പിണറായിയുടെ തലയ്ക്കുമീതെ ഇടിത്തീ പോലെ ലോകായുക്ത ഒപ്പ് വൈകിപ്പിക്കുന്നത് മധുര പ്രതികാരം ലോകായുക്തയില്‍ രാജി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നേരിട്ടു പോരിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങിയതിനു പിന്നിലെ പ്രധാനകാരണം ലോകായുക്ത ഭേദഗതി ബില്ലിലെ തീരുമാനം വൈകുന്നതിലെ അമര്‍ഷമെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. സര്‍വകലാശാല ഭേദഗതി ബില്ലിനെക്കാള്‍ സര്‍ക്കാരിനെ അലട്ടുന്നത് ലോകായുക്ത ഭേദഗതി ബില്ലാണ്. ലോകായുക്ത ഓര്‍ഡിനന്‍സ് അസാധുവാകുകയും പകരം കൊണ്ടുവന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പഴയ നിയമം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം അനര്‍ഹര്‍ക്കു നല്‍കിയെന്ന കേസ് വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്.
ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ തീരുമാനം നീട്ടുകയും, പഴയ നിയമം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയാല്‍ രാജി വേണ്ടിവന്നേക്കും. രാജിവച്ചില്ലെങ്കില്‍ നിയമനടപടികളിലേക്കും പ്രതിപക്ഷ പ്രക്ഷോഭങ്ങളിലേക്കും കാര്യങ്ങള്‍ നീളും. ഏതു സര്‍ക്കാരായാലും തിരഞ്ഞെടുത്ത ജനങ്ങളുടെ പണം 'കാട്ടിലെ തടി തേവരുടെ ആന' എന്ന തരത്തില്‍ തോന്നിയപോലെ ഉപയോഗിക്കാനാകുമോയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കേസിന്റെ വാദത്തിനിടെ ആരാഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതല്ലേയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, സിപിഎം എംഎല്‍എ ആയിരുന്ന പരേതനായ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനു വാഹനവായ്പയും സ്വര്‍ണപ്പണയ വായ്പ്പയും തിരിച്ചടക്കാന്‍ 8.5 ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ജോലിക്കു പുറമേ 20 ലക്ഷം രൂപയും അനുവദിച്ചത് സ്വജനപക്ഷപാതമാണെന്നാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗമായ ആര്‍.എസ്.ശശികുമാറിന്റെ പരാതി. മാര്‍ച്ച് 18ന് ആണ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. അതിനിടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് നിലവില്‍വന്നു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നു കാട്ടി ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ദുരിതാശ്വാസനിധിക്കേസില്‍ വിധി പറയുന്നത് ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നു കോടതി നിര്‍ദേശിച്ചു. എന്നാല്‍, പഴയ നിയമം പുനസ്ഥാപിച്ച സാഹചര്യത്തില്‍ ലോകായുക്തയ്ക്കു വിധി പറയുന്നതിനു തടസ്സമില്ലാതായി.
ലോകായുക്ത വിധിയിലൂടെ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോഴാണ് ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഴിമതിക്കാരെ പുറത്താന്‍ ലോകായുക്തയ്ക്ക് അധികാരം നല്‍കുന്ന 14–ാം വകുപ്പ് ഭേദഗതി ബില്ലിലൂടെ ഒഴിവാക്കി. ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീര്‍പ്പു കല്‍പിച്ചാല്‍ അതില്‍ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാനാകുമെന്നാണു ഭേദഗതി.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരവേ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോര്. ഭീഷണിയുണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും സുധാകരന്‍ പറഞ്ഞു.
മാധ്യമങ്ങളോട് ഗവര്‍ണര്‍ നിരന്തരം പ്രതികരിക്കുന്നതിലാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ തന്റെ കത്തിനും ഫോണ്‍ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. സര്‍വ്വകലാശാലകളില്‍ ഇടപെടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അയച്ച കത്തുകള്‍ മറ്റന്നാള്‍ തലസ്ഥാനത്ത് പുറത്തുവിടുമെന്നാണ് ഗവര്‍ണറുടെ അടുത്ത ഭീഷണി.
മുഖ്യമന്ത്രി മറനീക്കി നേരിട്ട് പുറത്തുവന്നതില്‍ സന്തോഷമെന്നായിരുന്നു ഗവര്‍ണര്‍ ഇന്ന് പറഞ്ഞത്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ വധശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയെയും സംശയിച്ചാണ് ഗവര്‍ണറുടെ പ്രതികരണം. തന്റെ ശാരീരിക സ്ഥിതിയില്‍ ഭയമുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസില്‍ നടന്നതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കുന്നത്. എന്നാല്‍ സ്വാഭാവികമായുണ്ടായ പ്രതിഷേധത്തെ ഗവര്‍ണര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്നാണ് സിപിഎം മറുപടി. തെളിവ് പുറത്തുവിടാന്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha



























