ഇനിയാണ് യഥാര്‍ത്ഥ കളി... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍; ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയും; ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്

ഗവര്‍ണര്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതി രൂക്ഷ വിമര്‍ശനമാണ് കാനം ഉന്നയിച്ചത്. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും അങ്ങനെ തന്നെ ചിന്തിക്കട്ടെന്നുമായിരുന്നു കാനത്തിന്റെ പരിഹാസം.
ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണറിന്മേലുള്ള പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു. സിപിഎമ്മിലും സിപിഐയിലും ഒഴിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 പാര്‍ട്ടികളില്‍ മാറി മാറി കയറിയിറങ്ങി. ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു.
ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ മന്ത്രി ബാലഗോപാലിന് പുറത്താക്കട്ടെ, അന്നേരം നോക്കാമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അധികാരങ്ങളെ കുറിച്ച് ഗവര്‍ണര്‍ക്ക് ധാരണയില്ല. ഗവര്‍ണര്‍ക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയതായിരിക്കണം എന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യേണ്ടത്. ഗവര്‍ണര്‍ ജനാധിപത്യത്തെയല്ല ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്.
മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കത്തയയ്ക്കാനുള്ള പോസ്റ്റ് ഓഫീസ് ഉള്ളപ്പോ ആര്‍ക്കും കത്തയയ്ക്കാമല്ലോ എന്നായിരുന്നു പരിഹാസം. ഇത്തരം നീക്കങ്ങളൊന്നും വല്യ പ്രശ്‌നവും പ്രതിസന്ധിയുമായി കാണുന്നില്ലെന്നും ഞങ്ങളെ സംബന്ധിച്ച് ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. വിസി മാരുടെ കാര്യത്തില്‍ രാജിവെക്കാന്‍ ഗവര്‍ണര്‍ ഒരു സമയം നിശ്ചയിച്ചു. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. പക്ഷേ ആരെങ്കിലും രാജിവെച്ചോ. എന്തെങ്കിലും സംഭവിച്ചോ.
ഒരു പക്ഷിപോലും പറന്നില്ല, ചിലച്ചില്ല. കോടതി പറഞ്ഞതും ഗവര്‍ണ്ണര്‍ അങ്ങനെ പറഞ്ഞത് തെറ്റാണ് എന്നാണ്. നിയമപ്രകാരമേ ആരെയും മാറ്റാന്‍ കഴിയൂ. നിയമപ്രകാരം മാറ്റണമെങ്കില്‍ യൂണിവേഴ്‌സിറ്റി നിയമങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചേ ചെയ്യാനാകൂ. അതെന്താണെന്ന് വായിച്ച് നോക്കിയാല്‍ മനസ്സിലാകും. പ്രതിപക്ഷം ഭിന്നതയിലാണ്. അവരുടെ താത്പര്യങ്ങള്‍ വ്യത്യസ്തമായത് കൊണ്ടാണ് ഇത്തരമൊരു ഭിന്നതയുണ്ടായതെന്നും കാനം പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ഫയലില്‍ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോവില്ല. ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സര്‍വ്വകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
ഗവര്‍ണറുടെത് സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി. വിസിമാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് ഇടത് മുന്നണിയുടേയും തീരുമാനം. സര്‍വകലാശാല നിയമനങ്ങളില്‍ എതിര്‍ സ്വരമുയര്‍ത്തി ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ 11 സര്‍വകലാശാലകളിലെയും വിസിമാരോട് രാജിയാവശ്യപ്പെട്ടു. കോടതി നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞെങ്കിലും ഇനിയെന്തെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്.
എന്നാല്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിക്കുന്നത്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോരെന്നും. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകള്‍ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























