തൃശൂരിൽ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡില്‍ തെറിച്ചുവീണു; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം; ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെ ; ഡ്രൈവർ കടന്നുകളഞ്ഞു

തൃശൂരിൽ രണ്ട് അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് വഴി യാത്രക്കാര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.
രാവിലെ 7 ന് അകലാട് സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. കെട്ട് പൊട്ടി ഷീറ്റുകള്‍ റോഡില്‍ വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഷീറ്റുകൾക്കിടയിൽ നിന്ന് ഇവരെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാത്രമല്ല അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് സൂചന. ഭാരമേറിയ ഷീറ്റുകള്‍ മുഴുവന്‍ നിലത്ത് വീണ നിലയിലാണ്.
അതേസമയം തന്നെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. വയനാട് മാനന്തവാടി സ്വദേശി തെറ്റാൻ വീട്ടിൽ നിസാം (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടിൽ ജാഫർ (30), പൊന്നാൻ വീട്ടിൽ മെഹറൂഫ് (32), സീദി വീട്ടിൽ സാദിഖ് (30), മൊമ്പറാൻ വീട്ടിൽ ഫാഇസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























