ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന

സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ വിഭാഗം നടത്തിവരുന്ന സംയുക്ത ഫീൽഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ജൂൺ 4 മുതൽ ജൂൺ 10 വരെയുള്ള ഒരാഴ്ചത്തെ കാലയളവിൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി 10,700-ലധികം നിയമലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം അറസ്റ്റിലായവരിൽ 5,900 പേർ താമസനിയമം (ഇഖാമ) ലംഘിച്ചവരും, 3,084 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും, 1,742 പേർ തൊഴിൽ നിയമലംഘകരുമാണ്. ഇതിനുപുറമേ, അതിർത്തി കടന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,418 പേരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. രാജ്യത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 43 ശതമാനം പേർ യെമനികളുമാണ്. ശേഷിക്കുന്നവർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം, സൗദിയിൽ നിന്ന് നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് പോകാൻ ശ്രമിച്ച 34 പേരും ഇതേ കാലയളവിൽ പിടിയിലായിട്ടുണ്ട്.
നിലവിൽ 1,500 വനിതകൾ ഉൾപ്പെടെ ഏകദേശം 22,000 വിദേശി നിയമലംഘകർ രാജ്യത്ത് വിവിധ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. നിയമപരമായ തുടർനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, ആവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 14,200 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. യാത്രാ ടിക്കറ്റ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാൻ 1,240 പേരെ കൈമാറിയതായും, ചട്ടങ്ങൾ ലംഘിച്ച 8,000 പേരെ ഇതിനകം തന്നെ രാജ്യത്തുനിന്നും നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ, അവർക്ക് ആവശ്യമായ താമസസൗകര്യം, ഗതാഗതം എന്നിവ നൽകുകയോ, ഏതെങ്കിലും രീതിയിൽ സഹായം എത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്.
അതേസമയം, രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കുക, താമസം നൽകുക, തൊഴിൽ നൽകുക തുടങ്ങിയ രീതിയിൽ നിയമലംഘനങ്ങൾക്ക് സഹായം ചെയ്തതായി ആരോപിച്ച് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടിയേറ്റ, തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ 22,000ലധികം പ്രവാസികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
തൊഴിൽ വിപണി ക്രമീകരിക്കുകയും താമസനിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനാ നടപടികൾ എന്ന് അധികൃതർ അറിയിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് സഹായം നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ (ഏകദേശം 2.66 ലക്ഷം ഡോളർ) വരെ പിഴയും ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
https://www.facebook.com/Malayalivartha
























