കെഎസ്ആര്‍ടിസി ബസിനെ 'താമരാക്ഷൻ പിളള'യാക്കി: തിരിച്ച് വിളിച്ച് മോട്ടോർ വാഹന വകുപ്പ്

നിയമം ലംഘിച്ച് വിവാഹ ട്രിപ്പ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തിരിച്ച് വിളിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം നെല്ലിക്കുഴിയിലാണ് സംഭവം.യാത്ര പൂർത്തിയാക്കാതെ ബസ് കോതമംഗലം ഡിപ്പോയിലേയ്ക്ക് തിരിച്ചെത്തിച്ചു. നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികൾ വീശി ആഘോഷത്തിമിർപ്പിലായിരുന്നു ബസിന്റെ യാത്ര. ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
തുടർന്നായിരുന്നു നടപടി. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി 'താമരാക്ഷൻ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷൻ പിളള' എന്ന് എഴുതിയത്.
കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















