സിനിമ-നാടക നടിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണി അന്തരിച്ചു...ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

സിനിമ-നാടക നടിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണി അന്തരിച്ചു...ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
48 വര്‍ഷമായി കൊല്ലത്ത് വിവിധ വാടകവീടുകളിലായിട്ടാണ് താമസം. കൊച്ചിന്‍ തോപ്പിന്‍പടി കൂട്ടുങ്കല്‍ വീട്ടില്‍ പരേതരായ അഗസ്റ്റിന്‍ ബെര്‍ണാഡിന്റെയും മറിയക്കുട്ടിയുടെയും മകളായ കൊച്ചിന്‍ അമ്മിണി 12-ാംവയസ്സിലാണ് നടകവേദിയിലെത്തുന്നത്.
നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു. പി.ജെ.ആന്റണിയുടെ ട്രൂപ്പില്‍ നടിയായും ഗായികയായും തിളങ്ങിയപ്പോഴാണ് കെ.പി.എ.സി.യിലേക്ക് വരുന്നത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല് എന്നീ നാടകങ്ങളില്‍ പാടി അഭിനയിച്ചു.
കമ്യൂണിസ്റ്റ് നാടകത്തിലഭിനയിച്ചത് മതപരമായ എതിര്‍പ്പുകള്‍ ശക്തമാക്കിയതോടെ കെ.പി.എ.സി. വിട്ട് ചങ്ങനാശ്ശേരി ഗീഥയില്‍ ചേര്‍ന്നു. 1961-ല്‍ മലയാളത്തിലെ ആദ്യ കളര്‍ചിത്രം കണ്ടംബെച്ച കോട്ടിലൂടെ സിനിമയിലെത്തി. 1951-ല്‍ പുറത്തിറങ്ങിയ ജീവിതനൗകയിലൂടെയാണ് ഡബ്ബിങ് കലാകാരിയാകുന്നത്.
13 വര്‍ഷം ശാരദ, കുശലകുമാരി, രാജശ്രീ, വിജയനിര്‍മല, ഉഷാകുമാരി, കെ.ആര്‍.വിജയ, ദേവിക, വിജയശ്രീ, പൂര്‍ണിമ ജയറാം തുടങ്ങിയവര്‍ക്കായി ഡബ്ബ് ചെയ്തു. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 1967-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ രണ്ടു ഗാനങ്ങള്‍ പാടി. അഗ്‌നിപുത്രി എന്ന നാടകത്തില്‍ വയലാര്‍ എഴുതി അമ്മിണി പാടിയ 'കണ്ണുതുറക്കാത്ത ദൈവങ്ങളേ...' എന്നഗാനം ഹിറ്റായി.
സീരിയലുകളിലും അഭിനയിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, തിക്കുറിശ്ശി സ്മാരക പുരസ്‌കാരം, ഒ.മാധവന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു.
തോക്കുകള്‍ കഥ പറയുന്നു, അടിമകള്‍, ഭാര്യമാര്‍ സൂക്ഷിക്കുക, വാഴ്വേമായം, അഞ്ച് സുന്ദരികള്‍, കണ്ണൂര്‍ ഡീലക്‌സ്, സരസ്വതി, ജനനി ജന്മഭൂമി, ശാപശില, ഡോക്ടര്‍ ലൂസി, ഉണ്ണിയാര്‍ച്ച, ഇരുളും വെളിച്ചവും, ദി ഹണ്ടര്‍ തുടങ്ങിയവയാണ് കൊച്ചിന്‍ അമ്മിണി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha























