തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

പാലക്കാട് തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്.
അപകടത്തെ തുടർന്ന് ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ അബ്ദുസമദിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല. പട്ടാമ്പി ഫയര്‍ഫോഴ്‌സ് വീട്ടിലെത്തിയാണ് തീയണച്ചത്.
https://www.facebook.com/Malayalivartha



























