പാലക്കാട് സ്കൂൾ കുട്ടികളുടെ കഴുത്തിലും നെഞ്ചിലുമടക്കം പരുക്കേൽപ്പിച്ച് നാട്ടുകാർ; കൈവച്ചവനെ പൂട്ടുമെന്ന് രക്ഷിതാക്കൾ: നടന്നത് സദാചാര പോലീസിങ്ങാണെന്ന് വിദ്യാർത്ഥികൾ- ഒരാൾ അറസ്റ്റിൽ

പാലക്കാട് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര പോലീസിങ്ങ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന്റെ പേരിലാണ് കുട്ടികൾക്ക് നേരെ ആക്രമണമുണ്ടായത്. സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തിരുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. 5 പെൺകുട്ടികളും 5 ആൺകുട്ടികളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിനെ നാട്ടുകാരെന്ന് പറഞ്ഞെത്തിയ യുവാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടികളെ തടഞ്ഞ്, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ സഹപാഠികളായ ആൺകുട്ടികൾ ചോദ്യം ചെയ്തു. തുടർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നു.
പരുക്കേറ്റ പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികളും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുട്ടികളെ മർദ്ദിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് വിദ്യാർഥികൾ കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെയാണ് മർദ്ദനമേറ്റത്. അതേ സമയം ഏറെ വൈകിയും വിദ്യാർത്ഥികൾ ഇവിടെ ഇരിക്കാറുണ്ടെന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ ഇവിടെ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.
മർദ്ദിച്ചവർ ആളുകളെത്തുന്നത് കണ്ട് പിൻവാങ്ങിയെന്നും തങ്ങൾക്ക് നേരെ സദാചാര പോളിസിങ്ങാണ് നടന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. സദാചാര പോലീസിങ്ങ് നീതീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. അതേ സമയം സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha