'ഇവിടെ ഭർത്താവിന് സർക്കാർ അനുവദിച്ച വാഹനം അതും കേരളസർക്കാർ എന്ന ബോർഡ് വച്ച ഔദ്യോഗിക വാഹനം തീർത്തും സ്വകാര്യമായ ആവശ്യത്തിന് ഭാര്യയോ മക്കളോ ഉപയോഗിച്ചാൽ അത് നിയമവിരുദ്ധം തന്നെയാണ്. പാവപ്പെട്ടവരുടെ നികുതിപ്പണത്തിൻ്റെ ഭാഗമാണ് സർക്കാർ വാഹനങ്ങൾ. അത് ഉപയോഗിക്കേണ്ടത് സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്; അല്ലാതെ സ്വന്തം കുടുംബത്തിലെ ആളുകളുടെ ആവശ്യത്തിനല്ലാ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹന്‍റെ സഹധർമ്മിണിക്ക് യാത്ര ചെയ്യാൻ സർക്കാർ കാർ ഉപയോഗിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാലടി സർവകലാശാല അധ്യാപികയായ ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് പോകുവാനും വരാനും മോഹന് സർക്കാർ അനുവദിച്ച വാഹനമാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഈ നെറികെട്ട ഭരണകാലത്ത് തങ്ങൾക്ക് വേണ്ടപ്പെട്ടവർ നിയമങ്ങളെ കാറ്റിൽപ്പറത്തി അർമാദിക്കുന്നത് പല വട്ടം വാർത്തകളിലൂടെ കണ്ടും കേട്ടും അറിഞ്ഞതാണ്. എൻ്റെ അദ്ധ്യാപികയായ പൂർണ്ണിമ ടീച്ചർ അത്തരത്തിലൊരു വിവാദത്തിൽപ്പെട്ടത് മുമ്പും വാർത്തയായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ എഴുതിയതുമാണ്. വീണ്ടുമൊരിക്കൽ കൂടി ടീച്ചർ അനുഭവിക്കുന്ന സ്പെഷ്യൽ പ്രിവിലേജിനെ കുറിച്ച് എഴുതേണ്ടി വരുന്നതിൽ സങ്കടമുണ്ട്. പക്ഷെ എഴുതാതെ വയ്യാ.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ സി എം ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യയായതിനാൽ മാത്രം നല്കപ്പെട്ടിരിക്കുന്ന സ്പെഷ്യൽ പ്രിവിലേജ് ഒരിക്കൽ ടീച്ചറുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായതാണ്. ഇപ്പോഴിതാ സർക്കാർ ഔദ്യോഗിക വാഹനം സ്വന്തം തൊഴിൽ താല്പര്യാർത്ഥം ദുരുപയോഗം ചെയ്തതിന് അവർ വീണ്ടും വാർത്തകളിലിടം നേടുന്നു. ടീച്ചറുടെ ഭർത്താവ് ആർ മോഹന് സർക്കാർ അനുവദിച്ച വാഹനത്തിലാണ് വട്ടിയൂർക്കാവിലെ വീട്ടിൽ നിന്നും ടീച്ചർ വഞ്ചിയൂർ ഉളള ശ്രീശങ്കരാചാര്യ സംസ്കൃത പ്രാദേശിക കേന്ദ്രത്തിൽ വരുന്നതും പോകുന്നതുമെന്ന സ്പെഷ്യൽ വാർത്ത പുറത്തുകൊണ്ടു വന്നിരിക്കുന്നത് ഏഷ്യാനെറ്റാണ്.
കേരള യൂണിവേഴ്സിറ്റിയിൽ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിച്ചതും പിന്നീട് ആ നിയമനം ഗവർണ്ണർ ഇടപെട്ട് മാറ്റിയതും ഇതേ പൂർണ്ണിമ ടീച്ചറെ തന്നെയായിരുന്നു. കാലടി സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപികയായ ഡോ. പൂർണ്ണിമ മോഹൻ തിരുവനന്തപുരം സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രത്തിൽ എന്റെ അദ്ധ്യാപികയായിരുന്നു. അന്നവർ ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നത് phonetics ആയിരുന്നു. മലയാളം ഒട്ടുമേ സംസാരിക്കാനറിയാത്ത പൂർണ്ണിമ ടീച്ചർ സംസ്കൃതം phonetics ക്ലാസ്സെടുത്തിരുന്നത് ഇംഗ്ലീഷിലും തമിഴ് കലർന്ന ഉച്ചാരണ ശുദ്ധി ഒട്ടുമില്ലാത്ത മലയാളത്തിലുമായിരുന്നു.
ടീച്ചറിന്റെ കൗതുകം തോന്നുന്ന മലയാളം ഉച്ചാരണവും സംസാരവും തന്നെയായിരുന്നു അവരെ അന്ന് മറ്റ് അദ്ധ്യാപകരിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നതും. നിത്യസംഭാഷണത്തിൽ നമ്മൾ പറയുന്ന പല വാചകങ്ങളും വാക്കുകളും ടീച്ചർക്ക് മനസ്സിലാക്കാനേ കഴിയുമായിരുന്നില്ല. പിന്നീട് ഞാൻ അദ്ധ്യാപികയായപ്പോൾ ടീച്ചറുടെ മകനെ ഞങ്ങളുടെ സന്ദീപനി സ്കൂളിൽ ടീച്ചർ ചേർത്തു. അന്നും ടീച്ചർക്കും മോനും മലയാളഭാഷ അന്യം തന്നെയായിരുന്നു. ആ പൂർണ്ണിമാ മോഹനാണ് കേരള യൂണിവേഴ്സിറ്റിയിൽ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിക്കപ്പെട്ടത് എന്നറിഞ്ഞപ്പോൾ ഞാനടക്കമുള്ള ടീച്ചറുടെ വിദ്യാർത്ഥികളെല്ലാം അന്ന് ഞെട്ടിപ്പോയിരുന്നു.
സാധാരണ നമുക്ക് പ്രിയപ്പെട്ട ഒരദ്ധ്യാപിക ഇത്തരം ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അഭിമാനവും സന്തോഷവും തോന്നേണ്ടതാണ്. പക്ഷേ അന്ന് തോന്നിയത് അമർഷവും ഞെട്ടലുമായിരുന്നു. സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്. ഈ ഓര്‍ഡിനന്‍സ് തിരുത്തിയാണ് സംസ്‌കൃത ഭാഷയില്‍ ഗവേഷണബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത്. മാനദണ്‌ഡങ്ങൾ കാറ്റിൽപ്പറത്തി മലയാളം നേരെ സംസാരിക്കാൻ പോലും കഴിയാത്ത ഒരാൾക്ക് ആ തസ്തിക നല്കിയെന്നറിയുമ്പോഴാണ് ഇവിടുത്തെ സിസ്റ്റം എത്രമാത്രം കറപ്റ്റഡും സ്വജനപക്ഷപാതപരമാണെന്നും ബോധ്യമാവുന്നത്.
ഇംഗ്ലീഷ് , മലയാളം, സംസ്കൃതം തുങ്ങിയ മൂന്ന് ഭാഷകളിൽ ബിരുദാനന്തരബിരുദമുണ്ടായിരുന്ന ശ്രീ. ശൂരനാട് കുഞ്ഞൻ പിള്ളയെ പോലുള്ള മഹാരഥന്മാർ അലങ്കരിച്ച സ്ഥാനത്താണ് തമിഴ് മാതൃഭാഷക്കാരിയായ സ്കൂൾ തലം മുതൽ ഒന്നാം ഭാഷയായി മലയാളം പഠിച്ചിട്ടില്ലാത്ത, മലയാളം നേരെ ചൊവ്വേ സംസാരിക്കനറിയാത്ത സംസ്കൃത അദ്ധ്യാപികയായ ഡോ. പൂർണ്ണിമ മോഹൻ അന്ന് നിയമിക്കപ്പെട്ടത്. ഇപ്പോഴിതാ അതേ വിവാദ അദ്ധ്യാപിക സർക്കാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിൻ്റെ പേരിൽ വീണ്ടും വാർത്തകളിലിടം നേടുന്നു.
ഒരാളുടെ സ്വകാര്യതയിൽ, അല്ലെങ്കിൽ യാത്രാ സ്വാതന്ത്ര്യ 'ത്തിൽ മാപ്രകൾക്ക് എന്ത് കാര്യമെന്ന ചോദ്യം വന്നേക്കാം. രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ഒരു പ്രൊഫസർ സ്വന്തം കാറിൽ വന്നുപോകുന്നതിനെ കുറിച്ച് കവർ സ്റ്റോറി വന്നാൽ അത് സ്വകാര്യതയിലുള്ള കടന്നുകയറ്റമെന്നു പറയാം. പക്ഷേ ഇവിടെ ഭർത്താവിന് സർക്കാർ അനുവദിച്ച വാഹനം അതും കേരളസർക്കാർ എന്ന ബോർഡ് വച്ച ഔദ്യോഗിക വാഹനം തീർത്തും സ്വകാര്യമായ ആവശ്യത്തിന് ഭാര്യയോ മക്കളോ ഉപയോഗിച്ചാൽ അത് നിയമവിരുദ്ധം തന്നെയാണ്. പാവപ്പെട്ടവരുടെ നികുതിപ്പണത്തിൻ്റെ ഭാഗമാണ് സർക്കാർ വാഹനങ്ങൾ. അത് ഉപയോഗിക്കേണ്ടത് സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്; അല്ലാതെ സ്വന്തം കുടുംബത്തിലെ ആളുകളുടെ ആവശ്യത്തിനല്ലാ.
കാട്ടിലെ തടി; തേവരുടെ ആന
അപ്പൊ പിന്നെ വലിയെടാ വലി!
https://www.facebook.com/Malayalivartha



























