പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി

ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. പുതിയ കലക്ടറായി വി.ആര്‍. കൃഷ്ണ തേജയെ നിയമിച്ചു. സിവില്‍ സപ്‌ളൈസ് ജനറല്‍ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസും ലീഗും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചത്. കളക്ടറായുള്ള നിയമനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു.
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം എല്‍ഡിഎഫില്‍ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ബഷീറിന്റെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ് പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കളക്ടറാക്കിയതില്‍ വേദനയുണ്ടെന്നായിരുന്നു ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരിന്റെ വിമര്‍ശനം.
കൈയേറ്റക്കാര്‍ക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതോടെയാണ് കരിയറില്‍ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സസ്‌പെന്‍ഷനിലായി. ദീര്‍ഘനാളത്തെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യവകുപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്.
https://www.facebook.com/Malayalivartha