"നാലുമണിക്ക് സ്‌കൂള്‍ വിട്ട മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്ക്", വിദ്യാര്‍ഥികളെ കുടുക്കി തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപന ഘോഷയാത്ര, പരാതിയുമായി വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ നഗരസഭയിൽ, കളക്ടര്‍ക്കെതിരേ നഗരസഭയും

ബസ് ഓടാത്തതിനാല്‍ നാലുമണിക്ക് സ്‌കൂള്‍ വിട്ട മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്കെന്ന പരാതിയുമായി വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ തൃക്കാക്കര നഗരസഭയിലെത്തി രാത്രിവരെ കുട്ടി ബസ് സ്റ്റോപ്പില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടിവന്ന സങ്കടവും ആശങ്കയും പങ്കുവെച്ച് മറ്റൊരു പിതാവും കൗണ്‍സിലര്‍ക്കൊപ്പം നഗരസഭയിലെത്തി. തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദിനത്തിലാണ് പ്രാദേശിക അവധി നൽകാത്തതിനെ തുടർന്ന് വിദ്യാര്‍ഥിനികളുള്‍പ്പെടെ ദുരിതത്തിലായത്.
തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയാണ് കാക്കനാട്ടെ നിരവധി വിദ്യാര്‍ഥികളെ എറണാകുളത്ത് കുടുക്കിയത്. വ്യാഴാഴ്ച ചെമ്പുമുക്ക് നിന്ന് നാലോടെ ഘോഷയാത്ര ആരംഭിക്കും മുന്‍പേ കാക്കനാട് സിവില്‍ലൈന്‍ റോഡ് ജനം കൈയടക്കിയിരുന്നു. ഇതോടെ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ട് കാക്കനാട്ടേക്കുള്ള സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഫലത്തില്‍ സ്‌കൂള്‍വിട്ട് കാക്കനാട്ടേക്ക് ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം പെട്ടു.
തങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കണമെന്ന് ജില്ലാ കളക്ടറോട് അവർ രേഖാമൂലം അഭ്യര്‍ഥിച്ചു. കൂടാതെ നേരില്‍കണ്ടു പറഞ്ഞപ്പോഴും അവധി നല്‍കാമെന്ന് പറഞ്ഞതല്ലാതെ പ്രഖ്യാപിച്ചില്ലെന്ന് നഗരസഭയിലെത്തിയ രക്ഷിതാക്കളോട് നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു. തൃക്കാക്കരയുടെ 'ഉത്സവത്തില്‍' എല്ലാത്തവണയും നഗരസഭാ പരിധിയില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ പ്രഖ്യാപിച്ചില്ലെന്നും ചെയര്‍പേഴ്സണ്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha



























