സംസ്ഥാനത്ത് കലിതുള്ളി മഴ, കൊല്ലത്തും പത്തനംതിട്ടയിലുമായി മഴക്കെടുതിയിൽ രണ്ട് മരണം, തീരദേശ - മലയോരമേഖലകളിൽ അതീവ ജാഗ്രതാനിർദേശം, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കനക്കും, മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനിടെ കനത്ത മഴയിൽ കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്.
ഈറോഡ് സ്വദേശി കിഷോർ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപെട്ടാണ് യുവാവ് മരിച്ചത .കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലേർട്ടില്ലാത്തത്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴ കനക്കുന്നത്. ഇന്ന് കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതൽ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത. വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും.
ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാര്‍ വ്യക്തമാക്കി.
കുറഞ്ഞ സമയത്തിനുള്ളയിൽ കൂടുതൽ മഴ മേഘങ്ങൾ എത്താമെന്നതിനാൽ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്.വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവക്കുന്നത്. ഇത് ന്യൂനമർധമായി മാറിയേക്കും. കർണാടക തമിഴ്നാട് തീരത്തായി ഒരു ന്യൂനമർദ്ദപാത്തിയും ഉണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ് ഈ സാഹചര്യം. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിൽ പോകുന്നതിന് നിരോധനമുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെന്‍ററുകളും അടച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha