മങ്കിപോക്സിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും... ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാനദണ്ഡത്തില്‍ ആവശ്യമായ നിര്‍ദേശങ്ങളും സംഘം നല്‍കും

സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം മങ്കിപോക്സിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയോടെയാകും കേന്ദ്ര സംഘം ആരോഗ്യമന്ത്രിയെ കാണുക. രോഗി ചികിത്സയിലുള്ള മെഡിക്കല്‍ കോളേജിലും കൊല്ലത്തും സംഘം നേരത്തെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടായിരുന്നു.
നിലവിലെ ചികിത്സാരീതിയും പ്രവര്‍ത്തനങ്ങളും സംഘം പരിശോധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാനദണ്ഡത്തില്‍ ആവശ്യമായ നിര്‍ദേശങ്ങളും സംഘം നല്‍കും. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം ഡല്‍ഹിയിലേക്ക് മടങ്ങും. ശേഷം വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കുകയും ചെയ്യും.
അതേസമയം മങ്കിപോക്സിനെതിരായ പ്രതിരോധ പ്രവര്‍ത്തനം സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി കൂടി മങ്കിപോക്സ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി.
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക്. രോഗിയുടെ റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കി.
"
https://www.facebook.com/Malayalivartha

























