ബീഫ് വിൽപ്പന നിർത്തണമെന്ന് ഭീഷണി; കൽപ്പറ്റയിൽ വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് അധികൃതർ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി: നശിപ്പിച്ചത് 50 കിലോയിറച്ചി

കൽപ്പറ്റയിൽ വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി. കടക്കാരൻ വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിക്കുകയായിരുന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പുൽപ്പളളിയിലെ കരിമം മാർക്കറ്റിൽ ബീഫ് സ്റ്റാൾ നടത്തിയിരുന്ന ഉടമയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. ഇതേതുടർന്ന് 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് കടയുടമ ബിജു കുടകപറമ്പിൽ, മൊയ്തീൻ കാലോടിൽ എന്നിവർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
അതേസമയം പഞ്ചായത്ത് ജീവനക്കാർ എത്തി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല ആറ് മാസം മുമ്പ് മാർക്കറ്റിലെ കച്ചവടത്തിന് പഞ്ചായത്ത് ലൈസൻസ് നൽകാത്തതിനെ തുടർന്ന് കടയുടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. പിന്നാലെ തന്നെ ചിക്കൻസ്റ്റാളും മത്സ്യസ്റ്റാളും ആരംഭിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ കടയിൽ ബീഫ് വിൽപ്പന ആരംഭിച്ചിരുന്നു. ഇതോടെ ബീഫ് വിൽപ്പന നിർത്തണമെന്ന നിർദേശവുമായി പഞ്ചായത്ത് അധികൃതർ കടയുടമക്ക് നോട്ടീസ് നൽകി. പക്ഷേ പഞ്ചായത്തിലെ അനധികൃതമായി പ്രവർത്തിക്കുന്ന ബീഫ് സ്റ്റാളുകൾക്ക് എതിരെ നടപടി സ്വീകരിക്കാതെ പുതിയതായി തുടങ്ങിയ സ്റ്റാളിനെതിരെ മാത്രം നടപടി സ്വീകരിച്ചത് പക്ഷപാത നിലപാടാണെന്നും കോടതിയെ സമീപിക്കുമെന്നും ഉടമ ബിജു പറഞ്ഞു. ഇതേസമയം കടയുടമയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാർ പറയുന്നത്.
https://www.facebook.com/Malayalivartha



























