ആലപ്പുഴയിലെ ഓരോ വീടുകൾ തോറും കയറിയിറങ്ങി ഓരോരുത്തർക്കും കത്തുകൾ നൽകി ആംഗ്യഭാഷയിൽ അവരെ അഭിസംബോധന ചെയ്ത് മെറിൻ; പ്രതിസന്ധികളിൽ തളരാതെ ആത്മവിശ്വാസത്തിന്റെ തനിരൂപമായി പോസ്റ്റ് വുമൺ മെറിൻ ജി.ബാബു

ആത്മവിശ്വാസത്തിന്റെ തനിരൂപമായി മാറുകയാണ്. ആലപ്പുഴയിലെ ഓരോ വീടുകൾ തോറും കയറിയിറങ്ങി ഓരോരുത്തർക്കും കത്തുകൾ നൽകി ആംഗ്യഭാഷയിൽ അവരെ അഭിസംബോധന ചെയ്ത് മെറിൻ കടന്നു പോകുന്നുണ്ട്. ബധിരയും മൂകയുമായ മെറിൻ അതിലൊന്നും തളരാതെ നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായി മാറിയിരിക്കുകയാണ്. മാരാരിക്കുളം പൊള്ളേത്തൈ പോസ്റ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞ നവംബറിലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നാട്ടുകാരുടെ പ്രീതി പിടിച്ച് പറ്റി.
സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത ഒരാൾ തപാൽ വിതരണം പോലൊരു ജോലി എങ്ങനെ ചെയ്യുമെന്ന് ആശങ്കയുണ്ടായിരുന്നു. കാരണം ആളുകളുമായി നിരന്തരം സംസാരിക്കേണ്ടുന്ന ഒരു ജോലിയാകുമ്പോൾ അത് പ്രതീക്ഷിക്കണമല്ലോ. പക്ഷേ വളരെ വേഗത്തിൽ നാടും നാട്ടുകാരും മെറിന്റെ ഭാഷ മനസിലാക്കി. ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ ആദ്യത്തെ ഒരു മാസം അച്ഛനോ അമ്മയോ സഹോദരിയോ പ്രീജിത്തോ മെറിനു ഒപ്പം പോകുമായിരുന്നു.
നാട്ടുകാർക്കെല്ലാം ആളെ പരിചിതമായതോടെ തപാൽവിതരണത്തിന് ഒറ്റയ്ക്ക് പോകാൻ തുടങ്ങി. കൊല്ലം കൊട്ടാരക്കര കൊച്ചു ചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്സി ബാബുവിന്റെയും മകളാണ് മെറിൻ. തിരുവനന്തപുരം ഗവ.പോളി ടെക്നിക് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. അവിടെ തന്നെ ലാബ് അസിസ്റ്റന്റായി 3 വർഷം ജോലി ചെയ്തു.
2017 ൽ കൊല്ലം പരവൂർ സ്വദേശി എം.എസ്.പ്രീജിത്ത് മെറിനെ ജീവിത സഖിയാക്കി. പ്രീജിത്തിനും സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കോളജ് ജോലി ഉപേക്ഷിച്ചപ്പോൾ ഒരു വർഷം ഒരു സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തു. അതിനിടെയിലായിരുന്നു പോസ്റ്റ് വുമൺ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. അങ്ങനെ ആ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha