ഒൻപത് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി, മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

പാലക്കാട് ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. തടവിന് പുറമേ, ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‍ജി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 26 വർഷത്തെ തടവു ശിക്ഷ നൽകിയത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പിഴത്തുക ഇരയ്ക്ക് കൈമാറാനും കോടതി നിർദേശിച്ചു.
2018 ജൂലൈ മാസത്തിനും 2019 മാർച്ചിനും ഇടയിലാണ് നൗഷാദ് ലത്തീഫ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതി പഠിപ്പിക്കുന്ന മദ്രസയിലെ വിദ്യാർത്ഥിനിയായിരുന്നു നാലാം ക്ലാസുകാരി. പരാതിയിൽ അഗളി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. അന്നത്തെ എസ്ഐ മാരായ പി.വിഷ്ണു, എം.സി.റെജി കുട്ടി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ശോഭന, പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
https://www.facebook.com/Malayalivartha
























