ഇത് മധുരപ്രതികാരം; ജപ്തി നോട്ടീസിനു പകരം 70 ലക്ഷം അടിച്ച ലോട്ടറി ടിക്കറ്റ് കൈമാറി പൂക്കുഞ്ഞും ഭാര്യയും

കടക്കെണിയിലായ മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനെ ലോട്ടറിയുടെ രൂപത്തിലാണ് ഭാഗ്യദേവത തേടിയെത്തിയത്. ബുധനാഴ്ചയാണ് കേരള ഭാഗ്യക്കുറി അക്ഷയയുടെ 70 ലക്ഷം രൂപ അടിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒരു മണിക്കാണ് യുവാവ് ലോട്ടറി എടുത്തത്. രണ്ടുമണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു.മൂന്നരയോടെ ലോട്ടറി ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്.പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകൾക്കിടയിൽ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയമാണ്.
സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ജപ്തി നോട്ടീസ് കൊടുത്ത അതേ ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി. ഒൻപതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ഒടുക്കാനുള്ളത്. കൂടാതെ മറ്റ് കടങ്ങളുമുണ്ട്. ഇതെല്ലാം തീർത്ത് ചെറിയ ബിസിനസുമായി ജീവിതം മുന്നോട്ടുനീക്കാനാണ് ആഗ്രഹം. തുക ലഭിക്കുന്നതനുസരിച്ച് കാര്യങ്ങൾ നീക്കുമെന്ന് മുംതാസും പറഞ്ഞു.
ബൈക്കിൽ സഞ്ചരിച്ച് മീൻ വിറ്റാണ് പൂക്കുഞ്ഞ് ഉപജീവനം നടത്തിയിരുന്നത്. വീടുവയ്‌ക്കുന്നതിനായി ബാങ്കിൽ നിന്ന് ഏട്ടു വർഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒൻപതു ലക്ഷത്തിലെത്തിയിരുന്നു.നോട്ടീസ് കൈയിൽ കിട്ടി എന്തു ചെയ്യണമെന്നറിയാതെ കിടക്കുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്. ഇസഡ് 907042 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജീവിതം മാറിമറിഞ്ഞ ദിവസത്തെക്കുറിച്ച് പൂക്കുഞ്ഞ് പറയുന്നു.
https://www.facebook.com/Malayalivartha
























