യൂണിയൻ നേതാക്കളെ ചൊറിഞ്ഞു; സ്ഥാനം തെറിച്ചു! പണി മേടിച്ച് KSEB ചെയര്‍മാന്‍

ഭരണപക്ഷ തൊഴിലാളി യൂണിയനുമായുള്ള രൂക്ഷമായ തർക്കത്തിലായിരുന്ന ബി അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ വാർത്തയാണ് ഏറ്റവും പ്രധാനമായി ഇപ്പോൾ പുറത്ത് വരുന്നത്. കൃഷിവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. സിപിഎമ്മിന്റെ കെഎസ്ഇബി തൊഴിലാളി യൂണിയനുകളുടെയും എക്കാലത്തേയും പൊതു ശത്രുവാണ് കെഎസ്ഇബി ചെയർമാൻ കൂടിയായ ശ്രീ. ബി അശോക് ഐഎഎസ്. അദ്ദേഹം സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു.
അതുകൊണ്ട് തന്നെ അധികനാൾ ഇവിടെ വാഴില്ല എന്ന താക്കീത് സിപിഎം നേതാക്കൾ പരോക്ഷമായി നൽകിയിരുന്നു. പക്ഷേ അതിനെയൊന്നും കാര്യമാക്കാതെ, വെല്ലുവിളി ഉയർത്തി ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹം നയിച്ചത്. നിയമവശങ്ങളിലൂടെ മാത്രം സഞ്ചരിച്ച് അദ്ദേഹം ബോർഡിലെ സത്യസന്ധരായ ജീവനക്കാർക്ക് ഒരു മാതൃകയായി. അനധികൃതമായി യാതൊരു വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ യൂണിയന്റെ കണ്ണിലെ കരടായിരുന്നു. സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേ തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.
രാജൻ എൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. കൂടാതെ, കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിനു തത്തുല്യമായി ഉയർത്തിയിട്ടുമുണ്ട്. ബി അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. യൂണിയനുമായുള്ള തർക്കത്തിൽ അശോകിനെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാരിനുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.
നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് മാറ്റം. കെഎസ്ഇബിയിൽ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളാണ് ചെയർമാനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കത്തിലേക്കു നയിച്ചത്. സിപിഎം അനുകൂല സർവീസ് സംഘടനയായ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കെഎസ്ഇബി ആസ്ഥാന മന്ദിരത്തിനു മുന്നിൽ നിരവധി ദിവസം സമരങ്ങൾ നടന്നു.
ചെയർമാന്റെ ഓഫിസിലേക്കു തള്ളിക്കയറാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാർക്കു നേരെ നടപടിയുണ്ടായി. ചെയർമാനെ മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ. നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനവട്ട ചര്‍ച്ച കഴിഞ്ഞതിന്റെ പിറ്റേ ദിവസം അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെതിരെ അനധികൃതമായി വാഹനം ഉപയോഗിച്ചതിന് അശോക് പിഴ ചുമത്തിയിരുന്നു.
മുൻ സർക്കാരിന്റെ കാലത്തു നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ചെയർമാന്റെ പോസ്റ്റ് വിവാദമായി. ഇതിനെതിരെ അസോസിയേഷൻ രംഗത്തെത്തിയതോടെ ചെയർമാൻ പോസ്റ്റ് പിൻവലിച്ചു. സിപിഎം അസോസിയേഷനിൽപ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തർക്കത്തിനിടയാക്കി.
സമരം നീണ്ടു പോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു അസോസിയേഷന്‍ താല്‍കാലികമായി സമരം നിര്‍ത്തിയത്. മന്ത്രിതലത്തിൽ നിരവധി ചർച്ചകൾക്കു ശേഷമാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഹൈക്കോടതിയുടെ ഇടപെടലും സമരം അവസാനിപ്പിക്കാൻ കാരണമായി മാറി.
വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി അശോകിനെ പിന്തുണച്ചിരുന്നെങ്കിലും മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അശോകിന് എതിരായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനമാറ്റം. കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജന്‍ ഖോബ്രഗഡെയെ അടുത്തിടെ ജലസേചനവകുപ്പിലേക്ക് മാറ്റിയിരുന്നു. അവിടെ അദേഹം അവധിയെടുത്തതിന് പിന്നാലെയാണ് പുതിയ പദവി നല്‍കുന്നത്.
https://www.facebook.com/Malayalivartha



























