പത്തനംതിട്ടയിൽ കനത്ത മഴ, അച്ചൻകോവിലാർ അടക്കമുള്ള നദികളിൽ ജലനിരപ്പ് ഉയരുന്നു, ഉരുൾപൊട്ടൽ ഉണ്ടായതായി നിഗമനം

പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാർ അടക്കമുള്ള നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറിൽ രണ്ടടിയെങ്കിലും ജലം ഉയർന്നിട്ടുണ്ടെന്നാണ് സൂചന. നദിയിലേക്ക് വലിയ ഒഴുക്കാണ് ഉണ്ടായിരിക്കുന്നത്. അച്ചൻകോവിലാർ കലങ്ങിമറിഞ്ഞ് ഒഴുകുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.
കിഴക്കൻ മേഖലകളിലുണ്ടാവുന്ന മഴ ഏറ്റവും ആദ്യം ബാധിക്കുന്നത് അച്ചൻകോവിലാറിനെയാണ്. ഇന്നലെ മുതൽ നിർത്താതെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി.ശക്തമായ മഴയിൽ പലയിടത്തും ഉരുൾപൊട്ടി. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു.
കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയിൽ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണും വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha