'പലരും കരുതുന്നത് പോലീസ് കെട്ടിച്ചമച്ച കള്ളപ്പരാതിയിലുള്ള പോലെ 'കയറ്റം' സിനിമയുടെ സെറ്റിൽ വെച്ച് ഞാൻ മഞ്ജു വാര്യരോട് എന്തോ അപമര്യാദയായി പെരുമാറിയിട്ടുണ്ടാകും എന്നും അതുകൊണ്ടാവും അവർ സിനിമയുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്നത് എന്നുമാണ്. എന്നാൽ അതു വാസ്തവമല്ല...' സംവിധയകാൻ സനൽകുമാർ ശശിധരൻ കുറിക്കുന്നു

എന്റെ നിരപരാധിത്വത്തെയും 'കയറ്റം' എന്ന സിനിമയെ തുടർന്ന് എനിക്കു നേരിടേണ്ടി വന്നിട്ടുള്ള ദുരൂഹമായ ചതി അനുഭവങ്ങളെയും കുറിച്ചു ഞാനെഴുതുമ്പോൾ പലർക്കും അതു വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന് വ്യക്തമാക്കി സംവിധായകൻ സനൽകുമാർ ശശിധരൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്റെ നിരപരാധിത്വത്തെയും 'കയറ്റം' എന്ന സിനിമയെ തുടർന്ന് എനിക്കു നേരിടേണ്ടി വന്നിട്ടുള്ള ദുരൂഹമായ ചതി അനുഭവങ്ങളെയും കുറിച്ചു ഞാനെഴുതുമ്പോൾ പലർക്കും അതു വിശ്വസിക്കാൻ സാധിക്കുന്നില്ല. പലരും കരുതുന്നത് പോലീസ് കെട്ടിച്ചമച്ച കള്ളപ്പരാതിയിലുള്ള പോലെ 'കയറ്റം' സിനിമയുടെ സെറ്റിൽ വെച്ച് ഞാൻ മഞ്ജു വാര്യരോട് എന്തോ അപമര്യാദയായി പെരുമാറിയിട്ടുണ്ടാകും എന്നും അതുകൊണ്ടാവും അവർ സിനിമയുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്നത് എന്നുമാണ്. എന്നാൽ അതു വാസ്തവമല്ല.
കയറ്റം സിനിമയുടെ ഷൂട്ടിനിടയിലോ പിന്നീട് എപ്പോഴെങ്കിലുമോ ഞാനും അവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ആകെ പറയാവുന്നത് തിരക്കഥയിലെ ഒരു സീൻ അവർ അഭിനയിക്കാൻ വിസമ്മതിച്ചത് മാത്രമാണ്. അതു ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമായതുമില്ല. പുറത്തറിയുന്ന പോലെ കയറ്റം ഒറ്റ ഷെഡ്യൂളിൽ തീർന്ന ചിത്രമല്ല. അപ്രതീക്ഷിതമായി പെയ്ത മഞ്ഞ് ഷൂട്ടിംഗ് മുടക്കിയതിനാൽ ഹിമാലയത്തിൽ നിന്നും ഞങ്ങൾക്ക് തിരികെ പോരേണ്ടി വന്നു. ബാക്കി വന്ന മൂന്നാല് സീനുകൾ ചിത്രീകരിക്കാൻ വീണ്ടും ഹിമാലയത്തിലേക്ക് പോകാമെന്ന് മഞ്ജു വാര്യർ തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടും അവർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അതു വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ ആ ഭാഗങ്ങൾ ഷൂട്ട് ചെയ്തത് വാഗമണ്ണിലെ ഒരു കുന്നിൻ മുകളിൽ സെറ്റ് ഇട്ടായിരുന്നു.
(സിനിമയിൽ അതു തിരിച്ചറിയാൻ കഴിയില്ല.) എന്തുകൊണ്ട് കയറ്റം പുറത്തിറങ്ങുന്നില്ല? എന്തുകൊണ്ട് മഞ്ജു വാര്യർ അതേക്കുറിച്ച് പ്രതികരിക്കുന്നില്ല? എന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ പലരും മറു ചോദ്യം ചോദിക്കുന്നത് സിനിമ പുറത്തിറങ്ങിയില്ലെങ്കിൽ അതു നിർമാതാവിന്റെ സാമ്പത്തിക താല്പര്യങ്ങളെ ബാധിക്കില്ലേ എന്നാണ്. സിനിമ പുറത്തിറക്കാതിരിക്കാൻ നിർമാതാവിന് പണം നൽകാൻ മറ്റേതെങ്കിലും സ്ഥാപിത താല്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. എന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമമുണ്ട് എന്ന് ഞാൻ പറയുമ്പോൾ അതിന്റെ പിന്നിൽ ആവശ്യമുള്ള വലിയ സാമ്പത്തികത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ആരാണ്, എന്തിനാണ് അതു ചെയ്യുന്നത് എന്നും ആരും ചിന്തിക്കുന്നില്ല. എന്നെ കള്ളക്കേസിൽ കുടുക്കി പിടിച്ചുകൊണ്ടു പോയി ഇല്ലാതാക്കാൻ മൂന്ന് പോലീസുകാരും രണ്ട് ഗുണ്ടകളും എറണാകുളത്ത് നിന്നും ഒരു ഇന്നോവ കാറിൽ പാറശാല വന്നത് ആരുടെ ചെലവിലാണ്?
എനിക്കെതിരെ നൽകിയത് എന്ന് പറയുന്ന പരാതിയിൽ ഒരു ജൂറിസ്‌ഡിക്ഷനും ഇല്ലാത്ത എളമക്കര പോലീസ് സ്റ്റേഷനിൽ നിന്നും മൂന്ന് പോലീസുകാർ എന്നെ അറസ്റ്റ് ചെയ്യുന്നതിന് തലേ ദിവസം തന്നെ തിരുവനന്തപുരത്ത് ഒരു മുന്തിയ ഹോട്ടലിൽ റൂം എടുത്ത് താമസിച്ചിരുന്നു. ആരാണ് അതിന്റെ ചെലവുകൾ വഹിച്ചത്? നിയമത്തിന്റെ എല്ലാ നിബന്ധനകളെയും കാറ്റിൽ പറത്തിക്കൊണ്ട് ഒരു ബെയിലബിൾ കേസിൽ, പിടികിട്ടാപ്പുള്ളിയെ പോലെ എന്നെ ഒളിച്ചിരുന്ന് വേട്ടയാടാൻ പണം ചെലവാക്കിയത് പോലീസ് ഡിപ്പാർട്ട്മെന്റാണോ? പോലീസ് ഡിപ്പാർട്ട് മെൻറിന്റെ അറിവോടെയാണോ എന്നെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോൾ വിളിച്ച് അജ്ഞാതർക്ക് പോലീസ് ഉദ്യോഗസ്ഥർ അയച്ചു കൊടുത്തത്?
ആ വിഷ്വലുകൾ എന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിച്ചത് പോലീസ് ഡിപ്പാർട്ട്മെന്റ് അറിഞ്ഞിട്ടാണോ? ആർക്കുവേണ്ടി? എന്റെ ഫോണുകൾ പോലീസ് പിടിച്ചെടുത്ത ശേഷവും ഇപ്പോഴും നിരന്തരം നുഴഞ്ഞുകയറ്റത്തിന് വിധേയമാകുന്ന എന്റെ സോഷ്യൽ മീഡിയ ഹാക്ക് ചെയ്യാൻ ആരാണ് പണം മുടക്കുന്നത്? എവിടെ നിന്നാണ് അതു ചെയ്യുന്നത്? വസ്തുതകൾ ഞാനെഴുതുമ്പോൾ അതിനടിയിൽ വന്ന് അപഹാസ്യ കമെന്റുകൾ എഴുതുന്ന വ്യാജ പ്രൊഫൈലുകൾക്ക് പിന്നിലെ യഥാർത്ഥ മുഖങ്ങൾ ആരാണ്? വളരെ എളുപ്പത്തിൽ അന്വേഷിച്ച് കണ്ടുപിടിക്കാൻ കഴിയുന്ന കാര്യങ്ങളാണെങ്കിലും ആരും അന്വേഷിക്കില്ല. ഞാൻ കള്ളം പറയുന്നു എന്ന് വിശ്വസിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം. #ManjuWarrier #SanalKumarSasidharan
https://www.facebook.com/Malayalivartha
























