വീട്ടിൽ എത്തിയപ്പോൾ പെൺസുഹൃത്ത് കുടിക്കാൻ നൽകിയത് കഷായവും ഫ്രൂട്ടിയും; ഇത് കുടിച്ചതു മുതൽ യുവാവിന് ദേഹാസ്വസ്ഥത ഉണ്ടായി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷാരോൺ മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പാറശ്ശാലയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. മുര്യങ്കര സ്വദേശി ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ നിലവിൽ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് ഷാരോൺ രാജ്. ഇതിനിടെ കാരക്കോണം സ്വദേശിനിയുമായി ഷാരോൺ രാജ് അടുപ്പത്തിലായിരുന്നു. എന്നാൽ പെൺകുട്ടിക്ക് വീട്ടുകാർ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാവുകയായിരുന്നു.
കൂടാതെ റെക്കോർഡ് ബുക്കുകൾ ഉൾപ്പെടെ ഈ പെൺകുട്ടി എഴുതി ഷാരോൺ രാജിനെ സഹായിക്കുക പതിവായിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം ഷാരോൺ സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ റെക്കോർഡ് ബുക്കുകൾ തിരികെ വാങ്ങാൻ എത്തിയിരുന്നു. ഇതിനിടെ കഷായം പോലെയൊരു ദ്രാവകവും, ഫ്രൂട്ടിയും പെൺകുട്ടി ഇവര്‍ക്ക് കുടിക്കാൻ നൽകിയിരുന്നു.
ഇത് കുടിച്ചതു മുതൽ ഷാരോണിന് ദേഹാസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് പാറശാല ജനറൽ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയതായും ബന്ധുക്കള്‍ വ്യക്തമാക്കി. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയാണ് ചെയ്തത്.
അതേസമയം തന്റെ മകന് പെൺകുട്ടിവിഷം നൽകിയത് ആണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ അച്ഛൻ ജയരാജ് പാറശാല പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാറശാല പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























