മണിച്ചനെ ഇറക്കാൻ ടീം പിണറായി ഡൽഹിയിൽ, കേസിൽ മണിച്ചൻ തോറ്റാൽ ഡൽഹിയിലുള്ള സർക്കാരിൻ്റെ നിയമവിദഗ്ധർക്കെല്ലാം പണി പോകുമെന്ന അവസ്ഥ, 31 പേരെ വിഷമദ്യം കൊടുത്തു കൊന്ന അബ്കാരി രാജാവിനെ ജയിൽ മോചിതനാക്കാൻ തൊഴിലാളി പാർട്ടിയുടെ സമാരാധ്യനായ നേതാക്കൾ ഉറക്കം കളയുന്നു, ധീര സഖാക്കളുടെ അമിതാവേശം കണ്ട് കണ്ണു തള്ളി സുപ്രീം കോടതി

സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചതിൻ്റെ പേരിൽ ചികിത്സ കിട്ടാതെ മനുഷ്യർ മരിക്കുന്ന നാട്ടിൽ 31 പേരെ വിഷമദ്യം കൊടുത്തു കൊന്ന അബ്കാരി രാജാവിനെ ജയിൽ മോചിതനാക്കാൻ തൊഴിലാളി പാർട്ടിയുടെ സമാരാധ്യനായ നേതാവായ സംസ്ഥാന മുഖ്യമന്ത്രിയും അദ്ദേഹത്തിൻെറ ടീമും ഉറക്കം കളയുന്നു. കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ വില്ലൻ മണിച്ചൻ്റെ രക്ഷാർത്ഥമാണ് പിണറായിയും പി ശശിയും കൊണ്ടു പിടിച്ച് രംഗത്തുള്ളത്.
സംസ്ഥാന സർക്കാരിൻ്റെ സുപ്രീം കോടതി അഭിഭാഷകർക്കൊക്കെ സേവ് മണിച്ചൻ ഫോർമുലയെ കുറിച്ച് വ്യക്തമായ അവബോധം നൽകിക്കഴിഞ്ഞു. കേസിൽ മണിച്ചൻ തോറ്റാൽ ഡൽഹിയിലുള്ള സർക്കാരിൻ്റെ നിയമവിദഗ്ധർക്കെല്ലാം പണി പോകുമെന്ന അവസ്ഥയാണുള്ളത്.മണിച്ചൻ്റെ കാര്യത്തിൽ സർക്കാരിൻ്റെ ശുഷ്കാന്തി കണ്ട് കഴിഞ്ഞ കുറെ നാളുകളായി എല്ലാവരും അത്ഭുതപ്പെടുകയാണ്. സർക്കാരാണ് മണിച്ചനെ ജയിൽ മോചിതനാക്കാൻ തീരുമാനിച്ചത്.ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് ആരോപണം ഉയർന്നിരുന്നു. കാരണം കല്ലുവാതുക്കൽ ദു രന്തം നടക്കുന്ന കാലത്ത് ഇ.കെ നായനാരായിരുന്നു മുഖ്യമന്ത്രി.
അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ഇപ്പോഴത്തെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി.കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ മോചനത്തിനായുള്ള പുതിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്‍റെ ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനാണ് സർക്കാർ പൂർണ പിന്തുണ നൽകുന്നത്.
മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സർക്കാരിൻ്റെ നയപരമായ ബാധ്യതയായതു കൊണ്ടു മാത്രം സംഭവിച്ച കാര്യമാണ്. ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മണിച്ചൻ്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി മെയ് 20 ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചിരുന്നു.
20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. ഈ തീരുമാനപ്രകാരം ആണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്.
31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.
പൊടിയരി കഞ്ഞി കച്ചവടക്കാരനിൽ നിന്നുമാണ് തലസ്ഥാനത്തെ നിയന്ത്രിച്ച അബ്കാരിയായി കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ചന്ദ്രനെന്ന മണിച്ചന്‍റെ വളർച്ച. ഭരണ-ഉദ്യോഗസ്ഥ വൃന്ദങ്ങളെ നിയന്ത്രിച്ചിരുന്ന മണിച്ചന്‍റെ വൻ വീഴ്ച പെട്ടെന്നായിരുന്നു. തുടര്‍ച്ചയായ 22 വർഷമാണ് മണിച്ചനെ മോചിപ്പിക്കണമെന്ന ശുപാർശ ജയിൽ ഉപദേശ സമിതി തള്ളിയത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചന്‍റെ തുടക്കം. പിന്നീട് വ്യാജ വാറ്റായി. ഒരിക്കൽ മണിച്ചന്‍ എക്സൈസിന്‍റെ പിടിയിലായി.. ജാമ്യത്തിലിറങ്ങിയിട്ടും വാറ്റ് തുടർന്നു. ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി മണിച്ചൻ നല്ല ബന്ധമുണ്ടാക്കി. ആന്‍റണി സർക്കാർ ചാരായം നിരോധിച്ചപ്പോള്‍ കള്ള് ഷാപ്പ് ലേലത്തിലേക്ക് മണിച്ചന്‍ നീങ്ങി.
സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റെയ്ഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റെയ്ഞ്ചുകളും മണിച്ചന്‍റെ കീഴിലായി. കള്ളുഷാപ്പുകള്‍ വഴി വ്യാജ മദ്യം വിറ്റു. പൊലീസും എക്സൈസും മണിച്ചനെതിരെ അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരൻമാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി. തിരുവനന്തപുരം റെയ്ഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഒളിവിൽ പോയ മണിച്ചൻ ശത്രുക്കള്‍ക്കെതിരെ ഗൂഢാലോചന ആരോപിച്ചു.
പിന്നാലെ മണിച്ചനെ പൊലീസ് പിടികൂടി. മണിച്ചന്‍റെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമെല്ലാം കല്ലുവാതുക്കൽ കേസിൽ പ്രതിയായി. മണിച്ചന്‍റെ സാമ്രാജ്യം തകര്‍ന്നു. മണിച്ചന്‍റെ വീട്ടിൽ ഭൂഗർഭ അറകളുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് അന്വേഷണ സംഘം കണ്ടെത്തി. 2002 ജൂലൈ 16 കൊല്ലം സെഷൻസ് കോടതിയാണ് മണിച്ചനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
മണിച്ചന്‍റെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചിരുന്നുവെങ്കിലും കൊലപാതക കുറ്റം എടുത്തുമാറ്റി. അബ്കാരി നിയമപ്രകാരമുള്ള ശിക്ഷയാണ് തുടർന്ന് അനുഭവിച്ചത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ ജയിൽ വച്ച് വധിക്കാൻ ശ്രമിച്ച കേസിലും നാല് വർഷം മണിച്ചനെ ശിക്ഷിച്ചു.
പിന്നീട്, ജയിലിലെ നല്ല പുളളിയായ മണിച്ചനെ നെട്ടുകാൽത്തേരി തുറന്ന ജയിലേക്ക് മാറ്റി. ശിക്ഷ ഇളവിന് മണിച്ചൻ പല പ്രാവശ്യം അപേക്ഷ നൽകിയെങ്കിലും ഉപദേശ സമിതികള്‍ തള്ളി. ജയിലിലെ മേസ്തിരിയായ മണിച്ചന് പൊലീസ് റിപ്പോർട്ടും അനുകൂലമായിരുന്നില്ല. മണിച്ചന്‍റെ രണ്ട് സഹോദരങ്ങളും കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതരായിരുന്നു. ഒടുവിൽ ഉന്നതാധികാര സമിതി രക്ഷക്കെത്തി. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച മദ്യദുരന്തകേസിന്‍റെ കാരണക്കാരൻ 22 വർഷത്തിന് ശേഷം പുറത്തേക്ക്.
ആഭ്യന്തര വകുപ്പും എക്സൈസും പരാജയപ്പെട്ടപ്പോൾ നായനാര്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യദുരന്തം. 31 പേര്‍ മരിച്ച സംഭവത്തിലെ മാസപ്പടി കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാഷ്ട്രീയ മദ്യ മാഫിയകൾ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി. നായനാർ സർക്കാരിന്റെ കാലത്ത് അകത്തായ മണിച്ചൻ പിണറായി സർക്കാരിന്റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്. ഈ കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന അവസാന പ്രതിയാണ് പുറത്തിറങ്ങുന്നത്.
കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ 31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി.
ഇ.കെ നായനാരായിരുന്നു പ്രതിക്കൂട്ടിലായത്. നായനാരുടെ ഒരു ഉറ്റ ബന്ധു അബ്കാരിയായി കായംകുളത്ത് നിറഞ്ഞാടുന്ന കാലം. മണിച്ചന് നായനാർ സർവ സൗഭാഗ്യങ്ങളും അനുവദിച്ചു കൊടുത്തതായി ആരോപണം ഉയർന്നു.നായനാരുടെ ഉറ്റ ബന്ധു മണിച്ചൻ്റെ ആഢംബര കാറിൽ ഗുരുവായൂരപ്പനെ തൊഴാൻ പോയെന്ന വാർത്തയും വൻ വിവാദമായി മാറി. ഇത്തരത്തിൽ മണിച്ചനെയും നായനാരെയും ബന്ധപ്പെടുത്തി വാർത്തകൾ വളർന്നു വികസിച്ചു. എന്നാൽ നായനാർ ചെയ്ത തെറ്റ് ഒന്നേയുള്ളു. തൻ്റെ സെക്രട്ടറിയെ കണ്ണുമടച്ച് വിശ്വസിച്ചു. ആ സെക്രട്ടറിയാകട്ടെ നായനാരെ നിരന്തരം പറ്റിച്ചുകൊണ്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആരോപണം നീണ്ടു. ചിറയിൻകീഴ്, വാമനപുരം, വർക്കല റെയ്ഞ്ചുകള്‍ നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രനെന്ന മണിച്ചനും ഭരണകക്ഷി ഉന്നതതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നു. കള്ളഷാപ്പിന്റെ മറവിൽ നടന്ന വ്യാജ വാറ്റിനും മദ്യ കച്ചവടത്തിന് രാഷ്ട്രീയ- ഉദ്യോഗസ്ഥ ഒത്താശയുണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഐജി സിബി മാത്യൂസ് കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ ഓരോ കണ്ടെത്തലും സർക്കാരിന് തിരിച്ചടിയായി.
മാസപ്പടി ഡയറി പിടിച്ചു. മണിച്ചൻ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന സ്പരിറ്റ് ശേഖരവും കണ്ടെത്തി. സിപിഎം ജില്ലാ സെക്രട്ടറിയും, എംഎൽഎയും സിപിഐ എംഎൽഎയും ഉള്‍പ്പെടെ ഉന്നത നിരതന്നെ ഉണ്ടായിരുന്നു മാസപ്പടി ലിസ്റ്റിൽ, മണിച്ചൻ എന്ന അബ്കാരി തഴച്ച് വളര്‍ന്നത് സര്‍ക്കാര്‍ തണലിലായിരുന്നു എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു. സി പി എം നേതാക്കൾ തീർത്തും പ്രതി കൂട്ടിലായി. ആദ്യമായിട്ടാണ് ഇത്രയധികം സി പി എം നേതാക്കൾ ഒരുമിച്ച് ആരോപണ വിധേയരായത്..
.കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനെടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടതു സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായി കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടതുമുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു. നായനാർ സർക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കിയ മദ്യ ദുരന്തത്തിലെ മുഖ്യ പ്രതി പിണറായി സർക്കാരിന്റെ കാലത്ത് പുറത്തിറങ്ങുന്നുകയാണ്.
ഇന്നും മണിച്ചനെ സഹായിക്കാൻ അദ്ദേഹത്തിൻ്റെ പഴയ ചങ്ങാതിമാർ സെക്രട്ടേറിയറ്റിലുണ്ട് എന്നതാണ് രസകരമായ കാര്യം. ഭരണ നേതൃത്വവും അബ്കാരികളും ചേർന്ന് സംസ്ഥാനത്തിൻ്റെ സാമ്പത്തിക നില താറുമാറാക്കുമെന്ന കല്ലുവാതുക്കൽ ജുഡീഷ്യൽ കമ്മീഷനായിരുന്ന ജസ്റ്റിസ് വി .പി .മോഹൻകുമാർ കമ്മീഷൻ്റെ റിപ്പോർട്ട് നിയമസഭാ ലൈബ്രറിയിൽ എവിടെയോ സുഖ ഉറക്കത്തിലാണ്.സുപ്രീം കോടതി വഴി മണിച്ചനെ ഊരിക്കാനാണ് ഇക്കുറി സർക്കാർ ശ്രമിച്ചത്. അത് ബുദ്ധിപൂർവമുള്ള നീക്കമായിരുന്നു.
മണിച്ചന്‍റെ മോചനത്തിന് വഴിയൊരുക്കുന്ന ഫയൽ ആദ്യം ഗവർണർ തിരിച്ചയച്ചിരുന്നു. തിരിച്ചയച്ചതിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് വ്യക്തമാക്കി. ഫയൽ തിരിച്ചയച്ചത് ചില സംശയങ്ങളുള്ളതിനാലാണ്. ദീർഘ കാലമായി ജയിലിൽ കഴിയുന്നവരുടെ അവകാശങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ട്. ഫയൽ മടക്കിയതിൽ ഗൗരവകരമായി ഒന്നുമില്ല. അതിൽ വ്യക്തത വന്നാൽ ഫയലിൽ ഉടൻ തീരുമാനം എടുക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ജയിൽ ഡിജിപി എന്നിവടങ്ങിയ സമിതി നിർദ്ദേശിച്ചത് 64 തടവുകാരുടെ പേരുകളാണ്. ഇതിൽ നിന്നും 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നായിരുന്നു ഗവർണർ ഉന്നയിച്ച പ്രധാനപ്പെട്ട സംശയം.
മണിച്ചനടക്കം 33 പേരെ വിട്ടക്കമെന്നാവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് ഫയൽ അയച്ചത്. പല കാരണങ്ങളാൽ ജയിൽ ഉപദേശ സമിതിയുടെ പരിഗണന കിട്ടാത്ത തടവുകാരെയാണ് ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവടങ്ങിയ ഉദ്യോഗസ്ഥ സമിതി വിട്ടയക്കാൻ ശുപാർശ ചെയ്തത്. ഈ സമിതി 64 പേരുകളാണ് സർക്കാരിന് നൽകിയത്. ഇതിലാണ് മണിച്ചനും കുപ്പണ മദ്യ ദുരന്ത കേസിലെ പ്രതിയുമൊക്കെ ഉള്‍പ്പെട്ടത്.
കോളിളക്കം സൃഷ്ടിച്ച മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ ഉള്‍പ്പെട്ടതിനാൽ ഗവർണർ എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമായിരുന്നു. മൂന്നു കാര്യങ്ങളിലാണ് ഗവർണർ വിശദീകരണം ചോദിച്ചത് . ഒന്ന് - ജയിൽ ഉപദേശ സമിതികളെ മറികടന്ന് ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചതെന്തിന്, രണ്ട് - 64 തടവുകാരിൽ നിന്നും 33 പേരിലേക്ക് ചുരുക്കിയതെങ്ങനെ, എന്തായിരുന്നു മാനദണ്ഡം? മൂന്ന് - ഓരോ കേസും പ്രത്യേകമായി പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചിട്ടുണ്ടോ?
മണിച്ചന്‍റെ മോചനകാര്യത്തിൽ നാലാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗവർണറുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകിയത്. സർക്കാർ തീരുമാനം ഗവർണർമാർ അംഗീകരിക്കേണ്ടതാണെന്ന പേരറിവാളൻ കേസിലെ പരാമർശവും സർക്കാർ ഗവർണറെ അറിയിച്ചിരുന്നു.അതോടെ ഗവർണർ ഫയൽ ഒപ്പിട്ടു. രണ്ടാം പിണറായി സർക്കാരിൻ്റെ ഒരു പ്രധാന അജണ്ടയായിരുന്നു മണിച്ചൻ്റെ മോചനം.
https://www.facebook.com/Malayalivartha