ശിവൻകുട്ടിയോട് രാജി ചോദിച്ച് പിണറായി വിജയൻ? സർക്കാരിന് മൂക്കുകയറിട്ട് കോടതി... തെറിക്കാനിരിക്കുന്നത് രണ്ട് മന്ത്രി കസേരകൾ

നിയമസഭ കയ്യാങ്കളിക്കേസിൽ കോടതി തീരുമാനം എന്തായാലും അനുസരിക്കും എന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതോടെ കാര്യങ്ങൾക്ക് ഏകദേശം ഒരു തീരുമാനമായിട്ടുണ്ട്. കോടതി നടപടികൾ ആരംഭിച്ചാൽ മന്ത്രിക്കും ഒപ്പമുള്ള മറ്റ് പ്രതികൾക്കും നിയമപരമായി ശിക്ഷ ലഭിക്കാനുള്ള എല്ലാം സാഹചര്യവും നിലവിലുണ്ട്.
അങ്ങനെ വന്നാൽ രണ്ടാം പിണറായി സർക്കാരിൽ നിന്ന് സജി ചെറിയാനു പിന്നാലെ അടുത്തതായി വീഴുന്ന വിക്കറ്റ് മന്ത്രി ശിവൻകുട്ടിയെന്ന് ന്യായമായി സംശയിക്കാം. അതോ വെറും പരാജയമെന്ന് സഖ്യകക്ഷികൾക്കിടയിൽ പോലും പേരു കേൾപ്പിച്ച മന്ത്രി വീണ ജോർജിനെ പുറത്താക്കുമോ എന്നതിലും സംശയമുണ്ട്.
നിയമസഭ മുൻപ് അടിച്ചുതകർത്ത കേസിൽ വിചാരണാക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളിയതോടെ ശിവൻകുട്ടിയുടെ ഭാവികാര്യം ഏറെക്കുറെ തീർച്ചയായിരിക്കുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ആസന്നഭാവിയിൽ രാജിയല്ലാതെ മറ്റ് വഴികളൊന്നുമില്ല.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിദ്യാഭ്യാസമന്ത്രിയോട് രാജി ചോദിച്ച് വാങ്ങിയേക്കും എന്നും സൂചനയുണ്ട്. നിയമസഭയിലെ മേശ കസേരകളും മൈക്കും മറ്റ് ഉപകരണങ്ങളും അടിച്ചു തകർത്ത സംഭവത്തിൽ ശിവൻകുട്ടി ഉൾപ്പെടെ പ്രതികളെ കോടതി ശിക്ഷിക്കുമെന്ന് തീർച്ചയായിരിക്കെ കോടതി നടപടികൾ തുടങ്ങുന്നതിനു മുൻപു തന്നെ ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് സിപിഎം പിൻവലിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഈ മാസം പതിനാലിന് വിചാരണാകോടതിയിൽ ഹാജരാകണമെന്നാണ് തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതി ഉത്തരവായിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസാ മന്ദിരം അടിച്ചുതകർത്ത കേസിൽ അടിസ്ഥാനരഹിതമായ സാങ്കേതികവാദങ്ങൾ ഇനി ഉന്നയിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ശിവൻകുട്ടിക്കു പുറമേ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ. എന്നിവർ അടക്കം നിരവധി പേരാണ് കേസിലെ പ്രതികൾ. കോടതി ഈ കേസിൽ ശിക്ഷിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന നിലവിലെ എംഎൽഎമാരായ മഹാൻമാർക്കെല്ലാം നിയമസഭാംഗത്വം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി എൽഡിഎഫ് എംഎൽഎമാർ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. 2015ലെ ബജറ്റ് അവതരണ വേളയിൽ സ്പീക്കറുടെ വേദിയും മൈക്കും കമ്ബ്യൂട്ടറുമെല്ലാം തകർത്ത പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ദേശീയതലത്തിൽപ്പോലും വൻ ചർച്ചയായിരുന്നു.
ബാർ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷ അംഗങ്ങൾ കയ്യാങ്കളിക്കു മുതിർന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്നത്തെ കൈയേറ്റത്തിനും നശീകരണത്തിലും മുൻനിരയിലുണ്ടായിരുന്നത് ശിവൻകുട്ടിയാണ്.
ഹൈക്കോടതി വിചാരണ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ചതിന് പിന്നാലെ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കാൻ കോടതി തയാറല്ല. നിലവിൽ മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരേ, മുൻപ് നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോടതി വിചാരണാ നടപടിയിലേക്ക് കടക്കുകയാണെങ്കിൽ അത് പലതരം വിമർശനങ്ങൾക്ക് വഴിവെച്ചേക്കും.
ഈ നിലയിൽ അടുത്തുവരുന്ന മന്ത്രിസഭാ പുനസംഘടനയിൽ ശിവൻകുട്ടിയെ ഒഴിവാക്കാനും പകരം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അവരോധിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.നിയമസഭാ കയ്യാങ്കളി കേസ് നിലവിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ ഘട്ടത്തിലാണ്.
കേസ് പിൻവലിക്കണമെന്ന സർക്കാരിൻറെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമർശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാരിൻറെ ആവശ്യം തള്ളിയത്. ഇതിൻറെ അപ്പീൽ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താൻ നിർദേശിച്ചു. ഇതിന് പിന്നാലെ പ്രതികൾ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതൽ ഹർജികൾ നൽകി.
പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികൾ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹർജികളിൽ ആരോപിച്ചു. എന്നാൽ മാതൃകയാകേണ്ട ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയിൽ നടന്നതെന്നും പ്രതികൾ വിചാരണ നേരിടാനുമായിരുന്നു വിടുതൽ ഹർജികൾ തള്ളിയുള്ള സിജെഎമ്മിൻറെ ഉത്തരവ്.
അതേസമയം നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നാണ് മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഇപ്പോഴും പറഞ്ഞുനടക്കുന്നത്. തങ്ങൾ അതിക്രമം കാട്ടിയിട്ടില്ലെന്നും വാച്ച് ആന്റ് വാർഡുകാരും പൊലീസുകാരുമാണ് അതിക്രമം കാട്ടിയതെന്നും ഇവർ പറഞ്ഞുനടക്കുന്നു. പോലീസും മറ്റും സംഘർഷം ഉണ്ടാക്കിയപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ശിവൻകുട്ടി അടക്കമുള്ളവരുടെ വാദം.
മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ മാത്രമല്ല സ്പീക്കറുടെ ഡയസ്സിൽ കയറിയതെന്നും തോമസ് ഐസക്ക്, സുനിൽകുമാർ, ശ്രീരാമകൃഷ്ണൻ,കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞമ്മദ് മാസ്റ്റർ ഉൾപ്പെടെ ഇരുപതു പേർ സ്പീക്കറുടെ ഡയസ്സിൽ കയറിയെന്നാണ് ശിവൻകുട്ടിയുടെ വിചിത്രമായ വാദം.
ഇലക്ട്രോണിക് പാനൽ നശിപ്പിച്ചു എന്നാണ് വി ശിവൻകുട്ടിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ വിദഗ്ധ പരിശോധനയിൽ ഇലക്ട്രോണിക് പാനലിന് കേടുപാടുണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നെങ്ങനെയാണ് തനിക്കെതിരെ കേസ് ചാർജ് ചെയ്യാൻ പാടില്ലെന്നാണ് ശിവൻകുട്ടിയുടെ വാദം.
https://www.facebook.com/Malayalivartha
























