വീട്ടിലേയ്ക്ക് ഫോൺ വിളിക്കാൻ അനുവാദമില്ല, വിളിച്ചാൽ ലൗഡ്‌സ്പീക്കറിൽ ഇടും: രണ്ട് മാസം ഗർഭിണിയാണെന്ന വിവരം പോലും വീട്ടുകാരെ അറിയിക്കാൻ തയ്യാറായില്ല: വീട്ടിൽ പോകണമെങ്കിൽ, താലിമാല ഊരി വച്ച് പൊയ്ക്കൊള്ളാൻ ഭീഷണി- ഭർതൃ ഗൃഹത്തിൽ ഗർഭിണി തൂങ്ങിമരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ. ഓട്ടോഡ്രൈവറായ പറവൂത്തറ അയിക്കത്തറ രഞ്ജിത്തിന്റെ ഭാര്യ അമലയാണ് (24) ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. അമലയും രഞ്ജിത്തും അച്ഛൻ അശോകനും അമ്മ ബിന്ദുവുമായിരുന്നു വീട്ടിലെ താമസക്കാർ.
തിരുവനന്തപുരം വള്ളക്കടവ് കാരാളി അനന്തപുരി ആശുപത്രിക്കു സമീപം സരസ്വതി വിലാസത്തിൽ വിജയകുമാർ – രാജേശ്വരി ദമ്പതികളുടെ മകളാണ് അമല. ഞായറാഴ്ച ഉച്ചയോടെയാണു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. രഞ്ജിത്തിന്റെ അച്ഛൻ അശോകൻ ഉളികൊണ്ടു തിക്കി വാതിൽ തുറന്നപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ രഞ്ജിത്തിനെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പേ മരിച്ചു.
അമലയെ സ്വന്തം വീട്ടിലേക്കു വിടാറില്ലെന്നാണു അമലയുടെ വീട്ടുകാർ പറയുന്നത്. ഫോൺ വിളിക്കാൻ അനുവദിക്കില്ല. വിളിക്കുമ്പോൾ ലൗഡ് സ്പീക്കറിൽ ഇടുകയും റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നതായും ആരോപണമുണ്ട്. 2020 ഓഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം. പറവൂത്തറയിൽ താമസിക്കുന്ന അമലയുടെ അമ്മയുടെ സഹോദരിയുടെ മകൾ വഴിയാണു വിവാഹാലോചന വന്നത്.
ഗർഭിണി ആയിരുന്നു എന്ന വിവരം അറിയിച്ചില്ല എന്നും അമലയുടെ ബന്ധു ലാവണ്യ ആരോപിച്ചു. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്ക്കൊള്ളാൻ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. മകളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നു അമലയുടെ അച്ഛൻ വിജയകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രണ്ടു മാസം ഗർഭിണി ആയിരുന്നു അമല. അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന ബന്ധുക്കളുടെ ആരോപണം രഞ്ജിത്തിന്റെ കുടുംബം തള്ളി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹത്തിൽ മറ്റു മുറിവുകൾ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിൽനിന്ന് കുറിപ്പുകളും ലഭ്യമായില്ല. മരണത്തിലേക്കു നയിച്ച കാരണം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു. രഞ്ജിത്തിന്റെ വീട്ടുകാരെ പ്രതിചേർക്കുന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























