രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടു നിന്ന് കൊടുത്താൽ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് തന്നെ വേണമെങ്കിൽ ബി.ജെ.പി ലീഗിന് എഴുതിത്തരും; ലീഗ് നിർവഹിക്കുന്ന ആ രാഷ്ട്രീയ ദൗത്യം എത്ര വലുതാണ് എന്ന് ബോധ്യപ്പെടണമെങ്കിൽ ഇത് മാത്രം ആലോചിച്ചാൽ മതി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി

മുസ്‌ലിം ലീഗിന് അധികാരത്തേക്കാൾ വലുത് ഫാസിസത്തെ ചെറുക്കാൻ രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കലാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഇന്ത്യയിലെ ഫാസിസത്തിനു രണ്ടു ശത്രുക്കളെ ഉള്ളൂ. അത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.
രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടു നിന്ന് കൊടുത്താൽ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് തന്നെ വേണമെങ്കിൽ തന്നെ ബി.ജെ.പി ലീഗിന് എഴുതിത്തരും. ലീഗ് നിർവഹിക്കുന്ന ആ രാഷ്ട്രീയ ദൗത്യം എത്ര വലുതാണ് എന്ന് ബോധ്യപ്പെടണമെങ്കിൽ ഇത് മാത്രം ആലോചിച്ചാൽ മതി. കൊക്കിലെ ശ്വാസം നിൽക്കുന്നത് വരെ ലീഗ് അതിനു കൂട്ട് നിൽക്കില്ലെന്നും ഷാജി വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കോൺഗ്രസിന്റെ കൂടെ നിൽക്കും എന്ന് പറയുന്നത് നേതൃത്വത്തിന് എതിരാണ് എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ല. അതൊക്കെ മീഡിയ ഉണ്ടാക്കുന്നതാണ്. കോൺഗ്രസിന്റെ കൂടെ നിൽക്കുക എന്നത് ശിഹാബ് തങ്ങൾ ജാഗ്രതോയോടെ എടുത്ത തീരുമാനമാണ്. സി.പി.എമ്മുമായി വിയോജിക്കുക എന്നത് ഒരു സാംസ്‌കാരിക വിഷയം കൂടിയാണ് അത്. പൂക്കോയ തങ്ങളുടെയും ബാഫഖി തങ്ങളുടെയും ഒക്കെ സ്മരണിക എടുത്തു ശ്രദ്ധയോടെ വായിച്ചാൽ കൃത്യമായി മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ട് കൂടരുത് എന്നത് മനസ്സിലാകുന്നതാണ്. അധികാരം കിട്ടിയേക്കാം എന്നല്ലാതെ അതിനപ്പുറം ഒരു ഗുണവും അത് കൊണ്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ എവിടെ നിന്നാലും അധികാരം കിട്ടിയാൽ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. എന്ന് മുതലാണ് അധികാരം ലീഗിന് ഒരു മാനദണ്ഡമായി വന്നത് എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. അധികാരമില്ലെങ്കിൽ ലീഗിന് നില നിൽപ്പില്ലെന്ന് ആരാണ് പറഞ്ഞത്. 14,000 വിദ്യാർഥികളാണ് ക്യാമ്പസുകളിൽനിന്ന് കഴിഞ്ഞ ദിവസം എം.എസ്.എഫ് സമ്മേളനത്തിലേക്ക് വന്നത്. ആറു വർഷമായി അധികാരമില്ലാത്ത ലീഗ് വിളിച്ചിട്ടാണ് അവർ വന്നത്. അധികാരം ഒരു മാനദണ്ഡമേയല്ല. ഇപ്പോൾ ലീഗിന് അധികാരത്തേക്കാൾ വലുത് ഫാസിസത്തെ ചെറുക്കാൻ രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കുക എന്നതാണ്. ലഭിക്കുമായിരുന്ന അധികാരം വേണ്ട എന്ന് പറഞ്ഞ കുടുംബമാണ് പാണക്കാട് കുടുംബം. അവർ നയിക്കുമ്പോൾ അധികാരം കാട്ടി ഒപ്പം കൂട്ടാമെന്നു സി.പി.എം കരുതേണ്ടെന്നും ഷാജി ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha