ആകെ ദുരിതത്തിലായി... സംസ്ഥാനത്ത് മഴ കനത്തതോടെ പല സ്ഥലങ്ങളിലും വെള്ളം കയറി; എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത മഴ നാശം വിതയ്ക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നു കലക്ടര്‍ അറിയിച്ചു.
കൊല്ലം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി. പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്.
എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
കണ്ണൂര്‍ ജില്ലയിലെ കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ മൂലം ഗതാഗത തടസ്സം അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ മാത്രം പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍വകലാശാല/കോളജ് പരീക്ഷകള്‍ക്കു മാറ്റമില്ല.
ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ഇന്ന് ഉച്ചമുതല്‍ അതിശക്തമായ മഴയാണ് കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. രാത്രിയോടെ മൂന്നിടങ്ങില്‍ ഉരുള്‍പൊട്ടലുണ്ടായി എന്നാണ് അനൗദ്യോഗിക വിവരം. കേളകം, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍,കണവം വനമേഖല എന്നിവിടങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലില്‍ രണ്ട് പേരെ കാണാതായി.
പേരാവൂരിലെ മേലെ വെള്ളറ എസ് ടി കോളനിയില്‍ വീട് തകര്‍ന്ന് ഒരാളെ കാണാതായി. നെടുമ്പ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ ഒരു കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.
കണ്ണൂര്‍ നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂര്‍ തുണ്ടിയില്‍ ടൗണ്‍ വെള്ളത്തിനടിയിലായി. നിരവധി കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കണ്ണൂരില്‍ മലയോരത്ത് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്നാണ് വിവരം.
കണിച്ചാര്‍ പഞ്ചായത്താല്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂത്തുപമ്പ് മാനന്തവാടി പാതയിലെ നെടുമ്പൊയില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.
"
https://www.facebook.com/Malayalivartha