തെരുവ് നായയുടെ ആക്രമണം, പേ വിഷബാധയ്‌ക്കെതിരെ മൂന്ന് കുത്തിവെയ്പ്പെടുത്ത പന്ത്രണ്ടുവയസുകാരി ഗുരുതരാവസ്ഥയിൽ, വിവിധ വകുപ്പുകളെ ഏകോപിച്ച് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

തെരുവ് നായയുടെ നായയില്‍ നിന്ന് കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് (12) വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ (12) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത്.മൈലപ്ര എസ്എച്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഭിരാമി. പെൺകുട്ടി പേ വിഷബാധയ്‌ക്കെതിരെ മൂന്ന് കുത്തിവയ്പ്പുകൾ എടുത്തിരുന്നു.കഴിഞ്ഞ മാസം 14ാം തീയതി പാൽ വാങ്ങാൻ പോകുന്ന വഴി പെരുനാട് കാർമൽ എഞ്ചിനീയറിങ് കോളേജ് റോഡിൽ വച്ചാണ് പെൺകുട്ടിയ്‌ക്ക് തെരുവുനായയുടെ കടിയേൽക്കുന്നത്.
രണ്ട് കാലിലുമായി ആറിടത്തും മുഖത്ത് കണ്ണിനോട് ചേർന്നുമാണ് നായ കടിച്ചത്. ഉടനെ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആദ്യത്തെ വാക്‌സിൻ എടുത്തു.പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് അടുത്ത രണ്ട് വാക്‌സിൻ സ്വീകരിച്ചത്. നാലാമത്തെ വാക്‌സിൻ ഈ മാസം 10ാം തീയതി എടുക്കണമെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിട്ടു.എന്നാൽ വൈകിട്ടോടെ കുട്ടിയുടെ വായിൽ നിന്ന് പത വരികയും ദൃഷ്ടി മുകളിലേക്ക് മറയുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























