കേരളത്തില്‍ നടന്ന 6 ഞെട്ടിക്കുന്ന നരബലികളും പിടികൂടിയ രീതിയും

ഐശ്വര്യലബ്ദി, സമ്പത്ത് , നിധി കൈക്കലാക്കല്‍, ജലസംഭരണികളുടെ ബലം ഉറപ്പിക്കല്‍ , മണ്ണിന് ശക്തികൂട്ടല്‍, നിധി കണ്ടെത്തല്‍ തുടങ്ങി നിരവധി അനവധിയായ കാരണങ്ങള്‍ നിരത്തി മനുഷ്യക്കുരുതിയും, ശിശുബലിയും നടക്കുന്നുണ്ട്. ചരിത്രാതീത കാലം മുതല്‍ കുരുതികളും ബലികര്‍മ്മങ്ങളും നടത്തി വന്നിട്ടുണ്ട്. മനുഷ്യന്റെ വിശ്വാസങ്ങളുമായി ഇവ ഒത്തു പോകുന്നുണ്ടോയെന്ന സംശയം ബാക്കിയാണ്. ആഭിചാരക്രിയകള്‍ക്കൊടുവില്‍ മനുുഷ്യനെ നദിയിലേയ്‌ക്കോ കടലിലേയ്‌ക്കോ വലിച്ചെറിയുക, കൂട്ടിലടച്ച സിംഹത്തിനോ പുലിക്കോ തിന്നാന്‍ കൊടുക്കുക, കുന്തത്തില്‍ തറച്ചു കൊല്ലുക, പച്ചയ്ക്ക് കത്തിക്കുക, ജീവനോടെ കുഴിച്ചിടുക, തിളയ്ക്കുന്ന എണ്ണയിലിടുക, വിഷം നല്കി കൊല്ലുക തുടങ്ങിയ ക്രൂരതകളിലൂടെ മനുഷ്യകുരുതിയുടെ ചരിത്രം കടന്നു പോയി. മറ്റുജീവികളെ കൊന്നും പ്രകൃതിയെ തന്റെ ഇഷ്ടത്തിന് മാറ്റിമറിച്ചുമാണ് മാനവചരിത്രം വികസിച്ചത്. ശത്രുത തീര്‍ക്കാനും ദൈവപ്രീതിയ്ക്കും മനുഷ്യന്‍ മനുഷ്യനെ കൊന്നു കൊണ്ടേയിരുന്നു. നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും നരബലി ഇന്നും നടന്നു കൊണ്ടിരിക്കുന്നു.അതിന്റെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സത്രീകളെ വെട്ടിനുറുക്കി കുഴിച്ചു മൂടിയത്.
യുദ്ധം, സമ്പത്ത്, ആയുസ്സ്, അധികാരം, ആരോഗ്യം. കാര്‍ഷിക വിളവ് എന്നിവയ്‌ക്കെല്ലാം ദൈവസഹായം കിട്ടാന്‍ കുരുതികള്‍ നടത്തി പോന്നിരുന്നു. മനുഷ്യന്റെ ചോര ഒഴുക്കിയാല്‍ ദൈവങ്ങള്‍ പ്രീതിപ്പെടുമെന്നും ക്രൂരമായ വിശ്വാസം മതഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടുന്നില്ല. കോട്ടകള്‍, പാലങ്ങള്‍, കൊട്ടാരങ്ങള്‍,റോഡുകള്‍ എന്നിവ നിര്‍മ്മിക്കുമ്പോള്‍ നരബലിയെന്നത് പണ്ടുകാലത്തെ ഒഴിവാക്കാനാവാത്ത ആചാരമായിരുന്നു, പുരാതന ജപ്പാനിലും ഇന്‍ഡ്യയിലുമെല്ലാം നിര്‍മ്മാണങ്ങള്‍ ബലപ്പെടുത്തനായി കന്യകമാരെ ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. രാജ്യത്ത് വരള്‍ച്ചയുണ്ടായാല്‍ പോലും നരബലി നിര്‍ദ്ദേശിക്കുന്ന പുരേഹിതന്മാരുണ്ടായിരുന്നു. പുരോഹിതന്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ നരബലി നടത്തുന്ന രാജാക്കന്മാര്‍ ഇന്‍ഡ്യയിലുമുണ്ടായിരുന്നു.പൂര്‍വ്വിക ശാപം മാറാനും നരബലി നടത്തും. രാജഭരണകാലത്ത് നരബലി തിരഞ്ഞെടുക്കുന്നത് ഭാഗ്യമായി കണ്ടിരുന്നവരും ഉണ്ടായിരുന്നു. ബലിയ്ക്ക് വിധേയരാകുന്നവര്‍ക്ക് വീരപരിവേഷമാണ് നല്കുന്നത്.കുടുംബത്തിലെ മറ്റുള്ളവര്‍ക്കും വീരപട്ടം ലഭിക്കുന്നതിനാല്‍ അമ്മമാര്‍ മക്കളെ സന്തോഷത്തോടെ ബലിമൃഗമാകാന്‍ പറഞ്ഞ് വിടുമായിരുന്നു. കേരളത്തിലെ മാമാങ്കം അത്തരത്തിലൊരു നരബലിയുടെ ചരിത്രം പേറുന്നുണ്ട്. അങ്കത്തട്ടില്‍ വെട്ടി മരിക്കുന്ന കുട്ടിയ്ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ലഭിക്കുന്ന വീരനായക സ്ഥാനവും വടക്കന്‍ പാട്ടുകളിലൂടെയുള്ള പുകഴ്ത്തലുകളും മാമാങ്ക കാലത്ത് ചാവേറുകളെ സൃഷ്ടിച്ചു കൊണ്ടിരുന്നു. കേരളത്തിലെത്തിയ ബ്രിട്ടീഷുകാര്‍ക്ക് കോഴിക്കോട് വയനാട് പാതയിലെ താമരശ്ശേരി ചുരത്തിന്റെ പിതാവായി അറിയപ്പെടുന്ന കരിന്തണ്ടന്റെ അന്ത്യവും ആത്മാവിന്റെ സങ്കല്പവും മറ്റൊരു മനുഷ്യക്കുരുതിയുടെ ഐതീഹ്യം പേറുന്നുണ്ട്. സായപ്പിന്റെ എന്‍ജിനിയറിംഗ് ബുദ്ധിയില്‍ തെളിയാത്ത താമരശ്ശേരി ചുരത്തിന്റെ അതിര്‍വരമ്പുകള്‍ കണ്ടെത്തിയ കരിന്തണ്ടനെന്ന ആദിവാസി ചരിത്രത്തിന്റെ ഭാഗമാകാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ കുരുതി നടത്തിയെന്നാണ് വിശ്വാസം.
കുറവന്‍ കുറത്തി മലകളെ സംയോജിപ്പിച്ച് നിര്‍മ്മിച്ച ഇടുക്കി ഡാമിന്റെ നിര്‍മ്മാണം ബലപ്പെടുത്താനും നരബലി നടന്നുവെന്നുള്ളത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഥയാണ്. നെയ്യാര്‍ഡാമിന്റെ നിര്‍മ്മാണ സമയത്തും ബലം കൂട്ടാനായി പണിക്കാരെ ജീവനോടെ കുഴിച്ചിട്ടെന്നും പറയപ്പെടുന്നു. പാലങ്ങള്‍, ഡാമുകള്‍ എന്നിവ നിര്‍മ്മാണഘട്ടത്തില്‍ തകര്‍ന്നു വീണാല്‍ അത് ബലപ്പെടുത്താനായി ജോലിക്കാരില്‍ ആരെയെങ്കിലും ബലികൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ ബലിയായവര്‍ പ്രേതാത്മാക്കളായി തിരുകെയെത്തി നാടിന്റെ ഉറക്കം കെടുത്തുന്നതായും കഥകളുണ്ട്.
ദൈവപ്രീതിയ്ക്കായി ആളുകളെ തിരഞ്ഞെടുക്കുന്നത് മുതല്‍ മാന്ത്രികര്‍ ശ്രദ്ധാലുക്കളായിരിക്കും. ആഭിചാര ക്രിയകള്‍ നടത്തേണ്ട സ്ഥലം, സമയം, ദിവസം, കര്‍മ്മത്തില്‍ സാക്ഷിയാകേണ്ട വ്യക്തികള്‍, ബലിയുടെ ഭാഗമായുള്ള പൂജകള്‍ എന്നിവയെല്ലാം പ്രധാനമാണ്. ആട്, കോഴി, തവള, ഓന്ത്, പല്ലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവികളുടെ തലയറുത്തും , ആട്ടിന്‍തോലുകള്‍, മനുഷ്യാസ്ഥികള്‍, തീപന്തങ്ങള്‍, കുടങ്ങള്‍, കാഞ്ഞിരതണ്ടിലെ ആള്‍രൂപങ്ങള്‍, കുന്തിരിക്കം, കുങ്കുമം, ഭസ്മം , വറ, തുടങ്ങിയ വസ്തുക്കളും ആഭിചാര ക്രിയകള്‍ക്കായി ഒരുക്കും. നിത്യയൗവ്വനം നിലനിറുത്താനായി ഗര്‍ഭസ്ഥ ശിശുവിനെ ഉപയോഗിച്ച് പുജനടത്തിയവരുമുണ്ട്. ചിരഞ്ജീവിയാകാന്‍ കടിഞ്ഞൂല്‍ ശിശുവിനെ കൊന്ന് ആഭിചാര ക്രിയകള്‍ നടത്തിയവരുമുണ്ട്. പുരാതന ഈജിപ്റ്റിലും ചൈനയിലും രാജാക്കന്മാര്‍ മരിക്കുമ്പോള്‍ സേനാനായകരെയും സില്‍ബന്ധകളെയും ജീവനോടെ ഒപ്പം കുഴിച്ചുമൂടുന്ന ചടങ്ങുണ്ടായിരുന്നു. ലഹരിമരുന്നുകള്‍ നല്കിയാണ് അവരെ ജീവനോട് കുഴികളില്‍ അടക്കം ചെയ്തത്. പരലോകത്ത് രാജാവിന് കുഴിച്ചുമൂടിയ സില്‍ബന്ധികള്‍ സഹായികളാകുമെന്നായിരുന്നു വിശ്വാസം.
മനുഷ്യരക്തം കലര്‍ത്തിയാല്‍ മണ്ണിന് വളക്കൂറ് കൂടുമെന്ന് യൂഫ്രട്ടീസ ്, ടൈഗ്രീസ് നദീതീരത്തിലുള്ളവര്‍ വിശ്വസിച്ചിരുന്നു. ഇവിടങ്ങളിലെ സെമിത്തേരികളില്‍ നിന്ന് ഒട്ടേറെ കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കിട്ടിയിരുന്നു. ജീവനോടെ കുഴിച്ചിട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഓരോ അന്‍പത്തി രണ്ട് വര്‍ഷം കൂടുമ്പോഴും ലോകം അവസാനിക്കുമെന്ന വിശ്വാസം മെക്‌സിക്കോയിലെ മായന്‍ ജനതയ്ക്കുണ്ടായിരുന്നു. ലോകം അവസാനിക്കാതിരിക്കാന്‍ 52 വര്‍ഷത്തിലൊരിക്കല്‍ അവര്‍ നരബലി നടത്തിയിരുന്നു. അടിമകളെയും ഭിന്നശേഷിക്കാരെയും കുറ്റവാളികളെയും സമൂഹത്തില്‍ നിന്ന് പുറംതള്ളാനായും പണ്ട് കാലത്ത് നരബലി നടത്തിയിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാരുടെ അധിനിവേശത്തോടെ പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചില്‍ നിന്നും ഒഴിയേണ്ടി വന്നു. പലായനത്തിന് തയ്യാറായ പോര്‍ച്ചുഗീസ്‌കാര്‍ അവരുടെ സ്വത്തുക്കള്‍ കിണറ്റിലും മറ്റും കുഴിച്ചിട്ടു.എപ്പോഴെങ്കിലും തിരികെ വരുമ്പോള്‍ എടുക്കാമെന്നായിരുന്നു അവരുടെ ചിന്ത. മറ്റാരും സ്വത്തുക്കള്‍ മറ്റാരും എടുക്കാതിരിക്കാനായി അവര്‍ ആഫ്രിക്കാരായ കാപ്പിരികളെ കൊന്ന് കുഴിച്ചുമൂടി. നിധികാക്കാന്‍ പ്രേതമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അവര്‍ തീരം വിട്ടത്. ഇതുമായി ബന്ധപ്പെട്ട് കാപ്പിരിമുത്തപ്പന്‍ എന്ന സങ്കല്പവും ഫോര്‍ട്ട് കൊച്ചിയിലുണ്ട്.
നാല്പത്തയൊന്ന് വര്‍ഷം മുന്‍പ് ഇടുക്കിയില്‍ നടന്നതാണ് കേരളത്തിലെ ആദ്യ നരബലി. നിധിക്കു വേണ്ടിയായരുന്നു ആ നരബലി. രാമക്കല്‍മേട്ടില്‍ നിധിയ്ക്കുവേണ്ടി സഹോദരന്റെ ഭാര്യയെ കൊന്നതും, മകളുടെ രോഗം മാറാന്‍ പിതാവ് മകനെ ബലി കൊടുത്തതും ഇടുക്കിയില്‍ മന്ത്രവാദത്തിന്റെ ചോരതുള്ളികളായി അവശേഷിക്കുന്നു. അടിമാലി പനംകുട്ടിയില്‍ മോഹനന്റെ ഭാര്യ സോഫിയുടെ കൊലപാതകത്തിനിടയാക്കിയത് നിധി കിട്ടുമെന്നുള്ള സ്വപ്‌നമാണ്. മോഹനന്റെ സഹോദരന്‍ ഉണ്ണി കണ്ട സ്വപ്‌നമാണ് ബലിപൂജയില്‍ കലാശിച്ചത്. സോഫിയയെ കൊന്ന് പൂജനടത്തിയാല്‍ നിധി ലഭിക്കുമെന്നായിരുനന്നു സ്വപ്‌നം. 1981 ഡിസംബറിലാണ് കൊല. മോഹനനും പിതാവ് കറുപ്പനും ചേര്‍ന്ന് സോഫിയെ കൊലപ്പെടുത്തി. എന്നിട്ട് സോഫിയുടെ മൃതദേഹം തലകീഴായി കുഴിയില്‍ നിറുത്തി, മുറി ചാണകം മെഴുകി വൃത്തിയാക്കി. ശരീത്തില്‍ 26 ലധികം മുറവുകള്‍ വരുത്തി രക്തം ഒഴുക്കി. നരബലി നടക്കുന്നതായി നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്നെത്തിയ പോലീസാണ് അച്ഛനേയും മകനേയും കീഴ്‌പ്പെടുത്തിയത്.
പ്രസവത്തിന്റെ ഒന്‍പതാം ദിവസം ദേഹത്ത് കൂടിയ ബാധയെ ഒഴിപ്പിക്കാന്‍ സഹോദരി പതിനാറുകാരനായ സഹോദരനെ കൊന്നത് നെടുങ്കണ്ടത്തായിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന റഹ്മത്തുകുട്ടിയെയാണ് സഹോദരി സൈനബയും മാതാപിതാക്കളും ചേര്‍ന്ന് അറുത്ത് കൊന്നത്. സമീപവാസിയായ മന്ത്രവാദിനിയുടെ നിര്‍ദ്ദേശപ്രകാരം സൈനബ സഹോദരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മൂക്ക് ചെത്തി കളഞ്ഞു. ശരീരം കീറിമുറിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് സൈനബയിലെ ബാധ അനുജനോടീ ക്രൂരത കാട്ടിയത്. അവിചാരിതമായി അവിടെയെത്ിയ അയല്‍വാസിയാണ് പോലീസിനെ വിവരം അറിയിച്ചത്. കേസില്‍ ആര് പേരെ കോടതി കഠിന തടവിന് വിധിച്ചു.
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്ക വിട്ടുകൊടുത്തത് 1955 ലായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ കുഞ്ഞുമായി ആറ് മന്ത്രവാദിമാരെ രാമക്കല്‍മേട്ടില്‍ നിന്നാണ് അറസ്‌ററു ചെയതത്. പശുവിന് പാല് കിട്ടുന്നില്ലെന്നും വീട്ടിലെ പാമ്പ് ശല്യമൊഴിവാക്കാനുമായി രാമക്കല്‍മേട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലിയ്ക്കായി എത്തിച്ച് പൂജകളും നടത്തി. ഇത് 2007 ലാ ണ് നടന്നത്. ബലിയ്ക്കായുള്ള പൂജകള്‍ നടക്കുന്നതിനിടെ അതുവഴി പോയ യുവാക്കളാണ് പോലീസിനെ അറിയിച്ച് കുട്ടികളെ രക്ഷിച്ചത്. സ്വന്തം മാതാപിതാക്കളാണ് കുട്ടികളെ ബലിയ്ക്കായി എത്തിച്ചു കൊടുത്തത്. നിധി കിട്ടുവാനായി രണ്ട് ബാലന്‍മാരെ ബലി കൊടുക്കാനുള്ള തമിഴ്‌നാട്ടിലെ മന്ത്രവാദിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞത് 2005 ലാണ്.
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ദുരൂഹതകളുടെ കെട്ടഴിയാത്തത് കമ്പക്കാനം കൂട്ടക്കൊലയാണ്. 2018 ജൂലായ് 29 നാണ് തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പക്കാനത്ത് കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ ഭാര്യ സുശീല, മക്കളായ അര്‍ജുന്‍, ആര്‍ഷ എന്നിവരെ വീടിന് പിന്നില്‍ ചാണക്കകുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മന്ത്രവാദിയായ കൃഷ്ണന്റെ ശിഷ്യന്‍ അടിമാലി സ്വദേശി അനീഷ് അയ്യാളുടെ സുഹൃത്ത് ലിബീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കൃഷ്ണന്റെ മാന്ത്രിക സിദ്ധിയും, താളിയോലകളും തട്ടിയെടുക്കാനാണ് കൂട്ടക്കൊലയെന്ന് പ്രതികള്‍ പിന്നീട് സമ്മതിച്ചു. വീട്ടിന്റൈ പുറത്തിറങ്ങിയ കൃഷ്ണനെ അടിച്ചുവീഴ്ത്തി, വിളികേട്ടെത്തിയ ഭാര്യസുശീലയേയും രണ്ട് മക്കളേയും അടിച്ചിട്ട ശേഷം പണവും ആഭരണവും കവര്‍ന്ന് കടന്നു കളഞ്ഞു. രണ്ടാം രാത്രി വീണ്ടുമെത്തിയപ്പോള്‍ കൃഷ്ണനും മകന്‍ അര്‍ജുനനും മരിച്ചിരുന്നില്ല. കത്തികൊണ്ട് വാരിയെല്ലുകള്‍ കുത്തികീറി ചാണക കുഴിയില്‍ ഒന്നിന് മീതെ ഒന്നായി ഇട്ടു മൂടി. കുഴിമൂടുമ്പോഴും അര്‍ജുനന് ജീവനുണ്ടായിരുന്നതായി പ്രതികള്‍ പറഞ്ഞിട്ടുണ്ട്. മന്ത്രവാദികള്‍ തമ്മിലുള്ള ശത്രുതയാണ് ഇവിടെ കൊലകത്തിയുയര്‍ത്തിയത്. കൂട്ടക്കൊല നടത്തി കൃഷ്ണന്റെ കയ്യിലുള്ള മാന്ത്രിക ഏലസ്സ് കൈക്കലാക്കിയാണ് പ്രതികള്‍ കടന്നത്. പോലീസ് പിടിയ്ക്കാതിരിക്കാന്‍ കോഴിയെ അറുത്ത് പൂജ നടത്തുകയും ചെയ്തു.
ദുരാഗ്രഹവും അന്തവിശ്വസവും , സെക്‌സും കൂടി കലരുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ നിഷ്‌കരുണം വെട്ടിയരിയുന്നു. കണ്ണുകളും, മുലകളും ചൂഴ്‌ന്നെടുക്കുന്നു. ജീവനോട് കുഴിച്ചുമൂടുന്നു. ജീവനോടെ കത്തിക്കുന്നു. എല്ലാം ദൈവപ്രീതിയ്ക്കാണെന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു. ഇത്തരം മനോവൈകൃതങ്ങള്‍ക്കുടമയായ ദുര്‍മന്ത്രവാദികളെയും സിദ്ധന്‍മാരെയും വാഴിക്കണോ വീഴ്ത്തണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.
https://www.facebook.com/Malayalivartha
























