സ്വന്തം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അമ്മയും മകളും വഴിയാധാരമാകാതിരിക്കാന്‍ ഈ അമ്മ ചെയ്തത്?

സ്വന്തം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അമ്മയും മകളും വഴിയാധാരമാകാതിരിക്കാന്‍ ഈ അമ്മ ചെയ്തത് മാതൃകാപരമാണ്. സ്വന്തം വീടും സ്ഥലവും ഇഷ്ടദാനം നല്‍കി സ്‌നേഹമാതൃകയായിരിക്കുകയാണ് ചന്ദ്രമതിയമ്മ. 14 വര്‍ഷം കൂടപ്പിറപ്പുപോലെ സ്വന്തം വീട്ടില്‍ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകള്‍ പൊന്നുവിനാണ് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) വീടും സ്ഥലവും ഇഷ്ടദാനമായി നല്‍കിയത്.
എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കിയിരുന്നു. എന്നാല്‍ ജോസഫിന്റെ സാമ്ബത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സില്‍ നൊമ്ബരമായി. വാടകയ്‌ക്കെത്തിയ കുടുംബം ഇതിനോടകം തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു. തുടര്‍ന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി.
4 വര്‍ഷം മുന്‍പ് ജോസഫ് മരിച്ചു. മുന്നോട്ടുള്ള ജീവിതം സരസ്വതി അമ്മാളിനു മുന്നില്‍ ചോദ്യചിഹ്നമായപ്പോള്‍ ആശ്വാസ കരങ്ങള്‍ നീട്ടിയത് ചന്ദ്രമതിയമ്മയാണ്. വാര്‍ധക്യ കാലത്ത് ഒരു കുടുംബം ഭാരമാകില്ലേ എന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ തള്ളിയ ചന്ദ്രമതിയമ്മ സരസ്വതി അമ്മാളിനെയും മകള്‍ പൊന്നുവിനെയും നെഞ്ചോടു ചേര്‍ത്തു.
ഇക്കാലമത്രയും ചന്ദ്രമതിയമ്മ പൊന്നുവിനു കരുതലായി മാറി. നീണ്ട കാലം സ്‌നേഹത്തോടെ കഴിഞ്ഞു വന്ന പൊന്നുവും കുടുംബവും പെരുവഴിയിലാകാന്‍ പാടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സ്വന്തം വീടും ഏഴു സെന്റ് സ്ഥലവും പൊന്നുവിന് ഇഷ്ടദാനമായി നല്‍കിയതെന്ന് ചന്ദ്രമതിയമ്മ പറഞ്ഞു. പ്ലസ്ടു പഠനം കഴിഞ്ഞു നില്‍ക്കുന്ന പൊന്നുവിന്റെ തുടര്‍ പഠനവും ചന്ദ്രമതിയമ്മയുടെ മനസ്സില്‍ ആഗ്രഹമായി നില്‍ക്കുന്നു.
https://www.facebook.com/Malayalivartha