രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശിക്കണം.... വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്‍ 2021-ല്‍ നല്‍കിയ ഹര്‍ജിതിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും...ഇനി അതിന്റെ ആവിശ്യമില്ലെന്ന് ഹർജിക്കാരൻ...

2021 മെയ് 20-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഈ ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് 2021 മെയ് 18-നാണ് കെ.എം. ഷാജഹാന്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സര്‍ക്കാരും സംസ്ഥാന ചീഫ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായിരുന്നു ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.
ഹര്‍ജി തൊട്ടടുത്ത ദിവസം തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജഹാന്റെ അഭിഭാഷക സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസിനോട് തൊട്ടടുത്ത ദിവസം ആവശ്യം ഉന്നയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസും അനുകൂല നിലപാട് എടുത്തില്ല. പിന്നീട് ഈ ഹര്‍ജിയില്‍ താത്പര്യവും കാണിച്ചില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു.ലളിത് ചുമതലയേറ്ററിന് പിന്നാലെയാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ കെട്ടിക്കിടന്ന കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്.
ഹര്‍ജിയിലെ ആവശ്യം അപ്രസക്തമായതിനാല്‍ ഹര്‍ജിയുമായി തുടരാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ഷാജഹാന്റെ അഭിഭാഷക കത്ത് നല്‍കിയതായി സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച്ച പരിഗണിക്കുക.
https://www.facebook.com/Malayalivartha

























