എല്ലാം ചൂണ്ടി കാട്ടി, നിർവികാരതയോടെ ഗ്രീഷ്മ: അവശേഷിപ്പിച്ച തെളിവ് പോലീസ് പൊക്കി!!!

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ കന്യാകുമാരി രാമവർമൻചിറ പുപ്പള്ളികോണം ശ്രീനിലയം വീട്ടിൽ നിന്ന് നിർണായകമായ തെളിവുകൾ പോലീസ് കണ്ടെത്തി. ഇന്നത്തെ തെളിവെടുപ്പിൽ ഗ്രീഷ്മ കഷായം ഉണ്ടാക്കിയ പാത്രവും, വിഷത്തിന്റെ ബാക്കിയും പൊലീസ് കണ്ടെടുത്തു. വീട്ടിനുള്ളിൽ വച്ച് ഗ്രീഷ്മയാണ് ഈ തെളിവുകൾ പൊലീസിന് ചൂണ്ടിക്കാട്ടിയത്. ഷാരോണിന് വിഷം ചേർത്ത കഷായം നൽകിയതായും കുറ്റസമ്മതം നടത്തി. ഇതിന് മുമ്പ് കഷായക്കുപ്പി ഉപേക്ഷിച്ച കുളവും, കഷായത്തിന്റെ കുപ്പിയും ഗ്രീഷ്മയുടെ അമ്മാവൻ പോലീസിന് തെളിവെടുപ്പിൽ കാട്ടി കൊടുത്തിരുന്നു.
കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയുമാണ് ഇന്ന് കണ്ടെടുത്തത്. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. ഇന്ന് രാവിലെ പത്തരയോടെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ വീടിനും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. കേരള പൊലീസിനൊപ്പം തമിഴ്നാട് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഗ്രീഷ്മയുടെ അച്ഛനെ പൊലീസ് സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനായി ഗ്രീഷ്മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികൾ ഒന്നാകെ വീടിന് സമീപത്തായി തടിച്ചു കൂടിയിരുന്നു. ഗ്രീഷ്മയുടെ ക്രൂരത അറിഞ്ഞതിന് പിന്നാലെ യുവതിയുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. അതിനാൽ ഇന്ന് പ്രതിക്കെതിരെ നാട്ടുകാർ കയ്യേറ്റ ശ്രമം നടത്തിയേക്കും എന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ശക്തമായ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയത്.
പൊലീസ് നേരത്തെ സീൽചെയ്ത വീട്ടിലെ മുൻവാതിലിലൂടെ കഴിഞ്ഞ ദിവസം ഒരാൾ അകത്ത് കയറിയിരുന്നു.അതുകൊണ്ട് കയ്യടയാളം ഉൾപ്പടെയുള്ള തെളിവുകൾ നശിക്കാതിരിക്കാൻ ഗ്രീഷ്മയുമായി പോലീസ് തെളിവെടുപ്പിന് വീടിന്റെ പിൻഭാഗത്ത് കൂടെയാണ് പ്രവേശിച്ചത്. ആദ്യം മുതൽ തന്നെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാനും മറ്റും ഗ്രീഷ്മയുടെ ഭാഗത്തു നിന്നും നീക്കമുണ്ടായിരുന്നു. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് വീട്ടിലെ സീൽപൊളിച്ച് ആളു കയറിയത്.
പ്രഥമ ദൃഷ്ട്യാ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും സീലു പൊളിച്ച സാഹചര്യത്തിൽ അകത്തെ തെളിവുകളിൽ കൃത്രിമം ഉണ്ടായി എന്ന് പ്രതിഭാഗത്തിന് വാദിക്കാം. ക്രൈം നടന്ന സ്ഥലം സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന് പ്രതിഭാഗത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. അല്ലാത്ത പക്ഷം വീട്ടിൽ കയറിയെ കള്ളനെ കണ്ടെത്തണം. ഇതു ചെയ്യേണ്ടത് പളുകൽ പൊലീസാണ്. തമിഴ്‌നാട്ടിലാണ് മോഷണം നടന്നതെന്നതാണ് ഇതിന് കാരണം.
അങ്ങനെ കള്ളനെ പിടിച്ചില്ലെങ്കിൽ ഗ്രീഷ്മയ്ക്ക് കോടതിയിൽ അതിശക്തമായ വാദങ്ങൾ ഉയർത്താൻ കഴിയും. ഗ്രീഷ്മയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം മധുരയിൽ പ്രാക്ടീസ് ചെയ്യുന്ന രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകനാണെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പൊലീസ് സ്‌റ്റേഷനിൽ വച്ച് ഗ്രീഷ്മ ലൈസോൾ കുടിച്ചതും രാമവർമ്മൻചിറയിലെ വീട് കുത്തി തുറന്നതുമെല്ലാം ഈ അഭിഭാഷക ബുദ്ധിയാണെന്നാണ് പൊലീസ് സംശയം. പളുകൽ പൊലീസാണ് വീട്ടിനുള്ളിൽ കയറിയവരെ കണ്ടത്തേണ്ടത്. വീടിനുള്ളിൽ ആളു കയറിയതോടെ കേസ് അന്വേഷണത്തിലെ അട്ടിമറി പുതിയ തലത്തിലെത്തി. ഇനി ഈ വീട്ടിൽ നിന്ന് എന്തെങ്കിലും തെളിവ് കിട്ടിയാലും അത് മറ്റാരോ കൊണ്ടു വച്ചതാണെന്ന വാദം പ്രതിഭാഗത്തിന് ഉയർത്താനാകും.
അതേ സമയം ഷാരോണിനെ പല തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിരുന്നു. ഷാരോണിനെ ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസിൽ കലർത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വീഡിയോയിൽ മൊഴിയെടുക്കൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നൽകിയിരുന്നതായി ഷാരോണിന്റെ കുടുംബം നേരത്തേ ആരോപണമുന്നയിച്ചിരുന്നു.
ഇരുവരും പുറത്തുപോകുന്ന സമയത്തെല്ലാം ഗ്രീഷ്മ ജ്യൂസ് നൽകിയിരുന്നതായാണ് കുടുംബം ആരോപിച്ചിരുന്നത്. ഗ്രീഷ്മയ്ക്കൊപ്പം പുറത്തുപോയി ജ്യൂസ് കുടിച്ച ദിവസങ്ങളിൽ ഷാരോണിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് മുതൽ തമ്മിൽ കാണുമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ശീതളപാനീയം നൽകാറുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള ജ്യൂസ് ഗ്രീഷ്മ തന്നെ കൈയിൽ കരുതും. ഇതിൽ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നൽകാറുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷാരോണിന്റെ മരണത്തിൽ ജ്യൂസിനും കഷായത്തിനും പങ്കുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും സംശയിച്ചിരുന്നത്.
https://www.facebook.com/Malayalivartha





















