപും പൾസർ സുനിയും തമ്മിലുള്ള ചിത്രവും പുറത്തു വന്നിരുന്നു.ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് ശ്രീലേഖ കണ്ടെത്തിയത്. എന്നാൽ ചിത്രം എടുത്തത് താനാണെന്ന് അവകാശപ്പെട്ട് ഫോട്ടോഗ്രാഫർ രംഗത്തു വന്നതോടെ ആ ഉദ്യമവും പാളി.
ദിലീപ് തന്നെ പല തവണ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നെന്ന് വിപിൻലാൽ നേരത്തേയും വെളിപ്പെടുത്തിയിരുന്നു. തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സമ്മർദ്ദമുണ്ടായി. എന്നാൽ തന്നെ ആരും ജാമ്യത്തിലിറക്കേണ്ടെന്ന് താൻ നിലപാടെടുത്തു. പിന്നീട് 2018 സെപ്റ്റംബറിൽ വിപിൻലാൽ കേസിൽ സ്വാഭാവികജാമ്യം ലഭിച്ച് പുറത്തിറങ്ങി.
ചങ്ങനാശ്ശേരിയിലെ വീട്ടിൽ ആറ് മാസം മാത്രമേ താമസിക്കാൻ കഴിഞ്ഞുള്ളൂവെന്നും, പിന്നീട് അമ്മാവൻ താമസിക്കുന്ന കാസർകോട്ടേക്ക് മാറുകയായിരുന്നുവെന്നും വിപിൻലാൽ വ്യക്തമാക്കിയിരുന്നു. ഇവിടേക്കാണ് കെ ബി ഗണേഷ്കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല എത്തിയത്. ആദ്യം പണവും മറ്റ് സാമ്പത്തികലാഭവും വാഗ്ദാനം ചെയ്തെങ്കിലും പിന്നീട്, ഇത് നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തുകളെത്തുകയായിരുന്നുവെന്നുമാണ് വിപിൻലാൽ പറഞ്ഞത്. ഇത് വിവാദമായെങ്കിലും ഗണേശൻ്റെ സ്വാധീനത്തിൽ എല്ലാം മുങ്ങി.
പൾസർ സുനിയെ കുരുക്കി കേസിൽ നിന്ന് രക്ഷപ്പെടാനാണ് ദിലീപ് ശ്രമിച്ചത്. നടിയെ അക്രമിച്ചത് സുനിയാണെന്ന് വരുത്തി തീർക്കാനും ദിലീപ് ശ്രമിച്ചു. എന്നാൽ പോലീസിൻ്റെ കൃത്യമായ ഇടപെടൽ കാരണമാണ് സുനിയുടെ തലയിൽ ഇങ്ങനെയൊരു പഴി വന്നു ചേരാത്തത്. പോലീസിനെ വേണ്ടത് സുനിയെയല്ല ദിലീപിനെയാണ്.
ബാലചന്ദ്രകുമാറിൻ്റെ മൊഴി ശരിവയ്ക്കാൻ പൾസറിന് മാത്രമേ കഴിയൂ. ഇതിനിടെ പൾസറിൻെറ അമ്മയെ കൊണ്ടും പോലീസ് രഹസ്യമൊഴി കോടതിയിൽ നൽകി. അതിലും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചത് എന്നാണ് സുനിയുടെ അമ്മ പറയുന്നത്. എല്ലാം ദിലീപിൻ്റെ തലയിൽ ചാരിയാൽ സുനിക്ക് ശിക്ഷാ ഇളവ് കിട്ടുമെന്നാണ് പോലീസ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഏതായാലും പോലീസ് മാനേജ് ചെയ്തിരുന്ന പൾസറിനെയാണ് ദിലീപ് ഇപ്പോൾ മാനേജ് ചെയ്യുന്നത്.. സാമ്പത്തികമായി തീരെ ദുർബലനായ പൾസറിന് സുപ്രീം കോടതിയിൽ മുന്തിയ വക്കീലിനെ കൊണ്ട് കേസു നടത്തിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് പോലീസിന് നന്നായറിയാം.
പെരുമ്പാവൂര്‍ അകനാട് ഇളമ്പകപ്പള്ളിയിലെ നെടുവേലിക്കുടി എന്ന ആയിരം സ്‌ക്വയര്‍ഫീറ്റിലൊതുങ്ങുന്ന ഒരു ചെറിയ വീട്ടിലാണ് പൾസർ സുനി ജീവിച്ചത്. സുനിയുടെ അമ്മ ശോഭനയും സഹോദരിയും ഇപ്പോള്‍ ഇവിടെയില്ല. അന്വേഷണ ഉദ്യോഗസ്ഥരേ ഭയന്ന് ബന്ധുവീടുകളില്‍ മാറിമാറി ഇവർ താമസിക്കുന്നു.
മാസങ്ങള്‍ക്ക് മുമ്പ് വരെ ഇളമ്പകപ്പള്ളി ഗ്രാമം അധികമാര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഇളമ്പകപ്പിളളി നെടുവേലിക്കുടി സുനില്‍കുമാര്‍ മുഖ്യ പ്രതിയായതോടെ ഗ്രാമത്തിന്റെ ചിത്രമാകെ മാറി. പൾസർ ആളൊരു തരികിടയാണെന്നാണ് നാട്ടുകാർ പറയുന്നത്.. വലിയ കാറിലും ബൈക്കിലുമാണ് സുനി നാട്ടിലെത്തുന്നത്. ചില കേസുകളില്‍ പെട്ടതില്‍ പിന്നെ നാട്ടുകാര്‍ക്കധികം മുഖം കൊടുക്കാറില്ല. മിന്നൽ പോലെ വന്നു പോകും. സുനില്‍കുമാര്‍ പള്‍സര്‍ സുനിയായത് എങ്ങനെയെന്ന് നാട്ടുകാർക്കറിയില്ല.
പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയമാണ് കാരണമെന്ന് ചിലർ പറയുന്നു പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷണം നടത്തിയതു കൊണ്ടാണെന്ന് മറ്റു ചിലര്‍ പറയുന്നു.. ആദ്യമായി പള്‍സര്‍ ബൈക്ക് വാങ്ങി നാട്ടില്‍ ചെത്തി നടന്നതു കൊണ്ടാണെന്ന് മൂന്നാമതൊരു കൂട്ടര്‍ പറയുന്നു. ഏതായാലും ആള്‍ ക്രമിനല്‍ ആണെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് മറ്റൊരു അഭിപ്രായമില്ല.
സ്‌കൂള്‍ പഠന കാലത്ത് തന്നെ വില്ലന്‍ പട്ടം ലഭിച്ച സുനിക്ക് വീടുമായും നാടുമായും ബന്ധം വളരെ കുറവാണ്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച സുനില്‍കുമാറിനെ അധ്യാപകരാരും ഓര്‍ക്കുന്നില്ല. വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ പതിനേഴാം വയസില്‍ വീടുവിട്ടു. ഈ കറക്കത്തില്‍ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിലടക്കം ഇയാള്‍ വിപുലമായ സൗഹൃദ വലയമുണ്ടാക്കി. ഈ സൗഹൃദ വലയമാണ് പിന്നീട് ക്വട്ടേഷന്‍-ഗുണ്ടാ സംഘമായി മാറിയത്. പല കേസുകളിലും ഒളിവില്‍ താമസിക്കുന്നതിനും ഇത് ഇയാള്‍ക്ക് സഹായകരമായിട്ടുണ്ട് എന്ന കഥയാണ് പോലീസില്‍ നിന്ന് ലഭിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ വി.ഐ.പി പ്രതിയെക്കുറിച്ച് പോലീസുകാര്‍ അന്വേഷിക്കുന്നത് . സുനി എങ്ങനെ ദിലീപിൻ്റെ ആളായെന്ന് പോലീസിനും അറിയില്ല.
എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്‌സി ഡ്രൈവേഴ്‌സ് ക്ലബുണ്ടാക്കിയതോടെയാണ് സിനിമയില്‍ സുനിയുടെ നല്ല സമയം ആരംഭിക്കുന്നത്. ഉന്നതരായ ആളുകള്‍ക്കും സമ്പന്നര്‍ക്കും ഫോണില്‍ ബന്ധപ്പെട്ടാല്‍ ഡ്രൈവര്‍മാരേയും ടാക്‌സിയും നല്‍കലായിരുന്നു ക്ലബിന്റെ സേവനം. സ്മാര്‍ട്ടായതിനാല്‍ കൂട്ടത്തില്‍ സുനി തിളങ്ങി. അവര്‍ക്ക് എല്ലായിടത്തും പോവുമ്പോള്‍ കൂട്ടത്തില്‍ കൊണ്ടുനടക്കാന്‍ പറ്റിയ ഗെറ്റ്-അപ്പ് ഉള്ള ഒരുത്തന്‍. അങ്ങനെയാണ് സിനിമാക്കാര്‍ സുനിയെ അന്വേഷിച്ച് എത്താന്‍ തുടങ്ങിയത്. പിന്നീട് അവന്‍ സിനിമാക്കാരുടേയും സിനിമാ യൂണിറ്റിലേയുമൊക്കെ ഡ്രൈവറായി വിലസുന്നത്. പല സിനിമാക്കാരും വിശ്വസ്ത ഡ്രൈവറായി സുനിയെ കൂടെ കൂട്ടിയതും അങ്ങനെയാണ്.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ബസ് യാത്രികനായ യുവാവിന്റെ മുഖത്ത് മുളക് പൊടി സ്‌പ്രേ അടിച്ച് ഏഴ് ലക്ഷം കവര്‍ന്നതടക്കം ചെറുതും വലുതുമായ ഏട്ട് മോഷണ കേസുകളും അമ്പലമേട് പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസും സുനിയുടെ പേരിലുണ്ടായത് ഈ കാലയളവിലാണ്. ഇതേ അവസരത്തില്‍ തന്നെയാണ് സിനിമാ മേഖലയിലും പലരുടേയും മന:സാക്ഷി സൂക്ഷിപ്പുകാരനായി സുനി മാറിയത്. ബന്ധങ്ങള്‍ വിപുലമായതോടെ സുനിയുടെ രീതിയും മാറി.
ആഡംബര വാഹനങ്ങളില്‍ ഇടക്കിടെ നാട്ടില്‍ വന്ന് പോകാന്‍ തുടങ്ങി. ഈ വരവുകളില്‍ ഇളമ്പകപ്പിളളിയിലും നെട്ടന്‍സിറ്റിയിലും പഴയ പരിചയക്കാരുമായി പരിചയം പുതുക്കി. നടിയെ ആക്രമിച്ച കേസില്‍ പിടിയിലാകുന്നതിന് അഞ്ച് മാസം മുമ്പാണ് ഇത്തരത്തില്‍ ഇയാള്‍ നാട്ടില്‍ വന്ന് മടങ്ങിയത്. ആഡംബരപ്രിയവും പുറത്തെ അമിത സൗഹൃദവുമാണ് സുനിക്ക് വിനയായതെന്നാണ് കോടനാട് സ്‌റ്റേഷനിലെ പോലീസുകാര്‍ പറയുന്നത്.
യഥാര്‍ഥത്തില്‍ സുനി കാരണം ദുരിതമനുഭവിക്കുന്നത് വീട്ടുകാരാണ്. ബന്ധുക്കളില്‍ പലരേയും നേരില്‍ കണ്ടു. ഉദ്യോഗസ്ഥർ നിരന്തരം കയറിയിറങ്ങാന്‍ തുടങ്ങിയത് ഇവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ഇട്ടതുമായി ബന്ധപ്പെട്ട് സുനിയുടെ അമ്മയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിലുളളവര്‍ അയാളെ കൂടെ കൂട്ടിയതെന്നാണ് നാട്ടുകാരും അയാളുടെ പരിചയക്കാരും പറയുന്നത്. സിനിമയിലും പുറത്തും തങ്ങളുടെ എതിരാളികളെ ഒതുക്കാന്‍ ഇയാളുടെ ക്രിമിനല്‍ ബന്ധങ്ങള്‍ അവര്‍ക്ക് സഹായകരമായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു.
തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ഉത്തമ വിശ്വാസമാണ് സുനിക്കുള്ളത്. എന്തു തന്നെ സംഭവിച്ചാലും തന്നെ രക്ഷിക്കാൻ ആളുണ്ടാകുമെന്ന് സുനി കരുതുന്നു.ദിലീപ് തന്നെ ചതിച്ചാൽ ദിലീപിനെ ചതിക്കാനുള്ള കോപ് സുനിയുടെ കൈയിലുണ്ട്. തന്നെ എന്നന്നേക്കുമായി ജയിലിലാക്കി ദിലീപ് രക്ഷപ്പെടുന്നതിൽ സുനിക്ക് പരിഭവമൊന്നുമില്ല.
എന്നാൽ തൻ്റെയും തൻ്റെ കുടുംബത്തിൻെറയും കാര്യങ്ങൾ ദിലീപ് നോക്കണമെന്നു മാത്രമാണ് സുനിയുടെ വാശി.എന്നാൽ സുനിയുടെ പണമൊന്നും തങ്ങൾക്ക് വേണ്ടെന്നാണ് വീട്ടുകാരുടെ നിലപാട്. ഏതായാലും സുനിയെയും ദിലീപിനെയും ഇരുവർക്കുമിടയിലെ ഇടനിലക്കാരെയും പോലീസ് കർശനമായി നിരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























