അതിരപ്പള്ളിയിലെ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കാട്ടുകൊമ്പനെ തേടി വനപാലകര്‍; തുടര്‍ച്ചയായി ഏട്ടു മണിക്കൂറോളം നീണ്ട കനത്ത ഒഴുക്കില്‍ വലഞ്ഞ് കൊമ്പന്‍

അതിരപ്പിള്ളി പിള്ളപ്പാറയില്‍ കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കാട്ടാന വനപാലകരുടെ നിരീക്ഷണത്തില്‍. തുടര്‍ച്ചയായി ഏട്ടു മണിക്കൂറോളം നീണ്ട കനത്ത ഒഴുക്കില്‍ പാറകളിലും മരങ്ങളിലും ഇടിച്ച് ആനയ്ക്ക് സാരമായി പരിക്കേറ്റുവെന്ന സൂചനയിലാണ് വനപാലകര്‍ നിരീക്ഷണം നടത്തുന്നത്. ഏറെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ ഒരുവിധം വനത്തിലേക്ക് കയറിപ്പറ്റിയ കൊമ്പന്‍ ഇപ്പോഴും പുഴയുടെ തീരത്തുതന്നെയുണ്ടെന്നാണ് സൂചന. ഉള്‍വനത്തിലേക്ക് പോകാനോ മറ്റ് ആനകള്‍ക്കൊപ്പം കൂടാനോ ആന തയാറാകുന്നില്ല. ഇതേ ആനയ്‌ക്കൊപ്പമുണ്ടായിരുന്ന ആനക്കൂട്ടം കുത്തൊഴുക്കില്‍ പലതായി ചിതറുകയും വനത്തിന്റെ പലയിടങ്ങളിലായി കയറിപ്പറ്റുകയും ചെയ്തുവെന്നാണ് സംശയം.
അതല്ലെങ്കില്‍ ഇതേ ആനയ്‌ക്കൊപ്പമുണ്ടായിരുന്ന പിടിയാനയോ ആനക്കുട്ടിയോ കൂട്ടം തെറ്റിയതുകൊണ്ടാകാം ആന ഉള്‍ക്കാട്ടിലേക്ക് പോകാത്തതെന്നാണ് സംശയം. ആനയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്ന് ഇപ്പോഴും വ്യക്തമല്ല. തുമ്പിക്കൈയിലും വയറ്റിലും ആനയ്ക്ക് മുറിവോ ചതവോ ഉണ്ടായിട്ടുണ്ടാകുമെന്നും തീറ്റയെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് വനപാലകരുടെ സംശയം.
പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നു വിട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലില്‍ കൂടുതല്‍ ആനകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോ എന്നതും വനപാലകര്‍ നിരീക്ഷിച്ചുവരികയാണ്. പുഴകളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നാല്‍ ആനക്കൂട്ടം ഉള്‍വനങ്ങളിലേക്ക് പോയി സുരക്ഷിതമാവുകയാണ് പതിവ്. രക്ഷപ്പെടാനായി തുമ്പിക്കൈകൊണ്ട് മുന്നിലുള്ള മരങ്ങളിലും ചെടികളിലുമെല്ലാം ആന പിടിച്ച സാഹചര്യത്തിലാണ് സാരമായ പരിക്കേറ്റതായി സംശയിക്കുന്നത്. മാത്രവുമല്ല തിങ്കാഴ്ച വൈകുന്നേരത്തോടെയാണ് ആന ഒഴുക്കില്‍പ്പെടതെന്നും രാത്രി കിലോമീറ്ററോളം പ്രളയത്തില്‍ ഒഴുകിയിട്ടുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
മണിക്കൂറുകള്‍ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുഴയിലെ തുരുത്തില്‍ നിന്ന് ആനയ്ക്ക് വനത്തിലേക്ക് കയറി രക്ഷപ്പെടാന്‍ കഴിഞ്ഞത്.അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തില്‍ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയപ്പോള്‍ തന്നെ തീരെ അവശതയിലായിരുന്നു.
കനത്ത ഒഴുക്കായതിനാല്‍ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സുമെല്ലാം സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. ചാലക്കുടിയിലേതിനു സമാനമായ സാഹചര്യം പെരിയാര്‍, പമ്പ വനങ്ങളിലും ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ വനപാലകര്‍ സംസ്ഥാനവ്യാപകമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മേയ്, ജൂണ്‍ മാസങ്ങളില്‍ ഉള്‍വനത്തില്‍ ഒട്ടേറെ പെണ്ണാനകള്‍ പ്രസവിച്ചിരുന്നു. സംസ്ഥാനത്തെ വനങ്ങളില്‍ ഇത്തരത്തില്‍ മൂന്നു മാസത്തോളം പ്രായമായ അന്‍പതോളം ആനക്കുഞ്ഞുങ്ങളുണ്ടെന്നാണ് സൂചന. ഒരു വയസില്‍ താഴെ പ്രായമുള്ള നൂറോളം ആനകളാണ് കേരളത്തിലെ വനങ്ങളില്‍ ഇപ്പോഴുള്ളത്. ഉള്‍വനങ്ങളില്‍ ഉരുള്‍ പൊട്ടുകയും ആനകള്‍ കൂട്ടമായി പാര്‍ക്കുന്ന തുരുത്തുകളില്‍ വെള്ളം കയറുകയോ ചെയ്താല്‍ കുട്ടിയാനകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ല.
എല്ലാ വര്‍ഷവും കാലവര്‍ഷക്കെടുതിയില്‍ പത്തോളം ആനക്കുട്ടികള്‍ പുഴകളിലൂടെ ഒഴുകി വരാറുണ്ട്. ഇതില്‍ പലതിനെയും രക്ഷപ്പെടുത്താനായാലും മാസങ്ങള്‍ക്കുള്ളില്‍ ചെരിയുകയാണ് പതിവ്. ഒറ്റപ്പെട്ട് ഒഴുകിവരുന്ന ആനക്കുട്ടികളെ തള്ളയാനയും സംഘവും കൂട്ടത്തില്‍ പിന്നീട് ചേര്‍ക്കാതെ വരുന്ന സാഹചര്യവും പതിവാണ്. നിലവില്‍ ചാലക്കുടി, മലയാറ്റൂര്‍, പമ്പ, അച്ചന്‍കോവില്‍, ഗവി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കാട്ടാനകളുള്ളത്. അണക്കെട്ടുകള്‍ അപ്രതീക്ഷിതമായി തുറന്നുവിടുന്ന സാഹചര്യത്തിലാണ് ആനക്കൂട്ടം ഇത്തരത്തില്‍ അപകടത്തില്‍പ്പെടുക. ഒഴുക്ക് നിയന്ത്രിമെങ്കില്‍ തുമ്പിക്കൈ ഉയര്‍ത്തി കിലോമീറ്ററുകളോളം ആനകള്‍ നീന്തുക സാധാരണമാണ്. എന്നാല്‍ ഇതേ സംഘത്തില്‍പ്പെട്ട കുട്ടിയാനകള്‍ക്ക് കടുത്ത ഒഴുക്കില്‍ നീന്തുക എളുപ്പമല്ല. 2018ലെ മഹാപ്രളയത്തില്‍ കേരളത്തിലെ വനങ്ങളില്‍ ആനക്കുട്ടികള്‍ ഉള്‍പ്പെടെ നിരവധി കാട്ടാനകള്‍ ഒഴുകിപ്പോയിരുന്നു. എത്ര ആനകള്‍ക്ക് ജീവനാശം സംഭവിച്ചുവെന്നത് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























