വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ ദൃശ്യം പകർത്തിയതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം ഈഞ്ചയ്ക്കൽ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വിദ്യാർഥിനി ഹോസ്റ്റലിലെ കുളിമുറിയിൽ കയറിയപ്പോൾ വെന്റിലേറ്ററിനു സമീപം ഫ്ലാഷിട്ട് മൊബൈൽ ഫോൺ ഇരിക്കുന്നതു കണ്ടു. വിദ്യാർഥിനി ബഹളം വച്ചതോടെ മൊബൈലുമായി ഒരാൾ ഓടി പോയി. ഇയാളെ പരാതിക്കാരി കണ്ടില്ല. തുടർന്ന് വിദ്യാർഥിനിയും സുഹൃത്തുക്കളും വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു. ഹോസ്റ്റലിലെയും അടുത്തുള്ള കടകളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ മൊബൈൽ ഫോൺ വച്ച ആളിന്റെ രൂപം പോലും പരാതിക്കാരി കാണാത്തത് പോലീസിനു വെല്ലുവിളിയാകും.
https://www.facebook.com/Malayalivartha























